സര്‍ഗാത്മകമായി ചിന്തിക്കുന്ന ചെറിയ ന്യൂനപക്ഷമാണ് മാറ്റത്തിനു കാരണക്കാര്‍- പി.എസ്. ശ്രീധരന്‍ പിള്ള

Deepthi Vipin lal

സര്‍ഗാത്മകമായി ചിന്തിക്കുന്ന ചെറിയൊരു ന്യൂനപക്ഷമാണ് സമൂഹത്തില്‍ മാറ്റം കൊണ്ടുവരുന്നതെന്ന് മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു.

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ചൊവ്വാഴ്ച വൈകിട്ട് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ കാലം മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ കാലമായിരുന്നു. സ്ഥാനങ്ങള്‍ വേണ്ടെന്നുവെച്ചവരായിരുന്നു അന്നത്തെ നേതാക്കള്‍. സമൂഹത്തിന് അങ്ങോട്ടു കൊടുക്കുന്നവരായിരുന്നു അവര്‍. ഇന്നത് മാറി. ഇങ്ങോട്ടു എടുക്കുന്നവരുടെ കാലമാണിത് – ശ്രീധരന്‍ പിള്ള പറഞ്ഞു.

വികസനമെത്താത്ത മിസോറാമിനെ മെയിന്‍ ലാന്‍ഡുമായി അടുപ്പിക്കാനുള്ള  ദൗത്യം  തുടരാനാണ് താന്‍ ശ്രമിക്കുന്നത്. അനുഭവങ്ങളില്‍ നിന്നു കിട്ടുന്ന അറിവാണ് ജനങ്ങളോട് ചേര്‍ന്നു നില്‍ക്കാന്‍ പ്രേരണയാകുന്നത്. ആഗ്രഹിച്ചു കിട്ടിയതല്ല തന്റെ ഗവര്‍ണര്‍ പദവി. പക്ഷേ, കിട്ടുന്ന അവസരം ഉപേക്ഷിക്കരുതെന്നാണ് തന്റെ അഭിപ്രായം. കേരളം വിട്ട് മറ്റൊരു സംസ്ഥാനത്ത് പുതിയൊരു ഉത്തരവാദിത്തം ഏല്‍പ്പിച്ചാല്‍ സ്വീകരിക്കുമോ എന്നു പ്രധാനമന്ത്രി വിളിച്ചു ചോദിച്ചപ്പോള്‍ ‘ അങ്ങയുടെ ഇഷ്ടം പോലെ ‘ എന്നാണ് താന്‍ മറുപടി പറഞ്ഞത്. ഭാര്യയോടും മക്കളോടും കാര്യം പറയുംമുമ്പേ മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കര നാരായണനോടാണ് താന്‍ ഉപദേശം തേടിയത്. താങ്കള്‍ പോകണം എന്നായിരുന്നു തന്റെ അടുത്ത സുഹൃത്തു കൂടിയായ ശങ്കരനാരായണന്റെ പ്രതികരണം – ശ്രീധരന്‍ പിള്ള പറഞ്ഞു. സഹകരണ മേഖലയില്‍ പുതിയ വഴികള്‍ വെട്ടിത്തുറന്ന സി.എന്‍. വിജയകൃഷ്ണന്റെ സ്ഥാപനങ്ങള്‍ വിപുലമായ തലങ്ങളിലേക്ക് ഇനിയും എത്തിച്ചേരട്ടെ എന്ന് ഗവര്‍ണര്‍ ആശംസിച്ചു.

ചെറിയവര്‍ വലുതാവില്ലെന്നോ വലിയവര്‍ ചെറുതാവില്ലെന്നോ പറയാനാവില്ലെന്ന് ചടങ്ങില്‍ ആശംസാപ്രസംഗം നടത്തിയ കെ. ശങ്കരനാരായണന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയാണ് ഗവര്‍ണറെ നയിക്കുന്നത്. ഇതൊരു ചെറിയ സ്ഥാനമല്ല. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും കഴിഞ്ഞാല്‍ പ്രോട്ടോക്കോളില്‍ നാലാം സ്ഥാനമാണ് ഗവര്‍ണര്‍ക്കുള്ളത്. എന്നാല്‍, വലിയ അധികാരമൊട്ടില്ലാതാനും. ഗവര്‍ണര്‍ അധികാരം പ്രയോഗിക്കുമ്പോള്‍ നന്നായി ആലോചിക്കണം. താന്‍ ചെയ്തത് ശരിയാണെന്ന് ജനങ്ങള്‍ക്കുകൂടി ബോധ്യപ്പെടണം- അദ്ദേഹം പറഞ്ഞു.

സ്വീകരണച്ചടങ്ങില്‍ കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ചെയര്‍മാന്‍ ജി. നാരായണന്‍കുട്ടി അധ്യക്ഷത വഹിച്ചു. എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ളയെയും ബാങ്ക് ഡയരക്ടര്‍ സി.ഇ. ചാക്കുണ്ണി കെ. ശങ്കരനാരായണനെയും പൊന്നാട അണിയിച്ചു. കാലിക്കറ്റ് സിറ്റി ബാങ്ക് ഡയരക്ടര്‍ അഡ്വ. കെ.പി. രാമചന്ദ്രന്‍, കൗണ്‍സിലര്‍ അഡ്വ. പി.എം. നിയാസ് എന്നിവര്‍ ആശംസ നേര്‍ന്നു. ബാങ്ക് ഡയരക്ടര്‍ പി. ദാമോദരന്‍ സ്വാഗതവും ജനറല്‍ മാനേജര്‍ സാജു ജെയിംസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.