പെന്‍ഷന്‍ബോര്‍ഡിന്റെ 1000 കോടിരൂപ ട്രഷറിയിലേക്ക് മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധം

moonamvazhi

സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സഹകരണ പെൻഷൻ ബോർഡിൽ നിന്ന് 1000 കോടി ട്രഷറിയിലേക്ക് മാറ്റാനുള്ള നീക്കത്തിൽ കടുത്ത എതിർപ്പ്. സഹകരണ ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകൾ ഈ നീക്കത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. പെൻഷൻ ബോർഡിൻ്റെ ഭരണസമിതി അംഗങ്ങളും ഇതിനോട് വിയോജിപ്പ് രേഖപ്പെടുത്തിയതിനാൽ പണം മാറ്റുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

1500 കോടിരൂപയാണ് പെൻഷൻ ബോർഡിന് നിക്ഷേപമായിട്ടുള്ളത്. ഇത് കേരളബാങ്കിലാണ് നിക്ഷേപിച്ചിട്ടുള്ളത്. കേരളബാങ്കിൽ നിന്ന് പണം കാണിക്കുമ്പോൾ രണ്ട് നഷ്ടമാണ് പെൻഷൻ ബോർഡിന് ഉണ്ടാകുന്നത്. ട്രഷറിയിലെ നിക്ഷേപത്തിന് ആദായനികുതി ഇളവ് ലഭിക്കില്ല. കാലാവധിക്ക് മുമ്പുള്ള നിക്ഷേപം കാണിക്കുമ്പോൾ കേരളബാങ്ക് പലിശയിനത്തിൽ കുറവ് വരുത്തും. നിലവിൽ പെൻഷൻ നൽകുന്നതിനുള്ള വരുമാനം ബോർഡിനില്ല. 250 കോടിയിലേറെ രൂപയുടെ കുറവുണ്ട്. നിലവിലുള്ള ജീവനക്കാരുടെ പെൻഷൻ വിഹിതം എടുത്തിട്ടാണ് വിരമിച്ചവർക്ക് പെൻഷൻ സാധ്യത. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ ട്രഷറിയിലെ നിക്ഷേപം സുരക്ഷിതമല്ലെന്നാണ് ബോർഡ് അംഗങ്ങളുടെ വാദം.

പെൻഷൻ ബോർഡിൻ്റെ ഫണ്ട് ട്രഷറിയിലേക്ക് മാറ്റാൻ ബോർഡ് തീരുമാനിച്ചിട്ടില്ലെന്ന് ആർ.തിലകൻ വ്യക്തമാക്കിയിട്ടുണ്ട്. ബോർഡ് തിരുമാനിക്കാതെ ഫണ്ട് ട്രഷറിയിലേക്ക് മാറ്റാനാകില്ല. അതേസമയം, ഫണ്ട് മാറ്റാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് ആരോപിച്ച് വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സഹകരണ ജീവനക്കാരുടെ പെൻഷൻ ഫണ്ട് കേരള ബാങ്കിൽ തന്നെ നിലനിർത്തണമെന്ന് കേരള കോ ഓപ്പറേറ്റീവ് വർക്കേഴ്‌സ് ഫെഡറേഷൻ കണ്ണൂർ ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

ആയിരം കോടിയുടെ നിക്ഷേപം ട്രഷറിയിലേക്ക് മാറ്റുന്നത് വഴി ബോർഡ് ഒരുവർഷം 300 കോടി രൂപ ആദായ നികുതിയും അടക്കേണ്ടിവരുമെന്ന് കേരള കോ ഓപ്പറേറ്റീവ് വർക്കേഴ്‌സ് ഫെഡറേഷൻ ചൂണ്ടിക്കാട്ടി. പെൻഷൻ ബോർഡിൻ്റെ നിത്യനിതാന ചെലവിനും പെൻഷൻ വിതരണം ചെയ്യുന്നതിനും ട്രഷറി നിയന്ത്രണം മൂലം ഫണ്ട് ലഭ്യമാകാതെ വരികയും ചെയ്താൽ പെൻഷൻ ബോർഡിൻ്റെ പ്രവർത്തനം പ്രശ്‌നത്തിലാകും. സഹകരണത്തിൻ്റെ ജീവനക്കാരുടെ പെൻഷൻ ഫണ്ട് തുക ട്രഷറിയിലേക്ക് മാറ്റാതെ കേരള ബാങ്കിൽ തന്നെ നിലനിർത്തണമെന്ന് സംസ്ഥാന പ്രസിഡണ്ട് കൃഷ്ണൻ കോട്ടുമലയും ജനറൽ സെക്രട്ടറി എൻ.സി.സുമോദും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.