SFB കള്‍ക്ക് യൂനിവേഴ്‌സല്‍ ബാങ്കാവാനുള്ള മാര്‍ഗരേഖ റിസര്‍വ് ബാങ്ക് പുതുക്കി

moonamvazhi
  • ഷെഡ്യൂള്‍ഡ് പദവിയും ആയിരം കോടി നെറ്റ്‌വര്‍ത്തും അഞ്ചു വര്‍ഷം പ്രവര്‍ത്തനമികവും വേണം

ഷെഡ്യൂള്‍ഡ് പദവിയും കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും മികച്ച പ്രവര്‍ത്തനറെക്കോഡും അവകാശപ്പെടാവുന്ന ചെറുകിട ധനകാര്യ ബാങ്കുകള്‍ക്കേ ( SFB ) സ്വമേധയാ യൂനിവേഴ്‌സല്‍ ബാങ്കായി മാറാന്‍ അനുമതി നല്‍കൂവെന്നു റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ആയിരം കോടി രൂപ നെറ്റ്‌വര്‍ത്തും ( ബാങ്കിന്റെ എല്ലാ ബാധ്യതകളും തീര്‍ത്തു ബാക്കിവരുന്ന തുക ) നിശ്ചിത മൂലധനപര്യാപ്തതയും പരിവര്‍ത്തനഘട്ടത്തില്‍ ഈ ചെറുകിട ബാങ്കുകള്‍ക്കുണ്ടായിരിക്കണം. യൂനിവേഴ്‌സല്‍ ബാങ്കായി മാറാനാഗ്രഹിക്കുന്ന ചെറുകിട ധനകാര്യ ബാങ്കുകള്‍ക്കായി ഏപ്രില്‍ 26 നു പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണു റിസര്‍വ് ബാങ്ക് ഇക്കാര്യം പറയുന്നത്.

യൂനിവേഴ്‌സല്‍ ബാങ്കായി പരിവര്‍ത്തനം ചെയ്യാനാഗ്രഹിക്കുന്ന ചെറുകിട ധനകാര്യ ബാങ്കിന്റെ ഓഹരികള്‍ ഒരു അംഗീകൃത സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കണം എന്നതാണു റിസര്‍വ് ബാങ്ക് മുന്നോട്ടു വെക്കുന്ന മറ്റൊരു നിബന്ധന. അഞ്ചു വര്‍ഷം മികച്ച പ്രവര്‍ത്തനം നടത്തിയാല്‍ മാത്രംപോരാ. ഇതില്‍ രണ്ടു സാമ്പത്തികവര്‍ഷമെങ്കിലും മൊത്ത നിഷ്‌ക്രിയ ആസ്തി മൂന്നു ശതമാനത്തിലോ അതിനു താഴെയോ അറ്റ നിഷ്‌ക്രിയ ആസ്തി ഒരു ശതമാനത്തിലോ അതിനു താഴെയോ ആയിരിക്കുകയും വേണം. സ്വകാര്യമേഖലയിലെ ചെറുകിട ധനകാര്യ ബാങ്കുകള്‍ക്കു ഓണ്‍-ടാപ് ലൈസന്‍സിങ്ങിനു 2019 ഡിസംബര്‍ അഞ്ചിനു റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച മാര്‍ഗരേഖകളില്‍നിന്നു വ്യത്യസ്തമാണു പുതിയ നിബന്ധനകള്‍.

യൂനിവേഴ്‌സല്‍ ബാങ്കായി മാറുമ്പോള്‍ ചെറുകിട ധനകാര്യ ബാങ്കുകള്‍ പുതിയ പ്രൊമോട്ടര്‍മാരെ നിയമിക്കാനോ നിലവിലുള്ള പ്രൊമോട്ടര്‍മാരെ മാറ്റാനോ പാടില്ല. വ്യത്യസ്തതരത്തിലുള്ള വായ്പകള്‍ കൈകാര്യം ചെയ്യുന്ന ബാങ്കുകള്‍ക്കു മുന്‍ഗണന നല്‍കും. 1949 ലെ ബാങ്കിങ് നിയന്ത്രണനിയമത്തിലെ സെക്ഷന്‍ 22 ( 1 ) നു കീഴില്‍ റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായ അധികാരമുപയോഗിച്ചാണ് ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതെന്ന്  സര്‍ക്കുലറില്‍ പറയുന്നു. ആവശ്യമായ രേഖകള്‍സഹിതം നിശ്ചിതഫോറത്തിലാണ് ( ഫോം III ) അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. വിലാസം: Department of Regulation, Reserve Bank of India, Central Office, 12th floor, Central Office building, Shahid Bhagat Singh Road, Mumbai – 400001.

റീട്ടെയ്ല്‍, കമേഴ്‌സ്യല്‍, ഇന്‍വെസ്റ്റ്‌മെന്റ് സര്‍വീസുകളുള്‍പ്പെടെ സമഗ്രമായ സാമ്പത്തികസേവനങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്ന ബാങ്കുകളെയാണു യൂനിവേഴ്‌സല്‍ ബാങ്കുകള്‍ എന്നു വിളിക്കുന്നത്. ആദ്യമായി 2015 ലാണു റിസര്‍വ് ബാങ്ക് പത്തു ചെറുകിട ധനകാര്യ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കിയത്. ഇവ 2016-17 ല്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. 2023 ജൂണ്‍ അവസാനം രാജ്യത്താകെ ഇത്തരത്തിലുള്ള പന്ത്രണ്ട് ബാങ്കുകളാണുണ്ടായിരുന്നത്. ഇവയ്‌ക്കെല്ലാംകൂടി 6589 ശാഖകളുണ്ട്. AU SFB യും ഫിന്‍കെയറും ലയിച്ചതോടെ ഇപ്പോള്‍ പതിനൊന്നു SFB കളേയുള്ളു. 2023 ഡിസംബര്‍ 31 നു 12,167 കോടി രൂപ നെറ്റ്‌വര്‍ത്തും 80,120 കോടി രൂപ നിക്ഷേപവും 67,624 കോടി രൂപ അഡ്വാന്‍സുമുള്ള AU SFB യാണു നിലവില്‍ ഏറ്റവും വലിയ SFB. 1996 ല്‍ രാജസ്ഥാനിലെ ജയ്പൂര്‍ ആസ്ഥാനമായി രൂപംകൊണ്ട AU SFB ക്ക് 43,500 ജീവനക്കാരുണ്ട്. വാഹനവായ്പാക്കമ്പനിയും ബാങ്കിങ്ങിതര ധനകാര്യസ്ഥാപനവുമായി തുടക്കമിട്ട AU ഫിനാന്‍സിയേഴ്‌സ് ( ഇന്ത്യ ) ലിമിറ്റഡ് 2017 ലാണു പൂര്‍ണതോതിലുള്ള SFBയായി മാറിയത്.

സ്വകാര്യമേഖലയില്‍ SFB ആരംഭിക്കാനുള്ള രണ്ടു സ്ഥാപനങ്ങളുടെ അപേക്ഷ ഈ മാസം പന്ത്രണ്ടിനു റിസര്‍വ് ബാങ്ക് തള്ളിയിരുന്നു. ദ്വാര ക്ഷേത്രീയ ഗ്രാമീണ്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, ടാലി സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ 2021 ല്‍ നല്‍കിയ അപേക്ഷകളാണു റിസര്‍വ് ബാങ്ക് നിരാകരിച്ചത്. SFBയാവാന്‍ റിസര്‍വ് ബാങ്കിനു കിട്ടിയ പതിമൂന്ന് അപേക്ഷകളില്‍ പതിനൊന്നും നിരാകരിച്ചിരിക്കുകയാണ്. രണ്ട് അപേക്ഷകള്‍ മാത്രമാണ് ഇപ്പോള്‍ റിസര്‍വ് ബാങ്കിന്റെ പരിഗണനയിലുള്ളത്.

Leave a Reply

Your email address will not be published.