കണ്‍സ്യൂമര്‍ഫെഡില്‍ പരിശോധന നടത്താനും ഓഡിറ്റ് പൂര്‍ത്തിയാക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം

Moonamvazhi

കണ്‍സ്യൂമര്‍ഫെഡില്‍ പരിശോധന നടത്തി സുതാര്യത ഉറപ്പാക്കാന്‍ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഓണത്തിന് സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ വിതരണം ചെയ്തതിലുള്ള പണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് നാലുകാര്യങ്ങള്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ആറുവര്‍ഷമായി കണ്‍സ്യൂമര്‍ഫെഡില്‍ ഓഡിറ്റ് നടക്കാത്തത് ഗൗരവമുള്ള കാര്യമാണെന്നും, ഇത് വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും സഹകരണ ഓഡിറ്റ് ഡയറക്ടറോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്

  •  ഓപ്പണ്‍ ടെണ്ടര്‍ നടത്തുന്ന അവസരത്തില്‍ രണ്ട് പ്രാദേശിക പത്രങ്ങള്‍ക്ക് പുറമെ, ഒന്നോ രണ്ടോ ഇംഗ്ലീഷ് ദിനപത്രങ്ങളിലും പരസ്യം നല്‍കണം. ഉല്‍പന്നങ്ങളുടെ സപ്ലൈയുള്ള സ്ഥലങ്ങളില്‍ പ്രചാരത്തിലുള്ള പത്രങ്ങളിലാണ് നല്‍കേണ്ടത്.

 

  • സഹകരണ സംഘങ്ങള്‍ക്ക് നല്‍കുന്ന സാധനങ്ങള്‍ കൃത്യമായ അളവിലും തൂക്കത്തിലും അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ലഭ്യമായോ എന്നത് പരിശോധിക്കേണ്ടതുണ്ട്. സബ്‌സിഡി ചന്തകളുടെ പൂര്‍ണമായ പ്രയോനം ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ടോയെന്നതും നോക്കണം. ഇത് വിലക്കയറ്റ നിയന്ത്രണത്തിനും വിപണി ഇടപെടലിനുമായി സര്‍ക്കാര്‍ നല്‍കുന്ന തുകയ്ക്ക് കൂടുതല്‍ സുതാര്യതയും പ്രയോജനവും ഉണ്ടാക്കും. അതിനാല്‍, സബ്‌സിഡി വിതരണ കേന്ദ്രങ്ങളില്‍ ആകസ്മിക പരിശോധന നടത്താന്‍ സഹകരണ സംഘം രജിസ്ട്രാര്‍ നടപടി സ്വീകരിക്കണം.

 

  • 2016-17 കാലയളവുവരെയാണ് ഓഡിറ്റ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഓരോ ദിവസവും ഏകദേശം 15 കോടിരൂപയുടെ വാങ്ങലും വില്‍ക്കലും കണ്‍സ്യൂമര്‍ഫെഡ് നടത്തുന്നുണ്ട്. ഇത്തരമൊരു സ്ഥാപനത്തില്‍ ആറുവര്‍ഷത്തെ കണക്കുകളില്‍ ഓഡിറ്റ് നടന്നിട്ടില്ലെന്നത് ഗൗരവമായ വീഴ്ചയാണ്. അതിനാല്‍, 201718മുതല്‍ 202324വരെയുള്ള കണ്‍കറന്റ് ഓഡിറ്റ് അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ സഹകരണ ഓഡിറ്റ് ഡയറക്ടര്‍ നടപടി സ്വീകരിക്കണം.

 

  •  കണ്‍സ്യൂമര്‍ഫെഡ് വിവിധ സ്ഥാപനങ്ങളുമായും ഏജന്‍സികളുമായും 276 കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എല്ലാകരാറിലും 200 രൂപവിലയുള്ള മുദ്രപത്രങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. കരാര്‍ തുകയുടെ 0.1 ശതമാനമായിരിക്കണം മുദ്രപത്രത്തിന്റെ മൂല്യമെന്നാണ് ഫിനാന്‍സ് ആക്ടില്‍ പറയുന്നത്. ഇത് കുറഞ്ഞത് 200 രൂപയും പരമാവധി ഒരുലക്ഷം രൂപയുമെന്ന പരിധിയുണ്ട്. അതിനാല്‍, നിയമപ്രകാരം വേണ്ട മുദ്രപത്രം വാങ്ങി കണ്‍സ്യൂമര്‍ഫെഡ് പരിശോധന വിഭാഗത്തെ അറിയിക്കമം. ഇനിമുതലുള്ള എല്ലാ കരാറിലും സര്‍ക്കാര്‍ വ്യവസ്ഥപ്രകാരമുള്ള മുദ്രപത്രം ഉപയോഗിക്കണം. ഇല്ലെങ്കില്‍ കുറവുള്ള തുക കരാറില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ ബാധ്യതയായി കണക്കാക്കി ഈടാക്കും.

Moonamvazhi

Authorize Writer

Moonamvazhi has 70 posts and counting. See all posts by Moonamvazhi