കണ്‍സ്യൂമര്‍ഫെഡ് ഓണവില്‍പനലക്ഷ്യം 250കോടി

moonamvazhi
കേരളസംസ്ഥാന സഹകരണ ഉപഭോക്തൃഫെഡറേഷന്‍ (കണ്‍സ്യൂമര്‍ഫെഡ്) ഓണക്കാലവില്‍പനയിലൂടെ ലക്ഷ്യമിടുന്നത് 250കോടിരൂപയുടെ വില്‍പന. സബ്‌സിഡിയിനങ്ങളില്‍ 100കോടിയും ഇതരയിനങ്ങളില്‍ 150കോടിയും ആണു ലക്ഷ്യം. ഓണച്ചന്തകളുടെ സംസ്ഥാനോദ്ഘാടനം സെപ്റ്റംബര്‍ ആറിനു 3.30നു തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്നു ചെയര്‍മാന്‍ എം, മെഹബൂബ്, വൈസ്‌ചെയര്‍മാന്‍ പി.എം. ഇസ്മയില്‍, മാനേജിങ് ഡയറക്ടര്‍ എം. സലിം, പര്‍ച്ചേസ് മാനേജര്‍ ദിനേശ് ലാല്‍, ഭരണവിഭാഗം മാനേജര്‍ ശ്യാംകുമാര്‍ എന്നിവര്‍ അറിയിച്ചു.
1500 ഓണച്ചന്തയുണ്ടാകും. ഇവ സെപ്റ്റംബര്‍ ഏഴുമുതല്‍ 14വരെ പ്രവര്‍ത്തിക്കും. ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ്, ജില്ലാമൊത്തവ്യാപാരസഹകരണസ്‌റ്റോര്‍, പ്രാഥമിക കാര്‍ഷികവായ്പാസഹകരണസംഘങ്ങള്‍, പട്ടികജാതി-വര്‍ഗസഹകരണസംഘങ്ങള്‍, ഫിഷര്‍മെന്‍ സഹകരണസംഘങ്ങള്‍ തുടങ്ങിയവ വഴിയാണു പ്രവര്‍ത്തിക്കുക. റേഷന്‍കാര്‍ഡുമായി ചെന്നാല്‍ 13 നിത്യാപയോഗസാധനങ്ങള്‍ 30മുതല്‍ 50വരെ ശതമാനം സബ്‌സിഡിയോടെ വാങ്ങാം. അരി-ജയ, കുറുവ, കുത്തരി (മൂന്നിനും 29.5രൂപ), പച്ചരി രണ്ടുകിലോ (26രൂപ), അരലിറ്റര്‍ വെളിച്ചെണ്ണ (55രൂപ), പഞ്ചസാര (27)രൂപ, ചെറുപയര്‍ (92രൂപ), വന്‍കടല (69രൂപ), ഉഴുന്ന് (95രൂപ), വന്‍പയര്‍ (75രൂപ), തുവരപ്പരിപ്പ് (111രൂപ), അരക്കിലോ മുളക് 75രൂപ), അരക്കിലോ മല്ലി (39) രൂപ എന്നിങ്ങനെയാണു 13സാധനങ്ങളുടെ സബ്‌സിഡിവില.
15 ലക്ഷംകുടുംബങ്ങള്‍ക്കു സഹകരണ ഓണംവിപണി നേരിട്ടു പ്രയോജനപ്പെടും. സഹകരണസ്ഥാപനങ്ങള്‍ ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണ ഇവിടങ്ങളില്‍ കിട്ടും. സേമിയ, പാലട, അരിയട, ചുവന്നുള്ളി, സവാള, ഉരുളക്കിഴങ്ങ്, കറിപ്പൊടികള്‍, അരിപ്പൊടികള്‍, തേയില എന്നിവയ്ക്കു പ്രത്യേക വിലക്കുറവുണ്ടാകും.