കോസ്‌മോസ് ബാങ്കില്‍ ജീവനക്കാര്‍ക്ക് ഒരുമാസത്തെ ശമ്പളം ബോണസ്

moonamvazhi

പുണെ ആസ്ഥാനമായുള്ള കോസ്‌മോസ് സഹകരണബാങ്ക് ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം ബോണസായി നല്‍കും. 2024 സാമ്പത്തികവര്‍ഷത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണിത്. 2800 ജീവനക്കാരാണു ബാങ്കിനുള്ളത്. അഞ്ചു വര്‍ഷം മുമ്പു ബാങ്ക് സൈബര്‍ ആക്രമണം നേരിട്ടിരുന്നു. അത്തരം പ്രതിസന്ധികള്‍ മറികടന്നു മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞതു ജീവനക്കാരുടെ ആത്മാര്‍ഥതയും കാര്യക്ഷമതയും കൊണ്ടാണെന്നു ബാങ്കുചെയര്‍മാന്‍ മിലിന്ദ് കാലെ പറഞ്ഞു.

2024 മാര്‍ച്ച് 31ലെ കണക്കുപ്രകാരം ബാങ്കിന്റെ ബിസിനസ് 35,408 കോടിയിലെത്തിയിരിക്കുകയാണ്. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 15.166 ശതമാനം കൂടുതലാണിത്. 20,216 കോടിയാണു നിക്ഷേപം. വായ്പകള്‍ 15,192 കോടിയും. 384 കോടിയാണ് അറ്റലാഭം. പുതിയതരം വായ്പകള്‍ അവതരിപ്പിക്കാനും കൂടുതല്‍ പണം മുടക്കി സാങ്കേതികവിദ്യ ബലപ്പെടുത്താനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.

2024 ലെ ഭാരത്‌രത്‌ന സഹകാരിത സമ്മാന്‍ പുരസ്‌കാരങ്ങളില്‍ ഏറ്റവും മികച്ച ഡാറ്റാ സെന്റര്‍ ഏര്‍പ്പെടുത്തിയതിനുള്ള അവാര്‍ഡ് കോസ്‌മോസ് സഹകരണബാങ്കിനാണ്. ട്രാന്‍സ് യൂണിയന്‍ സിബിലിന്റെ ഏറ്റവും മികച്ച ഡാറ്റാ ഗുണനിലവാരപുരസ്‌കാരവും ബാങ്കിനു കിട്ടി. കൂടാതെ, സാങ്കേതികവിദ്യയിലൂടെ മത്സരക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള വിഭാഗത്തില്‍ ഏറ്റവും നല്ല മള്‍ട്ടിസ്റ്റേറ്റ് അര്‍ബന്‍ സഹകരണബാങ്കിനുള്ള പുരസ്‌കാരവും ബാങ്കിനാണ്.