37 തസ്തികളിലേക്ക് വിജ്ഞാപനം; അവസാന തീയതി സെപ്റ്റംബര്‍ നാല് 

moonamvazhi

കേരള കര്‍ഷക സഹകരണ ഫെഡറേഷനിലെ(കേരഫെഡ്) രണ്ടെണ്ണം അടക്കം 37 തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. ഇതിന്റെ വിജ്ഞാപനം പി.എസ്.സി.യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ നാലുവരെയാണ് അപേക്ഷ അയക്കാനുള്ള സമയപരിധി. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ഓണ്‍ലൈനായാണ് അപേക്ഷ അയക്കേണ്ടത്.

കേരഫെഡില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, അനലിസ്റ്റ് എന്ന രണ്ടുതസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇതില്‍ പൊതുവിഭാഗത്തിലും സൊസൈറ്റി ക്വാട്ടയിലും ഒഴിവുകളുണ്ട്. കേരഫെഡിലെ നിയമനം പി.എസ്.സി.ക്ക് വിട്ടിട്ട് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴാണ് അതിലേക്ക് കടക്കുന്നത്. നിലവില്‍ രണ്ടുതസ്തികയിലേക്കാണ് പി.എസ്.സി. വിജ്ഞാപനം വന്നിട്ടുള്ളതെങ്കിലും, ഒട്ടേറെ ഒഴിവുകള്‍ ഇനിയും വരാനിരിക്കുന്നുണ്ട്.

പി.എസ്.സി. വിജ്ഞാപനം അനുസരിച്ച് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയില്‍ ജനറല്‍ വിഭാഗത്തില്‍ (കാറ്റഗറി നമ്പര്‍ 242/2024) രണ്ടൊഴിവും സൊസൈറ്റി വിഭാഗത്തില്‍ (കാറ്റഗറി നമ്പര്‍ 243/2024) ഒരൊഴിവുമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 26,500-56,700 ഇതാണ് ശമ്പളനിരക്ക്. പൊതുവിഭാഗത്തില്‍ 18-40, സൊസൈറ്റി വിഭാഗത്തില്‍ 18-50 എന്നിങ്ങനെയാണ് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്.

അനലിസ്റ്റ് തസ്തികയില്‍ സൊസൈറ്റി ക്വാട്ടയിലും(കാറ്റഗറി നമ്പര്‍ 244/2024) ജനറല്‍ വിഭാഗത്തിലും (കാറ്റഗറി നമ്പര്‍-245/2024)ഒഴിവുണ്ട്. പൊതുവിഭാഗത്തില്‍ ഒരൊഴിവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 18-40 വയസാണ് പ്രായം, സൊസൈറ്റി ക്വാട്ടയില്‍ പ്രതീക്ഷിത ഒഴിവാണ്. 18-50 വയസാണ് സൊസൈറ്റി ക്വാട്ടയില്‍ പ്രായം. ശമ്പളം-22,200-48,000.