കോസ്‌മോസ് ബാങ്കുമായുള്ള മുംബൈ സിറ്റി ബാങ്കിന്റെ ലയനപ്രതീക്ഷ തകര്‍ന്നു

moonamvazhi
  • ലയനനിര്‍ദേശം സമര്‍പ്പിച്ചത് 2023 ഒക്ടോബറില്‍

രാജ്യത്തെ ഏറ്റവും വലിയ അര്‍ബന്‍ സഹകരണബാങ്കുകളിലൊന്നായ കോസ്‌മോസ് ബാങ്കില്‍ മുംബൈയിലെ സിറ്റി സഹകരണബാങ്കിനെ ലയിപ്പിക്കുമെന്ന നിക്ഷേപകരുടെ പ്രതീക്ഷ തകര്‍ന്നു. മുംബൈ സിറ്റി ബാങ്കിന്റെ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കിയതോടെയാണു ലയനപ്രതീക്ഷ ഇല്ലാതായത്. ഉത്തര്‍പ്രദേശിലെ ഘാസിപ്പൂരിലുള്ള പൂര്‍വാഞ്ചല്‍ സഹകരണബാങ്കിന്റെയും ലൈസന്‍സ് റിസര്‍വ് ബാങ്ക് കഴിഞ്ഞാഴ്ച റദ്ദാക്കിയിരുന്നു.

മുംബൈ സിറ്റി സഹകരണബാങ്കിന്റെ കാര്യത്തില്‍ മാറ്റിയെഴുതിയ ലയനനിര്‍ദേശം 2023 ഒക്ടോബര്‍ അഞ്ചിനു കോസ്‌മോസ് ബാങ്ക് സമര്‍പ്പിച്ചിരുന്നതാണ്. പക്ഷേ, ജൂണ്‍ 19 മുതല്‍ ബാങ്കിങ് നടത്തരുതെന്നു സിറ്റി ബാങ്കിനോടു റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. അടച്ചുപൂട്ടാനും ലിക്വിഡേറ്ററെ നിയമിക്കാനും മഹാരാഷ്ട്ര സഹകരണരജിസ്ട്രാറോടു നിര്‍ദേശിച്ചിട്ടുമുണ്ട്. വേണ്ടത്ര മൂലധനമില്ലാത്തതുകൊണ്ടും അത് ആര്‍ജിക്കാന്‍ സാധ്യതയില്ലാത്തതുകൊണ്ടുമാണു ലൈസന്‍സ് റദ്ദാക്കുന്നത്. ഇപ്പോഴത്തെ സാമ്പത്തികനിലവച്ചു നിക്ഷേപകര്‍ക്കു പൂര്‍ണമായി പണം മടക്കിക്കൊടുക്കാന്‍ ബാങ്കിനു കഴിയില്ല. തുടരാന്‍ അനുവദിക്കുന്നതു പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്നും റിസര്‍വ് ബാങ്ക് പത്രക്കുറിപ്പില്‍ പറഞ്ഞു.

2018 ഏപ്രില്‍ 18മുതല്‍ 2023 സെപ്റ്റംബര്‍ 30വരെ നിക്ഷേപകര്‍ 103.96 കോടിരൂപ മുംബൈ സിറ്റി ബാങ്കില്‍നിന്നു പിന്‍വലിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ കോഓപ്പറേറ്റീവ് റിപ്പോര്‍ട്ടു ചെയ്യുന്നു. വായ്പക്കാരില്‍നിന്ന് ഇക്കാലത്ത് 117.59 കോടിരൂപ തിരിച്ചുവാങ്ങിയിട്ടുണ്ട്. മുംബൈയില്‍ 10 ശാഖകള്‍ ബാങ്കിനുണ്ട്. 87 ശതമാനം നിക്ഷേപകരും നിക്ഷേപഇന്‍ഷുറന്‍സ്‌വായ്പ ഗ്യാരന്റി കോര്‍പറേഷനില്‍ (ഡി.ഐ.സി.ജി.സി.)നിന്നു നിക്ഷേപം പൂര്‍ണമായി തിരികെ കിട്ടാന്‍ അര്‍ഹരാണ്. 2024 ജൂണ്‍ 14വരെ ഇന്‍ഷുറന്‍സ് സംരക്ഷണമുള്ള 230.99 കോടിരൂപയുടെ നിക്ഷേപം ഡി.ഐ.സി.ജി.സി. നല്‍കിയിട്ടുണ്ട്.