സഹകരണസ്ഥാപനങ്ങളെ പരസ്പരം സഹകരിപ്പിക്കാനുള്ള പദ്ധതി വ്യാപകമാക്കും
- രണ്ടു ലക്ഷം സംഘങ്ങള്‍ക്കു മാര്‍ഗനിര്‍ദേശിക
- രണ്ടാംധവളവിപ്ലവത്തിനു നടപടിക്രമം
- സഹകരണാന്തര സഹകരണത്തിനും എസ്.ഒ.പി.
എല്ലാ സഹകരണസ്ഥാപനങ്ങളും സഹകരണബാങ്കുകളില്‍ അക്കൗണ്ട് തുറക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സഹകരണാന്തരസഹകരണം ദേശീയതലത്തില്‍ നടപ്പാക്കുമെന്നു കേന്ദ്രസഹകരണമന്ത്രി അമിത്ഷാ പറഞ്ഞു. മൂന്നാം മോദിസര്‍ക്കാര്‍ 100 ദിവസത്തിനകം സഹകരണരംഗത്തു നടപ്പാക്കിയ കാര്യങ്ങളെക്കുറിച്ചുള്ള ദേശീയസമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വിവിധോദ്ദേശ്യ പ്രാഥമികകാര്‍ഷിക സഹകരണസംഘങ്ങളും (എംപാക്‌സ്) ക്ഷീരസംഘങ്ങളും മത്സ്യസംഘങ്ങളും അടക്കം രണ്ടുലക്ഷം സംഘങ്ങളുടെ രൂപവല്‍ക്കരണ-ശാക്തീകരണങ്ങള്‍ക്കുള്ള ‘മാര്‍ഗദര്‍ശിക’അദ്ദേഹം പ്രകാശനം ചെയ്തു. രണ്ടാം ധവളവിപ്ലവത്തിനും സഹകരണാന്തരസഹകരണത്തിനുമുള്ള മാതൃകാനടപടിക്രമങ്ങളും ( സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിങ് പ്രോസീജേഴ്‌സ് -എസ്.ഒ.പി) പുറത്തിറക്കുകയും ചെയ്തു.
100 ദിവസംകൊണ്ടു 10 പ്രധാന നടപടികളെടുത്തെന്ന് ഷാ പറഞ്ഞു. അതില്‍ മൂന്നെണ്ണമാണു മാര്‍ഗദര്‍ശികയുടെയും രണ്ട് എസ്.ഒ.പി.കളുടെയും പ്രകാശനം. സഹകരണത്തിനു പ്രത്യേകകേന്ദ്രമന്ത്രാലയമെന്നത് 70 കൊല്ലമായുള്ള ആവശ്യമാണ്. പക്ഷേ, അത് അവഗണിച്ചു. അതിനാല്‍ ചില സംസ്ഥാനങ്ങളിലേ സഹകരണപ്രസ്ഥാനം നന്നായി വളര്‍ന്നുള്ളൂ. മറ്റിടങ്ങളില്‍ സംസ്ഥാനസര്‍ക്കാരുകളുടെ ദയാവായ്പിലാണു നിലനില്‍പ്. ചിലസംസ്ഥാനങ്ങളില്‍ ഒട്ടുമില്ലാതായി. ഓരോ ഗ്രാമത്തിലും തൊഴിലും മാന്യമായ ജീവിതവും നല്‍കാന്‍ സഹകരണപ്രസ്ഥാനത്തിനു കഴിയണം. ഇതിനായി മൂന്നു വര്‍ഷത്തിനകം അറുപതില്‍പരം കാര്യങ്ങള്‍ തുടങ്ങി.
സഹകരണപ്രസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ ഗുജറാത്തിലെ പഞ്ചമഹാല്‍, ബനസ്‌കന്ദ ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എല്ലാ സഹകരണസ്ഥാപനങ്ങളും സഹകരണബാങ്കില്‍ അക്കൗണ്ട് തുറക്കാന്‍ തീരുമാനിച്ചു. പ്രാഥമികസംഘങ്ങളും ക്ഷീരോല്‍പാദകസംഘങ്ങളുമായും ബന്ധപ്പെട്ട സ്ത്രീകള്‍ക്കു ഡെബിറ്റ് കാര്‍ഡുകളം ക്രെഡിറ്റ് കാര്‍ഡുകളും നല്‍കി. ഇതൊക്കെമൂലം ആ രണ്ടു ജില്ലകളില്‍ സഹകരണബാങ്കുകളില്‍ നാലു ലക്ഷത്തിലധികം അക്കൗണ്ടുകള്‍ തുറക്കാനും 550 കോടിയിലധികം രൂപയുടെ നിക്ഷേപം സമാഹരിക്കാനും കഴിഞ്ഞു. 1732 മൈക്രോ എ.ടി.എമ്മുകള്‍ ഏര്‍പ്പെടുത്തി. 20,000 പുതിയ ക്രെഡിറ്റ് കാര്‍ഡുകളാണു നല്‍കിയത്. ഈ കാര്‍ഡുകളിലായി 24 ലക്ഷംരൂപയുടെ ഡിജിറ്റല്‍ ഇടപാടു നടന്നു. ഗുജറാത്തിലാകെ ഇതു നടപ്പാക്കല്‍ പൂര്‍ണമായിട്ടില്ല. എങ്കിലും, ഒമ്പതു ലക്ഷത്തോളം പുതിയ അക്കൗണ്ടുകള്‍ തുറക്കാനായി. സഹകരണബാങ്കുകളില്‍ 4000 കോടിയുടെ അധികനിക്ഷേപം വന്നു. 2600 മൈക്രോ എ.ടി.എമ്മുകള്‍ ഏര്‍പ്പെടുത്തി. ഇതു ദേശവ്യാപമാക്കും. ഇതിന് ഒരു ജില്ലയെ ഒരു യൂണിറ്റായി കണക്കാക്കും. സഹകരണബിസിനസ് സംരംഭങ്ങള്‍ ശക്തമായ ജില്ലകളില്‍ ഈ സഹകരണാന്തരസഹകരണം നടപ്പാക്കും. ദേശീയ സഹകരണവിവരശേഖരത്തില്‍ ഓരോ പഞ്ചായത്തിലെയും സഹകരണസ്ഥാപനങ്ങളുടെ വിവരങ്ങളുണ്ട്. ഇതു ജില്ലാ, സംസ്ഥാന സഹകരണരജിസ്ട്രാര്‍മാര്‍ക്കും ജില്ലാസഹകരണബാങ്ക് ശാഖകള്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്-ഷാ പറഞ്ഞു.
രണ്ടു ലക്ഷം സംഘങ്ങള്‍ക്കുള്ള നിര്‍ദേശം എല്ലാ സംസ്ഥാനങ്ങളും അംഗീകരിച്ചു. ഇവ രജിസ്റ്റര്‍ ചെയ്താല്‍ പാക്‌സോ മത്സ്യസംഘമോ ക്ഷീരസംഘമോ ഇല്ലാത്ത ഒരു പഞ്ചായത്തുമുണ്ടാവില്ല. പണ്ട് പാക്‌സുകള്‍ പൂട്ടിപ്പോകാറുണ്ടായിരുന്നു. എന്നാല്‍, പുതിയവ ലാഭമായിരിക്കും. 25 ഇനം ജോലി അവയ്ക്കു ചെയ്യാനാവും. മുമ്പു കൃഷിക്കു ഹ്രസ്വകാലവായ്പ കൊടുക്കുക മാത്രമാണു ചെയ്തിരുന്നതെങ്കില്‍, ഇനി പാക്‌സുകള്‍ ക്ഷീരവില്‍പനയുമായും മത്സ്യഇടപാടുമായും സംഭരണകേന്ദ്രങ്ങളുമായും കുറഞ്ഞവിലയ്ക്കു ധാന്യംവില്‍ക്കുന്ന കടകളുമായും മരുന്നുകടകളുമായും പെട്രോള്‍പമ്പുകളുമായും പാചകവാതകസിലിണ്ടര്‍ വിതരണവുമായും ജലവിതരണവുമായും ഒക്കെ ബന്ധിപ്പിക്കപ്പെടും. ഓരോ പഞ്ചായത്തിലും പാക്‌സ് ശക്തമാകുമ്പോള്‍ ജില്ലാസഹകരണബാങ്കുകള്‍ ശക്തമാവും. അവ ശക്തമാവുമ്പോള്‍ സംസ്ഥാനസഹകരണബാങ്കുകളും ശക്തമാവും.
ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ്. രണ്ടാംധവളവിപ്ലവം സ്ത്രീകളെ സ്വയംപര്യാപ്തരാക്കും. അമ്മമാരെയും സഹോദരിമാരെയും ശാക്തീകരിക്കാന്‍ ക്ഷീരസംഘങ്ങളെപ്പോലെ മറ്റൊന്നിനും കഴിയില്ല. ഗുജറാത്തില്‍ 36 ലക്ഷം സ്ത്രീകള്‍ ഈ രംഗത്തുണ്ട്. 60,000 കോടി രൂപയുടെ ബിസിനസ്സാണ് അവര്‍ ചെയ്യുന്നത്. ലോകഭക്ഷ്യമേഖലയിലെ ഏറ്റവും വിശ്വസ്തബ്രാന്റാണ് അമുല്‍. രണ്ടാംധവളവിപ്ലവം പോഷണക്കുറവും പരിഹരിക്കും. പാലുല്‍പാദനം വര്‍ധിക്കുന്നതിന്റെ മെച്ചം ദരിദ്രരുടെയും കുട്ടികളുടെയും ആരോഗ്യത്തിലുണ്ടാവും. ഡെയറികളുമായി ബന്ധപ്പെട്ടു കുടുംബം പുലര്‍ത്തുന്ന സ്ത്രീകള്‍ മക്കളെ പോഷകാഹാരം നല്‍കി വളര്‍ത്തുന്നതില്‍ ശ്രദ്ധിക്കും. ഗുജറാത്ത് ഇതു തെളിയിച്ചിട്ടുണ്ട്. സര്‍ക്കാരുകളെക്കാള്‍ അമ്മമാര്‍ക്കാണു കുട്ടികളുടെ പോഷണക്കുറവു പരിഹരിക്കാന്‍ കഴിയുക. രണ്ടാം ധവളവിപ്ലവം സ്ത്രീകള്‍ക്കു തൊഴില്‍ നല്‍കാനും ശ്രദ്ധിക്കും. തങ്ങളുടെ പേരില്‍ ബാങ്കില്‍നിന്നു ചെക്കു വരുമ്പോള്‍ അവര്‍ക്കു കൂടുതല്‍ സന്തോഷമാകും. ദേശീയ ക്ഷീരവികസനബോര്‍ഡ് (എന്‍.ഡി.ഡി.ബി) കൂടുതല്‍ ഡെയറികള്‍ തുറക്കും. ജപ്പാനിലും നെതര്‍ലന്റ്‌സില്‍നിന്നും ക്ഷീരവ്യവസായവുമായി ബന്ധപ്പെട്ട യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്തിരുന്ന കാലംമാറി. 100 ശതമാനം സ്വയംപര്യാപ്തമാണ്. ഡെയറിഅടിസ്ഥാനസൗകര്യമേഖലയില്‍ തദ്ദേശീയമായി വികസിപ്പിച്ച 38 യന്ത്രസാമഗ്രികളുടെ പ്രദേര്‍ശനം സംഘടിപ്പിക്കുന്നുണ്ട്. ഇവയുടെയും ക്ഷീരോല്‍പന്നങ്ങളുടെയും കയറ്റുമതിവഴി ധാരാളം വിദേശനാണ്യം നേടാനാകുമെന്നും മന്ത്രി അമിത് ഷാ പറഞ്ഞു. കേന്ദ്രമന്ത്രിമാരായ രാജീവ് രഞ്ജന്‍ സിങ്, മുരളീധര്‍ മൊഹോള്‍, സഹകരണമന്ത്രാലയസെക്രട്ടറി ആഷിഷ്‌കുമാര്‍ ഭൂട്ടാനി തുടങ്ങിയവരും സംബന്ധിച്ചു.