മീനുകള്‍ നഷ്ടപ്പെട്ടവര്‍ക്കു കോരാമ്പാടം ബാങ്ക് മീന്‍കുഞ്ഞുങ്ങളെ നല്‍കും

moonamvazhi
പെരിയാറില്‍ രാസമാലിന്യം കലര്‍ന്നു മീനുകള്‍ ചത്തുപൊങ്ങിയതിനെത്തുടര്‍ന്നു മീനുകള്‍ നഷ്ടപ്പെട്ട മത്സ്യക്കര്‍ഷകര്‍ക്കു കോരാമ്പാടം സര്‍വീസ് സഹകരണബാങ്ക് മീന്‍കുഞ്ഞുങ്ങളെ നല്‍കും. കോരാമ്പാടം സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് ഹരോള്‍ഡ് നിക്കോള്‍സന്റെ അധ്യക്ഷതയില്‍, ‘പെരിയാറിനെ രക്ഷിക്കൂ, മീന്‍സമ്പത്തിനെ സംരക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി ബാങ്ക് ആസ്ഥാനത്തു സംഘടിപ്പിച്ച കൂട്ടായ്മയിലാണ് ഇക്കാര്യം അറിയിച്ചത്.
കര്‍ഷകരും മീന്‍പിടിത്തത്തൊഴിലാളികളും മറ്റും പങ്കെടുത്ത കൂട്ടായ്മ ജി.സി.ഡി.എ. ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. മീന്‍കുരുതിക്കിടയാക്കിയവരെ ശിക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കുസാറ്റ് ശാസ്ത്രജ്ഞരായ ഡോ. ടി.പി. സജീവന്‍, ഡോ. എസ്.എസ്. ഷാജു, ഫിഷറീസ് വകുപ്പു ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ബെന്‍സണ്‍, കടമക്കുടി ഗ്രാമപഞ്ചായത്തുപ്രസിഡന്റ് മേരി വിന്‍സന്റ്, വൈസ്പ്രസിഡന്റ് വിപിന്‍രാജ്, ടി.എസ്. സുനില്‍, ഫാ. അഗസ്റ്റിന്‍ വട്ടോളി, ട്രീസ മാനുവല്‍, ജെയ്‌നി സെബാസ്റ്റിയന്‍, പുഷ്‌കിന്‍ പോള്‍ എന്നിവര്‍ സംസാരിച്ചു. ഫാക്ടറിമാലിന്യങ്ങളും പൊതുമാലിന്യങ്ങളും വീട്ടുമാലിന്യങ്ങളും പെരിയാറിലേക്കു തള്ളുന്നതില്‍ യോഗം പ്രതിഷേധിച്ചു.