ദേശീയതലത്തിലുള്ള കയറ്റുമതി-വിത്ത്-ജൈവ സഹകരണസംഘങ്ങളുടെ ഉദ്ഘാടനം ഈ മാസം

moonamvazhi

ദേശീയതലത്തിലുള്ള മൂന്നു മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളില്‍ കയറ്റുമതി സഹകരണസംഘത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 23 നു ഡല്‍ഹിയിലെ പുസ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. കേന്ദ്ര സഹകരണമന്ത്രി അമിത് ഷായാണ് ഉദ്ഘാടകന്‍. ദേശീയ സഹകരണ കയറ്റുമതി ലിമിറ്റഡ് ( NCEL )  സഹകരണ കയറ്റുമതി സംബന്ധിച്ച് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറില്‍ മള്‍ട്ടി സ്റ്റേറ്റ് കയറ്റുമതി സഹകരണസംഘത്തിന്റെ ലോഗോയും വെബ്‌സൈറ്റും ബ്രോഷറും അമിത്ഷാ പുറത്തിറക്കുമെന്നു കേന്ദ്ര സഹകരണമന്ത്രാലയം എക്‌സിലൂടെ അറിയിച്ചു. സെമിനാറില്‍ 900 പ്രതിനിധികള്‍ പങ്കെടുക്കും. വിത്തു സഹകരണസംഘം ഒക്ടോബര്‍ 26 നും ജൈവ സഹകരണസംഘം 30 നും അമിത് ഷാ ഉദ്ഘാടനം ചെയ്യും.

സഹകരണമേഖലയില്‍നിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള അംബ്രല സംഘടനയായിട്ടായിരിക്കും കയറ്റുമതിസംഘത്തിന്റെ പ്രവര്‍ത്തനം. സഹകരണസംഘങ്ങള്‍ തയാറാക്കുന്ന ഉല്‍പ്പന്നങ്ങളുടെ സംഭരണം, സൂക്ഷിപ്പ്, സംസ്‌കരണം, വിപണനം, ബ്രാന്റിങ്, ലേബലിങ്, പാക്കേജിങ്, സര്‍ട്ടിഫിക്കേഷന്‍, ഗവേഷണം, വികസനം എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംഘങ്ങളെ സഹായിക്കുക എന്നതാണു മള്‍ട്ടി സ്റ്റേറ്റ് കയറ്റുമതി സംഘത്തിന്റെ ലക്ഷ്യം. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളുള്‍പ്പെടെ 400 സംഘങ്ങള്‍ ഇതില്‍ അംഗങ്ങളാവും. ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്റെ ( NCDC ) മാനേജിങ് ഡയറക്ടര്‍ പങ്കജ് ബന്‍സാലാണു സംഘത്തെ നയിക്കുന്നത്.

ദേശീയ കയറ്റുമതി സഹകരണസംഘത്തിന്റെ തുടക്കത്തിലുള്ള അടച്ചുതീര്‍ത്ത ഓഹരിമൂലധനം 500 കോടി രൂപയും അംഗീകൃത ഓഹരിമൂലധനം 2000 കോടി രൂപയുമാണ്. രാജ്യത്തു മുന്‍നിരയില്‍ നില്‍ക്കുന്ന സഹകരണസ്ഥാപനങ്ങളായ ഇഫ്‌കോ, ക്രിഭ്‌കോ, നാഫെഡ്, ഗുജറാത്ത് സഹകരണ പാല്‍ വിപണന ഫെഡറേഷന്‍, എന്‍.സി.ഡി.സി. എന്നിവ കയറ്റുമതി സംഘത്തിന്റെ പ്രവര്‍ത്തനത്തിനു നൂറു കോടി രൂപ വീതം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!