സഹകരണമേഖലയിലെ ഉരുള്‍പൊട്ടല്‍ തടയാന്‍ അതിവിദഗ്ധരെ കണ്ടെത്തണം – സി.എന്‍. വിജയകൃഷ്ണന്‍

moonamvazhi

കരുവന്നൂര്‍ സഹകരണബാങ്കില്‍ തുടങ്ങി മിക്കജില്ലയിലും വ്യാപിച്ച സഹകരണമേഖലയിലെ ഉരുള്‍പൊട്ടലുകള്‍ തടയാന്‍ സര്‍ക്കാര്‍ അതിവിദഗ്ധരെ കണ്ടെത്തിയില്ലെങ്കില്‍ എല്ലാസഹകരണസംഘങ്ങളെയും അതു ബാധിക്കുമെന്നു കേരള സഹകരണഫെഡറേഷന്‍ (കെ.എസ്.എഫ്) സംസ്ഥാനചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ പറഞ്ഞു. കേരളത്തിലെ സഹകരണമേഖലയെ സംരക്ഷിക്കാന്‍ ഏകദേശം 1000 കോടി രൂപയാണു വേണ്ടത്. എന്നാല്‍, പുതിയനിയമപ്രകാരം കേരളത്തിലെ എല്ലാസഹകരണസംഘങ്ങളില്‍നിന്നുമായി സഹകരണവകുപ്പിന്റെ കൈയില്‍ 1500 കോടിയിലധികം രൂപ വന്നുകഴിഞ്ഞു. ആ തുക ഉപയോഗിച്ച് ഉടന്‍ പ്രശ്‌നം പരിഹരിക്കണം. ഭരണസ്വാധീനം ഉപയോഗിച്ചു സംഘങ്ങള്‍ പിടിച്ചെടുക്കുന്നതു നിര്‍ത്തണം. ഇല്ലെങ്കില്‍ സഹകരണമേഖല പൂര്‍ണമായി തകരും. ഇതു സഹകാരികളും രാഷ്ട്രീയകക്ഷികളും നേതാക്കളും തിരിച്ചറിയേണ്ടകാലം അതിക്രമിച്ചു. ലക്ഷക്കണക്കിനു കുടുംബങ്ങളെ മാന്യമായി ജീവിക്കാന്‍ പര്യാപ്തരാക്കുന്ന ഈ മേഖലയെ തകര്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.എഫ്. കോഴിക്കോട് ജില്ലാസമ്മേളനം ചാലപ്പുറത്തു കാലിക്കറ്റ് സിറ്റിസര്‍വീസ് സഹകരണബാങ്കിന്റെ സജന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

കെ.സി. ബാലകൃഷ്ണന്‍ അധ്യക്ഷനായി. സി.എം.പി. ജില്ലാസെക്രട്ടറി ബാലഗംഗാധരന്‍, കെ.എസ്.എഫ്. നേതാക്കളായ സാജു ജെയിംസ്, കെ. സത്യനാഥന്‍, സുനിതാഅമ്പാട്ട്, എം. രാജന്‍, ശശി വടകര എന്നിവര്‍ സംസാരിച്ചു. കെ.സി. ബാലകൃഷ്ണന്‍ (പ്രസിഡന്റ്), കെ.സത്യനാഥന്‍ (സെക്രട്ടറി), ബൈജു ഫറോക്ക് (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി 28 അംഗപാനലിനെ സമ്മളനം തിരഞ്ഞെടുത്തു.