വയനാട് ദുരന്തത്തിനിരയായവരുടെ വായ്പകൾ കേരളബാങ്ക് എഴുതിതള്ളും  

moonamvazhi

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആശ്വാസ നടപടിയുമായി കേരളബാങ്ക്. ദുരന്തബാധിതരായവരുടെ വായ്പകള്‍ എഴുതിതള്ളാന്‍ കേരളബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചു. ദുരന്തമേഖലയില്‍ രണ്ടു ബാങ്കുകള്‍ക്കാണ് ശാഖകളുണ്ടായിരുന്നത്. അതിലൊന്ന് കേരളബാങ്കിന്റെതായിരുന്നു. ചൂരല്‍മലയിലെ കേരളബാങ്കിന്റെ ശാഖയിലെ വായ്പക്കാരില്‍ മരണപ്പെട്ടവരുടെയും ഈടുനല്‍കിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവന്‍ വായ്പകളാണ് എഴുതി തള്ളുക.

എഴുതിതള്ളുന്ന വായ്പകളുടെ എണ്ണമോ തുകയോ കണക്കാക്കിയിട്ടില്ല. ദുരന്തത്തിനിരയായവരുടെ വിവരങ്ങള്‍ ലഭ്യമാകുന്നതിന് അനുസരിച്ചായിരിക്കും ഇത് കണക്കാക്കുക. ദുരന്തബാധിതരുടെ പ്രശ്‌നങ്ങള്‍ക്ക് വേഗം നടപടിയും ആശ്വാസ സമീപനവും ഉണ്ടാക്കാനാണ് രണ്ടുവിഭാഗത്തിലുള്ളവരുടെ വായ്പകള്‍ പൂര്‍ണമായി എഴുതിതള്ളാമെന്ന് തീരുമാനം കേരളബാങ്ക് ഭരണസമിതി എടുത്തത്. ഇതിനുസരിച്ച് തുടര്‍നടപടി ബാങ്ക് സ്വീകരിക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളബാങ്ക് 50ലക്ഷം രൂപ നല്‍കിയിരുന്നു. ജീവനക്കാര്‍ അഞ്ചുദിവസത്തെ ശമ്പളം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.