20,000 രൂപ സ്റ്റൈപ്പന്റോടെ ആര്‍.ബി.ഐ.യില്‍ ഇന്റേണിഷിപ്പ് പരിശീലനം നേടാം

moonamvazhi

റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ മാസം 20,000 രൂപ സ്റ്റൈപ്പന്റോടെയുള്ള സമ്മര്‍ ഇന്റേണിഷിപ്പ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. opportunities.rbi.org.in ലുള്ള വിജ്ഞാപനത്തിലെ ലിങ്കിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. മറ്റുവിധത്തിലുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല. 125 പേര്‍ക്കാണു പ്രവേശനം. മൂന്നു മാസമാണു പരിശീലനം. ബന്ധപ്പെട്ട കേന്ദ്രത്തിലായിരിക്കും പരിശീലനപ്രോജക്ട്.

ഇന്ത്യയിലെ അംഗീകൃത സ്ഥാപനങ്ങളില്‍/കോളേജുകളില്‍ ബിരുദാനന്തരബിരുദകോഴ്‌സുകള്‍, മാനേജ്‌മെന്റ്/ സ്റ്റാറ്റിസ്റ്റിക്‌സ്/നിയമം/കോമേഴ്‌സ്/ഇക്കണോമിക്‌സ്/ഇക്കണോമെട്രിക്‌സ്/ബാങ്കിങ്/ഫിനാന്‍സ് വിഷയങ്ങളിലെ സംയോജിതപഞ്ചവല്‍സരകോഴ്‌സുകള്‍, പൂര്‍ണസമയത്രിവല്‍സര പ്രൊഫഷണല്‍ നിയമകോഴ്‌സുകള്‍ എന്നിവ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സിന്റെ ഏറ്റവും ഒടുവിലത്തെ വര്‍ഷത്തിലെത്തിയവര്‍ക്കു മാത്രമേ അപേക്ഷിക്കാനാവൂ. ഡിസംബര്‍ 15നകം അപേക്ഷിക്കണം. 2025 ഏപ്രിലില്‍ പരിശീലനം തുടങ്ങും. ഔദ്യോഗികചുമതലകളുടെ ഭാഗമായ വിവരങ്ങളുടെ രഹസ്യാത്മകത കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞാപത്രം ചേരുമ്പോള്‍ ഒപ്പിട്ടുകൊടുക്കണം. ചുരുക്കപ്പട്ടിക തയ്യാറാക്കി അഭിമുഖം നടത്തിയാണു തിരഞ്ഞെടുക്കുക. ബന്ധപ്പെട്ട ആര്‍.ബി.ഐ.ഓഫീസുകളില്‍ ജനുവരിയിലോ ഫെബ്രുവരിയിലോ ആയിരിക്കും അഭിമുഖം. തിരഞ്ഞെടുക്കപ്പെടുന്നവരെ ഫെബ്രുവരിയിലോ മാര്‍ച്ചിലോ അറിയിക്കും. ഔട്ട്‌സ്റ്റേഷന്‍വിദ്യാര്‍ഥികള്‍ സ്വയം താമസസൗകര്യം ഏര്‍പ്പാടാക്കണം.

പഠിക്കുന്ന സ്ഥാപനം സ്ഥിതിചെയ്യുന്ന സംസ്ഥാനം അപേക്ഷയില്‍ വ്യക്തമാക്കണം. ഒരു കണ്‍ട്രോള്‍ ഓഫീസിലേക്കുവേണ്ടി മാത്രമേ അപേക്ഷിക്കാവൂ. കേരളത്തിലും ലക്ഷദ്വീപിലുമുളളവര്‍ക്കായുള്ള കണ്‍ട്രോള്‍ ഓഫീസിന്റെ മേല്‍വിലാസം: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ബേക്കറി ജങ്ഷന്‍, പി.ബി. നമ്പര്‍ 6507, തിരുവനന്തപുരം 695033. ഇ-മെയില്‍ [email protected] എന്നതാണ്. പഠിക്കുന്ന സ്ഥാപനം എവിടെയാണെന്നതു പരിഗണിച്ചാവും പരിശീലനകേന്ദ്രം അനുവദിക്കുക. അപേക്ഷ സമര്‍പ്പിച്ചാല്‍ പിന്നെ അതിലെ വിവരങ്ങളില്‍ ഭേദഗതികള്‍ വരുത്താനാവില്ല. അതുസംബന്ധിച്ച് ആശയവിനിമയവും അനുവദിക്കില്ല. അപ്‌ലോഡ് ചെയ്യേണ്ട ഫോട്ടോ, ഒപ്പ്, കോളേജ്അധികാരപ്പെടുത്തല്‍പത്രം/സത്യസാക്ഷ്യപ്പെടുത്തല്‍പത്രം തുടങ്ങിയവയുടെ അഭാവമടക്കം ഏതെങ്കിലും വിധത്തില്‍ അപൂര്‍ണമായ അപേക്ഷ സ്വീകരിക്കില്ല. അവസാനദിവസങ്ങളില്‍ അമിതോപയോഗംമൂലം വെബ്‌സൈറ്റില്‍ ഉണ്ടാകാവുന്ന സാങ്കേതികപ്രശ്‌നങ്ങളാല്‍ യഥാസമയം അപേക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആര്‍.ബി.ഐ.ക്ക് ഉത്തരവാദിത്വമുണ്ടാവില്ല. അപേക്ഷയുടെയോ സര്‍ട്ടിഫിക്കറ്റുകളുടെയോ പ്രിന്റൗട്ട് ഒരു ഓഫീസിലേക്കും അയക്കുകയോ നേരിട്ടുനല്‍കുകയോ ചെയ്യേണ്ടതില്ല. വിദ്യാഭ്യാസയോഗ്യതകള്‍ അംഗീകൃതസ്ഥാപനങ്ങളില്‍/സര്‍വകലാശാലകളില്‍നിന്നുള്ളതായിരിക്കണം. അപേക്ഷിക്കാനുളള തങ്ങളുടെ യോഗ്യത സംബന്ധിച്ച് ഉപദേശം ആരായുന്ന സന്ദേശങ്ങള്‍ സ്വീകരിക്കില്ല.

വിദേശവിദ്യാര്‍ഥികള്‍ക്ക് നവംബര്‍ ഒന്നുമുതല്‍ അപേക്ഷിക്കാം. അവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാനതീയതി ഡിസംബര്‍ 31 ആണ്. വിദേശങ്ങളിലെ സര്‍വകലാശാലകളില്‍/ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഇക്കണോമിക്‌സ്, ഫിനാന്‍സ്, ബാങ്കിങ്, മാനേജ്‌മെന്റ്, നിയമം (പഞ്ചവല്‍സരകോഴ്‌സ്) എന്നിവയിലും അനുബന്ധമേഖലകളിലും ഉപരിപഠനം നടത്തുന്നവര്‍ക്കാണ് വിദേശവിദ്യാര്‍ഥികള്‍ക്കുള്ള വിഭാഗത്തില്‍ അപേക്ഷിക്കാവുന്നത്. ഇവര്‍ ലിങ്കിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച് അയക്കുകയാണു വേണ്ടത്. ദി ചീഫ് ജനറല്‍ മാനേജര്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് ഡിപ്പാര്‍ട്ടുമെന്റ് (ട്രെയിനിങ് ആന്റ് ഡവലപ്‌മെന്റ് ഡിവിഷന്‍), സെന്‍ട്രല്‍ ഓഫീസ്, 21-ാംനില, സെന്‍ട്രല്‍ ഓഫീസ് ബില്‍ഡിങ്, ഷഹീദ് ഭഗത്‌സിങ് റോഡ്, മുംബൈ – 400 001 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. അപേക്ഷയുടെ മുന്‍കൂര്‍ കോപ്പി ഇ-മെയില്‍ ചെയ്യുകയുമാവാം. ഇവര്‍ക്കു ജൂലായിലാണു പരിശീലനം തുടങ്ങുക. മുംബൈയിലെ കേന്ദ്രഓഫീസിലെ പ്രോജക്ടില്‍ മാത്രമായിരിക്കും ഇവര്‍ക്കു പരിശീലനം. താമസസൗകര്യം സ്വയം ഏര്‍പ്പെടുത്തണം.