സഹകരണസംഘം ഭാരവാഹികളുടെ ഓണറേറിയവും മറ്റുനിരക്കുകളും വര്‍ധിപ്പിച്ചു

moonamvazhi

സഹകരണസ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടെയും വൈസ്പ്രസിഡന്റുമാരുടെയും പ്രതിമാസഓണറേറിയം വര്‍ധിപ്പിച്ചു. ഇവരുള്‍പ്പെടെയുള്ള ഭരണസമിതിയംഗങ്ങളുടെ ദിനബത്ത, യാത്രാബത്ത, സിറ്റിങ്ഫീസ് എന്നിവയും വര്‍ധിപ്പിച്ചിട്ടുണ്ട്. 2014ലാണ് ഇതിനുമുമ്പ് ഇവ പുതുക്കിയത്. ഇവ വര്‍ധിപ്പിക്കണമെന്ന നിരന്തരാവശ്യം പരിഗണിച്ചും വര്‍ധിപ്പിക്കേണ്ടതാണെന്നു സര്‍ക്കാരിനു ബോധ്യപ്പെട്ടതിനാലുമാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുത്തുന്നതെന്നു സഹകരണസംഘം രജിസ്ട്രാര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കി. വര്‍ധന 2024 ഒക്ടോബര്‍ ഒന്നിനു പ്രാബല്യത്തില്‍ വന്നു.

സര്‍ക്കുലറനുസരിച്ച് കേരളബാങ്ക് ചെയര്‍മാന്റെ ഒണറേറിയം 22,000 രൂപയില്‍നിന്നു 33,000 രൂപയായും വൈസ് ചെയര്‍മാന്റെത് 10,000 രൂപയില്‍നിന്നു 15,000 രൂപയായും വര്‍ധിക്കും. ഇവരടക്കമുള്ള ഭരണസമിതിയംഗങ്ങളുടെ ദിനബത്ത 400 രൂപയില്‍നിന്ന് 600 രൂപയായും യാത്രാബത്ത കിലോമീറ്ററിന് അഞ്ചു രൂപയില്‍നിന്ന് ഏഴര രൂപയായും സിറ്റിങ് ഫീ 800 രൂപയില്‍നിന്ന് 1200 രൂപയായും ഉയര്‍ത്തി. കേരളസംസ്ഥാനസഹകരണകാര്‍ഷികഗ്രാമവികസനബാങ്കിലും ഇതേനിരക്കുകളിലാണു വര്‍ധന. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്റെ ഓണറേറിയം 20,000 രൂപയില്‍നിന്നു 30,000രൂപയായും വൈസ്‌ചെയര്‍മാന്റെത് 7500 രൂപയില്‍നിന്ന് 11,250 രൂപയായും ഇവരടക്കമുള്ള അംഗങ്ങളുടെ ദിനബത്ത 350 രൂപയില്‍നിന്ന് 525 രൂപയായും യാത്രാബത്ത കിലോമീറ്റിനു നാലു രൂപയില്‍നിന്ന് ആറു രൂപയായും സിറ്റിങ് ഫീ 500 രൂപയില്‍നിന്ന് 750 രൂപയായുമാണു വര്‍ധിപ്പിച്ചിട്ടുള്ളത്. മാര്‍ക്കറ്റ്‌ഫെഡ്, കേരഫെഡ്, ഹൗസ്‌ഫെഡ് എന്നിവയിലും സമാനമാണു വര്‍ധന. മറ്റു ഫെഡറേഷനുകളില്‍ വ്യത്യസ്തതോതിലാണു വര്‍ധന. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ഓണറേറിയം ഇല്ലാത്ത ലേബര്‍ഫെഡില്‍ യഥാക്രമം 12,000 രൂപയും 6000 രൂപയും ഓണറേറിയം ഏര്‍പ്പെടുത്തി.

പ്രാഥമിക സഹകരണ കാര്‍ഷികഗ്രാമവികസനബാങ്കുകളിലെ പ്രസിഡന്റുമാരുടെ ഓണറേറിയം 10,000 രൂപയില്‍നിന്നു 15,000 രൂപയാക്കി. വൈസ്പ്രസിഡന്റിന് ഓണറേറിയമില്ല. ഭരണസമിതിയംഗങ്ങളുടെ ദിനബത്ത 350 രൂപയില്‍നിന്ന് 525 രൂപയായും യാത്രാബത്ത കിലോമീറ്ററിനു നാലു രൂപയില്‍നിന്ന് ആറു രൂപയായും സിറ്റിങ്ഫീ 600 രൂപയില്‍നിന്നു 900 രൂപയായും ഉയര്‍ത്തി. സ്‌പെഷ്യല്‍ ഗ്രേഡ് അര്‍ബന്‍ സഹകരണബാങ്കുപ്രസിഡന്റുമാര്‍ക്കു 15,000 രൂപയും വൈസ്പ്രസിഡന്റുമാര്‍ക്ക് 7500 രൂപയും ഓണറേറിയവും ഭരണസമിതിയംഗങ്ങള്‍ക്ക് 525 രൂപ ദിനബത്തയും ആറു രൂപ യാത്രാബത്തയും 900 രൂപ സിറ്റിങ് ഫീയും ലഭിക്കും നിലവില്‍ ഇതു യഥാക്രമം 10,000 രൂപയും 5000 രൂപയും 350 രൂപയും നാലു രൂപയും 600 രൂപയുമാണ്. ക്ലാസ് ഒന്നുമുതല്‍ ആറുവരെയുള്ള അര്‍ബന്‍ബാങ്കുകളുടെ പ്രസിഡന്റുമാരുടെയും ഭരണസമിതിയംഗങ്ങളുടെയും ഓണറേറിയം അടക്കമുള്ള നിരക്കുകളിലും വര്‍ധനയുണ്ട്. വൈസ്പ്രസിഡന്റുമാര്‍ക്ക് ഓണറേറിയം ഇല്ലാത്തനില തുടരും.

പ്രാഥമികവായ്പാസംഘങ്ങള്‍ (കാര്‍ഷിക/കാര്‍ഷികേതര/അര്‍ബന്‍ സംഘങ്ങള്‍/ റൂറല്‍ ബാങ്കുകള്‍, ജീവനക്കാരുടെ വായ്പാസംഘങ്ങള്‍ ഉള്‍പ്പെടെയും ഭവനസംഘങ്ങള്‍ ഒഴികെയുമുള്ള – ചട്ടങ്ങളിലെ അനുബന്ധം മൂന്നു പ്രകാരമുള്ളത്) സൂപ്പര്‍ ഗ്രേഡ് – 200 കോടി രൂപയും അതിനുമുകളിലും നിക്ഷേപമുള്ളവയുടെ വിഭാഗത്തിലെ പ്രസിഡന്റുമാര്‍ക്ക് ഓണറേററിയം 12,000 രൂപയില്‍നിന്നു 18,000 രൂപയാക്കിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ ദിനബത്ത 400 രൂപയില്‍നിന്ന് 600 രൂപയായും യാത്രാബത്ത നാലു രൂപയില്‍നിന്ന് ആറു രൂപയായും സിറ്റിങ് ഫീ 600 രൂപയില്‍നിന്നു 900 രൂപയായുമാണു കൂട്ടിയിട്ടുള്ളത്. മറ്റു സഹകരണസംഘങ്ങളുടെ കൂട്ടത്തില്‍ വാര്‍ഷികവിറ്റുവരവ്/പ്രവര്‍ത്തനമൂലധനം ബാധകമായവയില്‍ രണ്ടു കോടിയില്‍ കൂടുതലുള്ളവയില്‍ പ്രസിഡന്റുമാരുടെ ഓണറേറിയം 5000 രൂപയില്‍നിന്നു 7500 രൂപയാക്കിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും താഴെ 10 ലക്ഷം മുതല്‍ 25 ലക്ഷംവരെയുളള വിഭാഗത്തില്‍ പ്രസിഡന്റിന്റെ ഓണറേറിയം 2000 രൂപയില്‍നിന്നു 3000 രൂപയാക്കിയിട്ടുണ്ട്. മറ്റുനിരക്കുകളിലും വര്‍ധനയുണ്ട്.

ഓണറേറിയമുള്ള പ്രസിഡന്റിനും വൈസ്പ്രസിഡന്റിനും സ്ഥാപനആസ്ഥാനത്തുനിന്ന് എട്ടു കിലോമീറ്റര്‍ വരെയുള്ള യാത്രക്കു യാത്രാബത്ത കിട്ടില്ല. ഭരണസമിതിയോഗത്തില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍ക്കു യാത്രാബത്തക്കുപുറമെ സിറ്റിങ് ഫീസും കിട്ടും. വ്യാപാരാവശ്യത്തിനു യാത്രചെയ്യേണ്ടിവരുന്ന ഭരണസമിതിയംഗങ്ങള്‍ക്കു യാത്രാബത്തക്കു പുറമെ ദിനബത്തക്കും അര്‍ഹതയുണ്ട്. സ്ഥാപനത്തിന്റെ വാഹനം ഉപയോഗിക്കുന്നവര്‍ക്കും സ്ഥാപനം ലഭ്യമാക്കുന്ന വാഹനം ഉപയോഗിക്കുന്നവര്‍ക്കും യാത്രാബത്തയില്ല. ഇവര്‍ക്കു സ്ഥാപനത്തിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കു കിട്ടുന്ന സര്‍ക്കാര്‍നിരക്കിലുള്ള ഇന്‍സിഡന്റല്‍ എക്‌സ്‌പെന്‍സിന് അര്‍ഹതയുണ്ട്. എട്ടു കിലോമീറ്ററിനു പുറത്തു യാത്ര ചെയ്താല്‍ ഈ തുക ഏറ്ററ്വും കുറഞ്ഞത് പകുതിദിനബത്തയായിരിക്കും. വാഹനം അനുവദിച്ചിട്ടുള്ള സ്ഥാപനങ്ങളിലെ പ്രസിഡന്റിനും ഭരണസമിതിയംഗങ്ങള്‍ക്കും അതുപയോഗിക്കാതെ തീവണ്ടിയിലാണു യാത്രയെങ്കില്‍ ഒന്നാംക്ലാസ്/രണ്ടാംക്ലാസ് എ.സി.തീവണ്ടിനിരക്കോ റോഡുമാര്‍ഗമാണെങ്കില്‍ എക്‌സ്പ്രസ്/സൂപ്പര്‍ഫാസ്റ്റ് നിരക്കോ ക്ലെയിം ചെയ്യാം. ഒപ്പം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് തീവണ്ടി/റോഡ് യാത്രക്ക് കിട്ടുന്ന ഇന്‍സിഡന്റല്‍ എക്‌സപെന്‍സും. ഭരണസമിതിയംഗങ്ങള്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കുള്ള നിരക്കില്‍ ഹാള്‍ട്ട് ഡി.എ.യക്ക് അര്‍ഹതയുണ്ട്. സംസ്ഥാനത്തിനു പുറത്തു യാത്ര ചെയ്യുന്നവര്‍ക്കു സാധാരണനിരക്കിലും 50% കൂടുതല്‍ ദിനബത്തക്ക് അര്‍ഹതയുണ്ട്. മുറിവാടകയിനത്തില്‍ ചീഫ് എക്‌സിക്യൂട്ടീവ്് ഓഫീസര്‍ക്കു സര്‍ക്കാര്‍നിരക്കനുസരിച്ചുള്ള തുകയ്ക്കും അര്‍ഹതയുണ്ട്. ഓണറേറിയം, യാത്രാബത്ത, ദിനബത്ത, സിറ്റിങ് ഫീസ് എന്നിവ അനുവദനീയമല്ലാത്ത സംഘങ്ങള്‍ക്ക് അവര്‍ അപേക്ഷിച്ചാല്‍ സ്ഥാപനത്തിന്റെ സാമ്പത്തികസ്ഥിതി നോക്കി സഹകരണസംഘം രജിസ്ട്രാര്‍ പ്രത്യേക ഉത്തരവ് നല്‍കും. ഈ സംഘങ്ങളിലെ ഭരണസമിതിയംഗങ്ങള്‍ക്കു സംഘങ്ങളുടെ ആവശ്യത്തിനു യാത്ര ചെയ്യേണ്ടിവന്നാല്‍ യഥാര്‍ഥ ബസ് യാത്രാനിരക്കു വാങ്ങാം. സര്‍ക്കുലറിന്റെ പൂര്‍ണരൂപം ചുവടെ : circular-23-2024