ജീവനക്കാര്‍ക്കു സഹകരണമേഖലയുടെ കാഴ്ചപ്പാടു വേണം: മന്ത്രി വി.എന്‍. വാസവന്‍

moonamvazhi
ജീവനക്കാര്‍ക്കു സഹകരണമേഖലയുടെ കാഴ്ചപ്പാടനുസരിച്ചു പ്രവര്‍ത്തിക്കാനുള്ള മനോഭാവം വേണമെന്നു സഹകരണമന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. സഹകരണസര്‍വീസ് പരീക്ഷാബോര്‍ഡ് വഴി നിയമനം ലഭിച്ച ജൂനിയര്‍ ക്ലര്‍ക്കുമാരുടെ ഇന്‍ഡക്ഷന്‍ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണമേഖലയുടെ പ്രവര്‍ത്തനം സാമൂഹികപ്രതിബദ്ധമാണ്. സഹകാരികളാണു മേഖലയുടെ യഥാര്‍ഥഉടമകള്‍. ജീവനക്കാര്‍ ഇടപാടുകാരുടെ വിശ്വാസ്യത നേടണമെന്നും അദ്ദേഹം പറഞ്ഞു. റാങ്കുപട്ടികയിലുള്ളവര്‍ക്കു മന്ത്രി നിയമനോത്തരവു കൈമാറി.
ജവഹര്‍ സഹകരണഭവനില്‍ നടന്ന ചടങ്ങില്‍ സഹകരണപരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ എസ്.യു. രാജീവ് അധ്യക്ഷനായി. സംസ്ഥാനസഹകരണയൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍ മുഖ്യാതിഥിയായി. സഹകരണസെക്രട്ടറി വീണ എന്‍. മാധവന്‍ സന്നിഹിതയായി.
മൂന്നുദിവസത്തെ പരിശീലനം കേരള സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (കിക്മ), സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.സി.എം), കാര്‍ഷികസഹകരണ സ്റ്റാഫ്പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട് (എ.സി.എസ്.ടി.ഐ) എന്നിവിടങ്ങളിലാണ്്. 81 സംഘങ്ങളിലെ 191 ഒഴിവിലേക്കാണു നിയമനനടപടികള്‍ സ്വീകരിച്ചുവരുന്നത്.