ബഡ്‌സ് നിയമം ആദ്യമായി പ്രയോഗിക്കുന്നത് തിരുവനന്തപുരം ബി.എസ്.എന്‍.എല്‍. സംഘത്തില്‍; സര്‍ക്കാര്‍ റഗുലേറ്ററെ നിയോഗിച്ചു

moonamvazhi

ബാനിങ് ഓഫ് അണ്‍റഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ് (ബഡ്‌സ്) ആക്ട് സഹകരണ സംഘങ്ങള്‍ക്കും ബാധകമാക്കി നടപടി എടുക്കാന്‍ സര്‍ക്കാരിന്റെ അനുമതി. തിരുവനന്തപുരം ബി.എസ്.എന്‍.എല്‍. എന്‍ജിനീയേഴ്‌സ് സഹകരണ സംഘത്തിനെതിരെയാണ് സംസ്ഥാനത്ത് ആദ്യമായി ബഡ്‌സ് നിയമം നടപ്പാക്കുന്നത്. ബി.എസ്.എന്‍.എല്‍. സഹകരണ സംഘത്തിലെ തട്ടിപ്പിന്റെ ഭാഗമായി നിക്ഷേപകര്‍ക്ക് നഷ്ടമായ പണം ബഡ്‌സ് നിയമപ്രകാരം ആസ്തിവിറ്റ് നല്‍കുന്നതിനുള്ള നടപടിക്കാണ് ഇപ്പോള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്.

നിക്ഷേപകരെ കബളിപ്പിക്കുന്ന പരാതി ഉയര്‍ന്നാല്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ 2019-ലാണ് ബഡ്‌സ് നിയമം പാസാക്കിയത്. ഇത് സഹകരണ സംഘങ്ങള്‍ക്ക് ബാധകമാക്കിയിരുന്നില്ല. ബി.എസ്.എന്‍.എല്‍. സംഘത്തിന് ബഡ്‌സ് നിയമം ബാധകമാക്കി റഗുലേറ്ററെ നിയോഗിച്ചുള്ള ഉത്തരവില്‍ പറയുന്നത് ഇങ്ങനെയാണ് – ബഡ്‌സ് ആക്ടിലെ ഷെഡ്യൂള്‍ ഒന്ന് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ആണ് സംഘങ്ങളുടെ നടത്തുന്ന സ്‌കീമുകളുടെ റെഗുലേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നത് എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതിനാല്‍ സര്‍ക്കാരിന് ഒരു ഓഫീസറെ റഗുലേറ്ററുടെ അധികാരങ്ങളും ചുമതലകളും നിര്‍വഹിക്കാന്‍ അധികാരപ്പെടുത്താം- എന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതനുസരിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിലെ അഡീഷ്ണല്‍ രജിസ്ട്രാറെ(ജനറല്‍) ബി.എസ്.എന്‍.എല്‍. എന്‍ജിനീയേഴ്‌സ് സഹകരണ സംഘത്തില്‍ അഡ്മിനിസ്‌ട്രേറ്ററായി സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തു.

നിക്ഷേപതട്ടിപ്പുണ്ടായാല്‍ സ്ഥാപനത്തിന്റെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ ബഡ്‌സ് നിയമപ്രകാരം ശേഖരിച്ച് പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കാനുള്ള ചുമതല റഗുലേറ്റര്‍ക്കാണ്. ഇത് വിറ്റ് പണമാക്കി നിക്ഷേപകര്‍ക്ക് നല്‍കുന്നതിന് 180 ദിവസംകൊണ്ട് വിധി പുറപ്പെടുവിപ്പിക്കുമെന്നാണ് വ്യവസ്ഥ. സ്ഥാപനത്തിന്റെ സ്വത്തുക്കള്‍ കൈമാറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതും ജപ്തി ചെയ്ത് പണമാക്കി മാറ്റാന്‍ കോടതിക്ക് അധികാരമുണ്ട്. സ്ഥാപനത്തിന്റെ ഡയറക്ടര്‍മാര്‍, പ്രമോട്ടര്‍മാര്‍മാര്‍, മാനേജര്‍മാര്‍ എന്നിവരുടെയും സ്വത്തുക്കള്‍ ഈ രീതിയില്‍ ജപ്തിചെയ്യാനാകും.

ബഡ്‌സ് നിയമം നടപ്പാക്കുന്നതിന് പ്രത്യേക രീതി ഓരോ സംസ്ഥാനത്തും നിലവില്‍വന്നിട്ടുണ്ട്. കേരളത്തില്‍ ആഭ്യന്തര സെക്രട്ടറിയാണ് ഇതിന്റെ അതോറിറ്റി. പോലീസ് സ്‌റ്റേഷന്‍ ചാര്‍ജുള്ള ഓഫീസര്‍മാര്‍ക്ക് ജില്ലാ പോലീസ് മേധാവിയുടെ അധികാരപ്പെടുത്തലോടെ അന്വേഷണം നടത്താനാകും. പരിശോധിക്കാനും രേഖകള്‍ പിടിച്ചെടുക്കാനും അധികാരമുണ്ട്. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനാകും. മറ്റ് സംസ്ഥാനങ്ങില്‍നിന്ന് പ്രതികളായവരുടെ ബന്ധങ്ങളുണ്ടെങ്കില്‍ സി.ബി.ഐ.യുടെ സേവനം ആവശ്യപ്പെടാനാകും.