സഹകരണ സംഘത്തില്‍നിന്നെടുത്ത വായ്പയുടെ കുടിശ്ശിക വിരമിക്കല്‍ ആനുകൂല്യത്തില്‍നിന്നു കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

moonamvazhi

ഇടുക്കിജില്ലാ പൊലീസ് സഹകരണസംഘത്തില്‍ (ഐ-490) നിന്നെടുത്ത വായ്പയിലെ കുടിശ്ശിക സ്വയംവിരമിക്കുന്ന അസി. സബ് ഇന്‍സ്‌പെക്ടറുടെ വിരമിക്കല്‍ആനുകൂല്യങ്ങളിലും ഡി.സി.ആര്‍.ജി (ഡെത്ത്-കം-റിട്ടയര്‍മെന്റ് ഗ്രാറ്റുവിറ്റി) യിലുംനിന്നു സംഘത്തിനു കൈമാറാന്‍ ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കു ഹൈക്കോടതി നിര്‍ദേശം നല്‍കി.

എ.എസ്.ഐ.യായ അനൂബ് പി.എം. എടുത്ത വായ്പയുടെ കാര്യത്തിലാണീ ഉത്തരവ്. കുടിശ്ശികയായാല്‍ തങ്ങളുടെ ശമ്പളത്തില്‍നിന്നും ഡി.സി.ആര്‍.ജി. അടക്കമുള്ള വിരമിക്കല്‍ ആനുകൂല്യങ്ങളില്‍നിന്നും പിടിച്ചുകൊള്ളാന്‍ അനൂബും മറ്റൊരു എ.എസ്.ഐ. അബ്‌സര്‍ മുഹമ്മദ്കുട്ടിയും സമ്മതപത്രം നല്‍കിയാണു വായ്പയെടുത്തത്. അബ്‌സര്‍ മുഹമ്മദുകുട്ടി വിരമിച്ചു.

വായ്പ കുടിശ്ശികയായപ്പോള്‍ ഇരുവരുടെയും ശമ്പള/വിരമിക്കല്‍/ഡി.സി.ആര്‍.ജി. ആനുകൂല്യങ്ങളില്‍നിന്നു തുക പിടിക്കാന്‍ സംഘം നടപടി ആരംഭിച്ചു. തുടര്‍ന്നാണു ഹര്‍ജിക്കാധാരമായ നടപടി. വിരമിക്കല്‍ആനുകൂല്യങ്ങളില്‍നിന്നു തുക പിടിക്കണമെങ്കില്‍ അതിനായി ജീവനക്കാരുടെ സമ്മതപത്രം വാങ്ങിയശേഷംമാത്രമേ കഴിയൂ എന്ന നിലപാട് ജില്ലാപൊലീസ് മേധാവി കൈക്കൊള്ളുന്നുവെന്നും ഇതു നിയമവിരുദ്ധമാണെന്നും സംഘം ഹര്‍ജിയില്‍ പറഞ്ഞു. അനൂബും അബ്‌സര്‍ മുഹമ്മദുകുട്ടിയും തങ്ങളുടെ വിരമിക്കല്‍ആനുകൂല്യങ്ങളിലും ഡി.സിആര്‍.ജി.യിലുംനിന്നു തുക പിടിച്ചുകൊള്ളാന്‍ സമ്മതപത്രം നല്‍കിയിട്ടുള്ളതാണെന്നു സംഘം ചൂണ്ടിക്കാട്ടി. നേരത്തെതന്നെ പ്രത്യേകമായി സമ്മതപത്രം നല്‍കിയിട്ടുണ്ടെങ്കില്‍ വിരമിക്കല്‍ആനുകൂല്യത്തിലും ഡി.സിആര്‍.ജിയിലുംനിന്നു തുക പിടിക്കാന്‍ സംഘത്തിനും ബാങ്കിനും അവകാശമുണ്ടെന്ന് ഒരു റിട്ട് ഹര്‍ജിയിലും റിട്ട് അപ്പീലിലും ഹൈക്കോടതി വിധിയുള്ളകാര്യം കോടതി ചൂണ്ടിക്കാട്ടി.

അനൂബ് സ്വയംവിരമിക്കാന്‍ അപേക്ഷിച്ചിട്ടുണ്ടെന്നും ഡി.സി.ആര്‍.ജി. അടക്കമുള്ള എല്ലാ വിരമിക്കല്‍ആനുകൂല്യവും വായ്പയിനത്തില്‍ അടക്കാനുള്ള തുകയിലേക്കു കൈമാറാവുന്നതാണെന്നും ഹര്‍ജി വാദത്തിനുവന്നപ്പോള്‍ അനൂബിന്റെയും അഫ്‌സര്‍മുഹമ്മദുകുട്ടിയുടെയും വക്കീല്‍ അറിയിച്ചു. കോടതിമുമ്പാകെ വ്യക്തമായി ഇക്കാര്യം ബോധിപ്പിച്ച സാഹചര്യത്തില്‍ അനൂബ് സ്വയംവിരമിക്കുമ്പോള്‍ നല്‍കേണ്ട ഡി.സി.ആര്‍ജി.യിലും മറ്റ് ആനുകൂല്യങ്ങളിലും നിന്നുള്ള തുക സംഘത്തില്‍ അദ്ദേഹത്തിനുള്ള വായ്പാഅക്കൗണ്ടിലേക്കു കൈമാറാന്‍ കോടതി ഉത്തരവായി. അതു കഴിഞ്ഞും വായ്പത്തുക അടക്കാന്‍ ബാക്കിയുണ്ടെങ്കില്‍ ജാമ്യക്കാരില്‍നിന്ന് ഈടാക്കാന്‍ സംഘത്തിനു നടപടിയെടുക്കാവുന്നതാണെന്നും ഉത്തരവില്‍ വ്യക്തമാക്കി.