ഗ്രാറ്റ്വിറ്റി: പൊതുഉത്തരവും നിര്‍ദേശങ്ങളും വേണമെന്ന് ആവശ്യമുയരുന്നു

moonamvazhi
  • സഹകരണസ്ഥാപനങ്ങളിലെ നിക്ഷേപപ്പിരിവുകാരും അപ്രൈസര്‍മാരും ആനുകൂല്യത്തിനായി കോടതികളെ അഭയം തേടുന്നു
  • അനുകൂലഉത്തരവുകളുടെ പ്രയോജനം എല്ലാവര്‍ക്കും കിട്ടണമെന്നു അപ്രൈസേഴ്‌സ് യൂണിയന്‍

സഹകരണസ്ഥാപനങ്ങളിലെ നിക്ഷേപപ്പിരിവുകാരുടെയും അപ്രൈസര്‍മാരുടെയും ഗ്രാറ്റ്വിറ്റിയുടെയും മറ്റുംകാര്യത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശവും ഉത്തരവും സര്‍ക്കാരില്‍നിന്നുണ്ടാകണമെന്ന് ആവശ്യമുയരുന്നു. ലേബര്‍കോടതികളില്‍നിന്നും മറ്റുമുണ്ടാകുന്ന അനുകൂലഉത്തരവുകളുടെ പ്രയോജനം ഈ വിഭാഗത്തിലെ എല്ലാവര്‍ക്കും ലഭിക്കുംവിധം പൊതുഉത്തരവും മാര്‍ഗനിര്‍ദേശങ്ങളും ഉണ്ടാകണമെന്നാണ് ആവശ്യം.

ഈയിടെയും ഈ വിഭാഗം ജീവനക്കാരന് അനുകൂലമായ ഉത്തരവു ഡെപ്യൂട്ടി ലേബര്‍ കമ്മീഷണറില്‍ നിന്ന് ഉണ്ടായിരുന്നു. 49 വര്‍ഷം നിക്ഷേപപ്പിരിവുകാരനായി ജോലിചെയ്തു വിരമിച്ച കണ്ണൂര്‍ തോട്ടടയിലെ ഒ.പി. തിലകന് 10,12,434 രൂപ ഗ്രാറ്റ്വിറ്റിയും 10 ശതമാനം പലിശയും നല്‍കാന്‍ കണ്ണൂര്‍ അര്‍ബന്‍ സഹകരണബാങ്കിന് കണ്ണൂര്‍ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ എ.കെ. ഷാജുവാണ് ഉത്തരവു നല്‍കിയത്. നിക്ഷേപപ്പിരിവുകാര്‍ കമ്മീഷന്‍ജീവനക്കാരാണെന്നും മറ്റുജീവനക്കാരുടെ ആനുകൂല്യത്തിന് അര്‍ഹരല്ലെന്നും ബാങ്ക് വാദിച്ചെങ്കിലും കേരളഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധികളുടെ അടിസ്ഥാനത്തില്‍ ഇവരുടെ കമ്മീഷന്‍ വേതനഘടനയില്‍ വരുമെന്നും ഗ്രാറ്റ്വിറ്റിക്ക് അര്‍ഹരാണെന്നും ഉത്തരവു വ്യക്തമാക്കി. കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് കലക്ടേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാപ്രസിഡന്റായിരുന്നു തിലകന്‍. അദ്ദേഹത്തിനുവേണ്ടി അഡ്വ. എം. രമേശന്‍ ഹാജരായി. മുമ്പ് കാഞ്ഞങ്ങാട് കോട്ടച്ചേരി സര്‍വീസ് സഹകരണബാങ്കിലെ ഡെപ്പോസിറ്റ് കലക്ടറായി വിരമിച്ച പ്രശാന്ത്‌സദനത്തില്‍ മോഹന്‍കമ്മത്തിന് മുഴുവന്‍സേവനകാലത്തിനനുസരിച്ചു ഗ്രാറ്റ്വിറ്റിക്ക് അര്‍ഹതയുണ്ടെന്നും 20,00,429രൂപ ഗ്രാറ്റ്വിറ്റിയും 10 ശതമാനം പലിശയും നല്‍കണമെന്നും കണ്ണൂര്‍ ഡി.എല്‍.ഒ. ഉത്തരവിട്ടിരുന്നു.

2023 ജൂണില്‍ കോഴിക്കോട് ഡെപ്യൂട്ടി ലേബര്‍ കമ്മീഷണറും സമാന ഉത്തരവ് നല്‍കിയിരുന്നു. ഗോള്‍ഡ് അപ്രൈസറായിരുന്ന ചോമ്പാല തട്ടോലിക്കര കക്കുഴിയുള്ളപറമ്പത്ത് കെ.പി. ദാമോദരന്‍ വടകര കോ-ഓപ്പറേറ്റീവ് റൂറല്‍ബാങ്കിന ്(നമ്പര്‍ എഫ് 1264) നല്‍കിയ ഹര്‍ജിയിലായിരുന്നു അത്. കമ്മീഷന്‍വ്യവസ്ഥയിലാണു ജോലിചെയ്തതെന്നും ഗോള്‍ഡ് അപ്രൈസര്‍മാര്‍ സ്റ്റാഫ് പാറ്റേണില്‍ വരില്ലെന്നും ബാങ്ക് ബോധിപ്പിച്ചു. എന്നാല്‍, ഗ്രാറ്റ്വിറ്റി നിയമപ്രകാരം വേതനത്തിനു ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികളും തൊഴിലാളി എന്ന നിര്‍വചനത്തില്‍ വരുമെന്ന് ഉത്തരവ് വ്യക്തമാക്കി. ദാമോദരന്‍ അതിനിടെ അന്തരിച്ചു. അനന്തരാവകാശികള്‍ക്ക് 67,846 രൂപ ഗ്രാറ്റ്വിറ്റി 10 ശതമാനം പലിശസഹിതം നല്‍കണമെന്ന് ഉത്തരവായി. ഗോള്‍ഡ് അപ്രൈസറായിരുന്ന ചൊക്ലി കടവത്തൂര്‍ തൂണിശ്ശേരി ടി. മോഹനന്റെ അവകാശികള്‍ക്ക് 50,016 രൂപ ഗ്രാറ്റ്വിറ്റി നല്‍കാന്‍ കണ്ണൂര്‍ ഡി.എല്‍.ഒ. 2024 ജൂണ്‍ 29ന് കേരളബാങ്കിനും ഉത്തരവു നല്‍കി.

ആനുകൂല്യത്തിനായി കേസ് നടത്തേണ്ട അവസ്ഥയാണെന്നും മരിച്ചവരുടെ അവകാശികള്‍ക്കു വളരെക്കാലത്തിനുശേഷമാണ് ഗ്രാറ്റ്വിറ്റി അനുവദിക്കുന്നതെന്നും കേരള സഹകരണബാങ്ക് അപ്രൈസേഴ്‌സ് യൂണിയന്‍ സെക്രട്ടറി വി.പി. വിനോദന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇപ്പോള്‍ അപ്രൈസര്‍മാരെ സബ്സ്റ്റാഫായി കണക്കാക്കി മിനിമം ശമ്പളം നല്‍കിവരുന്നുണ്ടെന്നും പി.എഫ്, ക്ഷേമ, ഉത്സവബത്ത ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഭരണഘടനാനുസൃതമായും കോടതിഉത്തരവുകള്‍ പ്രകാരവും ഗ്രാറ്റ്വിറ്റിക്കും അര്‍ഹരാണ്. വിരമിക്കുമ്പോള്‍ത്തന്നെ ഗ്രാറ്റ്വിറ്റിയും സ്ഥിരംജീവനക്കാരായി അംഗീകരിച്ച അപ്രൈസര്‍മാര്‍ക്കു സബ്സ്റ്റാഫ് വിഭാഗത്തിന് അനുവദിക്കുന്ന എട്ടുവര്‍ഷവും തുടര്‍ന്നു സീനിയോറിറ്റി പരിഗണിച്ചു ഹയര്‍ഗ്രേഡും അനുവദിക്കാന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശവും ഉത്തരവും ഇറക്കണമെന്ന് വിനോദന്‍ അധികൃതരോട് ആവശ്യപ്പെട്ടു.