കൂടുതല്‍ സഹകരണ ഉല്‍പന്നങ്ങള്‍ കയറ്റുമതിക്ക് ഒരുങ്ങുന്നു

moonamvazhi

സഹകരണ സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് കയറ്റുമതി കണ്ടെത്താനുള്ള സഹകരണ വകുപ്പിന്റെ ശ്രമങ്ങള്‍ വിജയകരമാകുന്നു. കൊച്ചിയില്‍നിന്ന് ഒരു കണ്ടയ്‌നര്‍ സാധനങ്ങളാണ് കഴിഞ്ഞമാസം കയറ്റുമതി ചെയ്തത്. നാല് സഹകരണ സംഘങ്ങളുടെ ഉല്‍പന്നങ്ങളാണ് ഇതിലുണ്ടായിരുന്നത്. ഇതിന് പിന്നാലെ കൂടുതല്‍ ഉല്‍പന്നങ്ങള്‍ വിദേശ വിപണിയിലേക്ക് എത്തുകയാണ്. കണ്ണൂരിലെ പ്രധാന സഹകരണ സംഘമായ ദിനേശിന്റെ തേങ്ങാപ്പാല്‍ ദുബായിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.

തലാല്‍ ഗ്രൂപ്പിന്റെ ഫുഡ് ഗേറ്റ് എന്ന ബ്രാന്‍ഡിലാണ് ദിനേശ് തേങ്ങാപ്പാല്‍ ദുബായ് വിപണയില്‍ എത്തിക്കുന്നത്. 500 മില്ലിലിറ്ററിന്റെ 1000 ബോക്‌സുകളാണ് ആദ്യഘട്ടത്തില്‍ ദുബായിലേക്ക് അയക്കുക. ദുബായ് ലോഞ്ചിങ് ദിനേശ് കേന്ദ്രസംഘത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ദിനേശ് ബാബു അധ്യക്ഷത വഹിച്ചു. ദിനേശിന്റെ എല്ലാ ഉല്‍പന്നങ്ങളും വിദേശ വിപണിയില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

സംഘം സെക്രട്ടറി എം.എം. കിഷോര്‍ കുമാര്‍, മാര്‍ക്കറ്റിങ് മാനേജര്‍ എം.സന്തോഷ് കുമാര്‍, ഓഫീസ് മാനേജര്‍ എം.പ്രകാശന്‍, ദിനേശ് ഫുഡ് പ്രൊഡക്ഷന്‍ മാനേജര്‍ സി.അജിത എന്നിവര്‍ പങ്കെടുത്തു.