സാമൂഹികസുരക്ഷാപെന്‍ഷന്‍ വിതരണം 25നകം തീര്‍ക്കണം; ബാക്കി 30നകം തിരിച്ചടക്കണം

moonamvazhi

ഓണംപ്രമാണിച്ചു സെപ്റ്റംബറില്‍ അനുവദിച്ച ഒരു മാസത്തെ സാമൂഹിക സുരക്ഷാപെന്‍ഷന്റെയും ഒരു മാസത്തെ കുടിശ്ശികയുടെയും വിതരണം 25നകം പൂര്‍ത്തിയാക്കണമെന്നു സഹകരണസംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചു. ബാക്കിവരുന്ന തുക 30നകം കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെ പേരില്‍ കേരളബാങ്കില്‍ തിരിച്ചടക്കണം. കേരളബാങ്കിന്റെ ആസ്ഥാനഓഫീസ് ശാഖയിലാണ് അടയ്‌ക്കേണ്ടത്. 110110801000251ആണ് അക്കൗണ്ട് നമ്പര്‍. KSBK0000101 ആണ് ഐ.എഫ്.എസ്.കോഡ്. തിരിച്ചടച്ചെന്ന് ഓരോജില്ലയിലെയും പെന്‍ഷന്‍വിതരണച്ചുമതലയുള്ള നോഡല്‍ ഓഫീസര്‍ ഉറപ്പാക്കണം. ഒക്ടോബര്‍ 10നകം അതിന്റെ റിപ്പോര്‍ട്ടും നല്‍കണം.

4928381 പേര്‍ക്കു പെന്‍ഷന്‍ നല്‍കാന്‍ 725,00,94,500 രൂപയും 4931930 പേര്‍ക്കു കുടിശ്ശിക നല്‍കാന്‍ 724,55,64,900 രൂപയും വേണ്ടിവരുമെന്ന കണക്കുകൂട്ടലില്‍ 1448,56,59,400 രൂപ അനുവദിച്ചിരുന്നു. പെന്‍ഷന്‍കാരുടെ ബാങ്ക് അക്കൗണ്ടുവഴി നല്‍കാനുള്ള തുകയും നേരിട്ടു വീടുകളിലെത്തിക്കാനുള്ള തുകയും യഥാക്രമം പഞ്ചായത്തുഡയറക്ടറുടെ ബന്ധപ്പെട്ട അക്കൗണ്ടിലേക്കും വെള്ളയമ്പലം സബ്ട്രഷറിയില്‍ ഇതിനായുള്ള പ്രത്യേക ടി.എസ്.ബി. അക്കൗണ്ടിലേക്കും കൈമാറാന്‍ പെന്‍ഷന്‍കമ്പനിയെ ധനവകുപ്പ് ചുമതലപ്പെടുത്തിയിരുന്നു.

ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വികലാംഗപെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍ എന്നിവയുടെ ഗുണഭോക്താക്കള്‍ക്ക് ഒരു മാസത്തെ പെന്‍ഷനും ഒരു മാസത്തെ കുടിശ്ശികയ്ക്കുമായി 48.61,79,600 രൂപ തദ്ദേശസ്വയംഭരണസ്ഥാപനവകുപ്പ് റൂറലിന് ധനവകുപ്പ് അനുവദിച്ചിരുന്നു.