നഞ്ചങ്കോട്-നിലമ്പൂര്‍ തീവണ്ടിപ്പാതനിര്‍മാണം വേഗത്തിലാക്കണം

moonamvazhi

നിലമ്പൂര്‍-ബത്തേരി-നഞ്ചങ്കോട് തീവണ്ടിപ്പാത നിര്‍മാണം വേഗത്തിലാക്കണമെന്നു സുല്‍ത്താന്‍ ബത്തേരി സപ്ത കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന സഹകരണ മേഖലയിലേതടക്കമുള്ള സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. റെയില്‍വേബോര്‍ഡില്‍ ഡി.പി.ആര്‍. ലഭിച്ചാലുടന്‍ പ്രാരംഭനിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു കേന്ദ്ര,കേരളസര്‍ക്കാരുകള്‍ പണം അനുവദിക്കണമെന്ന ആവശ്യവും ഉന്നയിച്ചു.മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് ഷെവലിയര്‍ സി.ഇ. ചാക്കുണ്ണി യോഗം ഉദ്ഘാടനം ചെയ്തു. ലാന്റ് റിഫോംസ് ആന്റ് ഡവലപ്‌മെന്റ് സഹകരണസംഘം (ലാഡര്‍) ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. നീലഗിരി-വയനാട് ദേശീയപാത-റെയില്‍വെ ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ അഡ്വ. ടി.എം. റഷീദ് വിഷയം അവതരിപ്പിച്ചു. വയനാട് ചേമ്പര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി, വിനയകുമാര്‍ അഴിപ്പുറത്ത്, അയ്യപ്പദാസ്, മാത്യു ജോര്‍ജ്, പി.വെ. മത്തായി, ജോണ്‍മത്തായി നൂറനാല്‍, മോഹന്‍ ചന്ദ്രഗിരി, ഖാദര്‍ പട്ടാമ്പി, ജോസ് കുര്യന്‍. ഡോ. എ.കെ. റഫീഖ്, ജോയിച്ചന്‍ വര്‍ഗീസ്, രാജശേഖരന്‍ പുതുശ്ശേരി, ഫാ. ഡൊമിനിക്, പോള്‍ മാത്യൂസ്, മാത്തായി ജോര്‍ജ്, യൂസഫ് ഹാജി, ഫാ. ബെന്നി തോമസ്, പ്രൊഫ. റെനി മാത്യൂസ്, പ്രൊഫ. തോമസ് പോള്‍, സിയു ജോണി, ബിജു ഡിജില, എം.എ അസൈനാര്‍ എന്നിവര്‍ സംസാരിച്ചു. ആക്ഷന്‍ കമ്മറ്റി സെക്രട്ടറി വിനയകുമാര്‍ അഴിപുറത്ത് സ്വാഗതവും മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അഡ്വ. എം.കെ. അയ്യപ്പന്‍ നന്ദിയും പറഞ്ഞു.

നിലമ്പൂര്‍-നഞ്ചന്‍ഗോഡ് തീവണ്ടിപ്പാതയുടെ അന്തിമസ്ഥലനിര്‍ണയസര്‍വേയും ഡി.പി.ആറും പൂര്‍ത്തീകരിച്ചു റെയില്‍വേബോര്‍ഡിനു സമര്‍പ്പിക്കാന്‍ തയ്യാറാകുന്ന പഞ്ചാത്തലത്തിലാണു യോഗം. ആക്ഷന്‍ കമ്മറ്റിയുടെയും ഡവലപ്‌മെന്റ് കൗണ്‍സിലിന്റെയും കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍യൂസേഴ്‌സ് അസോസിയേഷന്റെയും വയനാട് ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെയും ആഭിമുഖ്യത്തിലാണു വിവിധസംഘടനകളുടെ യോഗം നടത്തിയത്. വിഴിഞ്ഞം തുറമുഖത്തിന്റെ പൂര്‍ണപ്രയോജനം ലഭിക്കാന്‍ ഈ തീവണ്ടിപ്പാത അനിവാര്യമാണെന്നു യോഗം ചൂണ്ടിക്കാട്ടി. ബന്ദിപ്പൂര്‍, വയനാട് വന്യജീവിസങ്കേതങ്ങളിലും പരിസ്ഥിതി സംവേദനമേഖലയിലും തുരങ്കത്തിലൂടെ നിര്‍മിക്കാന്‍ വിഭാവനംചെയ്യുന്ന പാത വന്യജീവിസങ്കേതങ്ങൡലെ മനുഷ്യഇടപെടല്‍ കാര്യമായി കുറക്കാന്‍ സഹായകമാവും. കേരളം-ബംഗളൂരു യാത്ര കൂടുതല്‍ എളുപ്പവും ചെലവുകുറഞ്ഞതുമാകും. വാണിജ്യ, വിദ്യാഭ്യാസ, തൊഴില്‍, ആരോഗ്യമേഖലകളും നന്നായി പുരോഗമിക്കും. പനവേല്‍ മുതല്‍ മംഗലാപുരം വരെ കൊങ്കണ്‍പാതയിലെയും കോയമ്പത്തൂര്‍ വഴി ഷൊര്‍ണൂര്‍വരെയിള്ള തീവണ്ടിപ്പാതയിലെയും തിരക്ക് ഒഴിവാക്കാം. കര്‍ണാടകത്തിലെ വാണിജ്യമേഖലക്കും വലിയ ഉണ്ടര്‍വുണ്ടാകും. ബംഗളൂരു-കൊച്ചി, മൈസൂര്‍-കോയമ്പത്തൂര്‍ എന്നീ രണ്ടു റെയില്‍വേ ഇടനാഴികളാണ് ഒറ്ററെയില്‍പാതയിലൂടെ ലഭിക്കുകയെന്നും യോഗം ചൂണ്ടിക്കാട്ടി. നിര്‍മാണച്ചെലവിന്റെ പാതിവീതം കേന്ദ്ര,കേരളസര്‍ക്കാരുകള്‍ വഹിക്കാമെന്ന ഉറപ്പിലാണു 2016ല്‍ പാതക്ക് അനുമതി ലഭിച്ചതും പിങ്കുബക്കില്‍ പെടുത്തി ഡി.പി.ആര്‍ തയ്യാറാക്കലിലേക്കു കടന്നതും.