സഹകരണ ബാങ്കുകള്‍ നല്‍കേണ്ടത് സര്‍വീസ് ചാര്‍ജ് മാത്രം; ഒരു ശാഖയ്ക്ക് നല്‍കേണ്ടത് 4493 രൂപ

moonamvazhi

പ്രാഥമിക സഹകരണ ബാങ്കുകളില്‍ ഏകീകൃത സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിനുള്ള ചെലവിന്റെ ഒരുഭാഗം സര്‍ക്കാര്‍ വഹിക്കും. 142.83 കോടിരൂപയാണ് പൊതു സോഫ്റ്റ് വെയര്‍ പദ്ധതിക്ക് ചെലവ് കണക്കാക്കിയിട്ടുള്ളത്. ഇതിനെ രണ്ടുഭാഗമാക്കിയാണ് കണക്കാക്കിയിട്ടുള്ളത്. ഒരുഭാഗം ഇംപ്ലിമെന്റേഷന്‍ ചാര്‍ജും, മറ്റൊരുഭാഗം സര്‍വീസ് ചാര്‍ജുമാണ്. ഇതില്‍ ഇംപ്ലിമെന്റേഷന്‍ ചാര്‍ജ് പൂര്‍ണമായി സര്‍ക്കാര്‍ വഹിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. 63.60 കോടിരൂപയാണ് ഇതിനായി വരുന്ന ചെലവ്.

സര്‍വീസ് ചാര്‍ജ് പ്രാഥമിക സഹകരണ ബാങ്കുകള്‍ വഹിക്കണം. 142.83 കോടിരൂപയാണ് ഇങ്ങനെ നല്‍കേണ്ടത്. ആറുവര്‍ഷത്തേക്കാണ് കരാര്‍ നല്‍കിയിട്ടുള്ളത്. ഓരോമാസവും 142.83 കോടിരൂപവീതം സംഘങ്ങള്‍ പങ്കിട്ടുനല്‍കണോയെന്ന കാര്യം ആശങ്കയായി നിലനിന്നിരുന്നു. ഇത് സംബന്ധിച്ച് ഇറങ്ങിയ ഉത്തരവിലും അത്തരമൊരു ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇതിലും സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടുണ്ട്.

ഒരു പ്രാഥമിക സഹകരണ ബാങ്കിന്റെ ഒരു ശാഖയെ അടിസ്ഥാന യൂണിറ്റായി കണക്കാക്കിയാണ് സര്‍വീസ് ചാര്‍ജ് കണക്കാക്കുന്നത്. ഒരു ശാഖയ്ക്ക് ഒരുമാസം 4493.29 രൂപയാണ് സര്‍വീസ് ചാര്‍ജ് നല്‍കേണ്ടിവരികയെന്ന നിയമസഭയില്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ വ്യക്തമാക്കിയിട്ടുണ്ട്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് എന്ന സ്ഥാപനത്തിനാണ് പൊതു സോഫ്റ്റ് വെയര്‍ സ്ഥാപിക്കാനുള്ള കരാര്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍, ഇതുവരെ ഇത് സംബന്ധിച്ച് ധാരണാപത്രം ഒപ്പുവെച്ചിട്ടില്ല.

പ്രാഥമിക സഹകരണ ബാങ്കുകളായ കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെ രാജ്യത്താകെ ഒറ്റ് നെറ്റ് വര്‍ക്കിന്റെ ഭാഗമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പൊതു സോഫ്റ്റ് വെയര്‍ നടപ്പാക്കുന്നുണ്ട്. കേരളം ഇതിന്റെ ഭാഗമാകാതെയാണ് സ്വന്തം പദ്ധതി നടപ്പാക്കുന്നത്. കേന്ദ്രപദ്ധതിയില്‍ സഹകരണ സംഘങ്ങള്‍ക്ക് സാമ്പത്തിക ബാധ്യതയില്ല. ഇക്കാര്യം കൂടി പരിഗണിച്ചാണ് സംസ്ഥാന പദ്ധതിയുടെ സാമ്പത്തിക ചെലവിന്റെ ഒരുഭാഗം സര്‍ക്കാര്‍ വഹിക്കാന്‍ തീരുമാനിച്ചത്. കേന്ദ്രപദ്ധതിയും സൗജന്യമല്ലെന്നും അതിന്റെ ചെലവിന്റെ 40 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കേണ്ടതുണ്ടെന്നും മന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.