സഹകരണ സംരംഭത്തിനുള്ള ആശയം തേടി മേഘാലയ സംഘം കോഴിക്കോട്ടെത്തുന്നു

moonamvazhi

സഹകരണ മേഖലയില്‍ പകര്‍ത്താനുള്ള കേരള പാഠങ്ങള്‍ തേടിയെത്തുകയാണ് മേഘാലയ സംഘം. മുന്‍ ആഭ്യന്തരമന്ത്രിയും മേഘാലയ വ്യവസായ വികസന കോര്‍പ്പറേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ജെയിംസ് പി.കെ.സാങ്മയുടെ നേതൃത്വത്തിലാണ് ഔദ്യോഗിക സംഘം കോഴിക്കോട്ട് എത്തുന്നത്. സഹകരണ മേഖലയില്‍ നൂതന സംരംഭങ്ങള്‍ക്ക് തുടക്കമിട്ട പ്രമുഖ സഹകാരി സി.എന്‍.വിജയകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം.

വിജയകൃഷ്ണന്‍ തുടക്കമിട്ട സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും, അത്തരം ആശയങ്ങള്‍ രൂപപ്പെടുത്തിയ രീതിയും പഠിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. എം.വി.ആര്‍.ക്യാന്‍സര്‍ സെന്റര്‍, കാലിക്കറ്റി സിറ്റി സഹകരണ ബാങ്ക്, ലാഡര്‍ എന്നീ സ്ഥാപനങ്ങളും അതിലൂടെ രൂപപ്പെടുത്തിയ അനുബന്ധ സംരംഭങ്ങളും സംഘം പഠനവിധേയമാക്കും. രാജ്യത്തെ ആദ്യത്തെ സഹകരണ കാന്‍സര്‍ സെന്റര്‍, സഹകരണ പഞ്ചനക്ഷത്ര ഹോട്ടല്‍ എന്നിവ വിജയകൃഷ്ണന്റെ നേതൃത്വത്തിലാണ് തുടങ്ങിയത്. ഏഷ്യയിലെ ആദ്യത്തെ സഹകരണ വയോജന ഗ്രാമം തീര്‍ക്കാനുള്ള പദ്ധതി ലാഡര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത്തരം സാധ്യതകളാണ് മേഘാലയ പഠിക്കുന്നത്.

സഹകരണ മേഖലയില്‍ സംരംഭത്വം പ്രോത്സാഹിപ്പിക്കുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഒട്ടട്ടേറെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാധ്യതയും ഉപയോഗപ്പെടുത്തി സഹകരണത്തിലൂടെ സാമ്പത്തിക വളര്‍ച്ചയും അംഗങ്ങള്‍ക്ക് വരുമാനവും ഉറപ്പാക്കാനാണ് മേഘാലയ ലക്ഷ്യമിടുന്നത്. അതുകൊണ്ടാണ് വ്യവസായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനെ ഉള്‍പ്പെടുത്തി സഹകരണ ഉദ്യോഗസ്ഥരുടെ സംഘത്തെ സര്‍ക്കാര്‍ രൂപീകരിച്ചത്.

ജുലായ് 26ന് രാവിലെയാണ് സംഘം കോഴിക്കോട്ട് എത്തുക. കോഴിക്കോട് ചൂലൂരിലെ എം.വി.ആര്‍. ക്യാന്‍സര്‍ സെന്ററില്‍ രാവിലെ 11 മണിക്കും കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കില്‍ വൈകിട്ട് 5 മണിക്കും മേഘാലയ പ്രതിനിധി സംഘത്തിന് സ്വീകരണം നല്‍കും. വിജയകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയും സഹകരണ പദ്ധതികളും സാധ്യകളും സംബന്ധിച്ചുള്ള ചര്‍ച്ച ഇതിനിടയില്‍ നടക്കും.