കയര്‍ ഉല്‍പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ വിപണി ഒരുക്കാന്‍ ബഹുരാഷ്ട്രകമ്പനികളുമായി ധാരണ

moonamvazhi

കേരളത്തിന്റെ കയറുല്‍പന്നങ്ങള്‍ ഇനി ആഗോളവിപണയിലേക്ക്. കയറുല്‍പന്നങ്ങളുടെ വിപണനത്തിന് ബഹുരാഷ്ട്ര കമ്പനിയുമായ വാള്‍മാര്‍ട്ടുമായി കയര്‍കോര്‍പ്പറേഷന്‍ ധാരണയിലെത്തി. രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനം വാള്‍മാര്‍ട്ടുമായി ധാരണയിലെത്തുന്നത്. അടുത്തമാസത്തോടെ ഓണ്‍ലൈന്‍ വില്‍പന തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നീ ഇ-കൊമേഴ്‌സ് കമ്പനികളുമായും കോര്‍പ്പറേഷന്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.

വിപണിസാധ്യത പരമാവധി ഉപയോഗപ്പെടുത്തി കയര്‍സംഘങ്ങള്‍ക്കും തൊഴിലാളികള്‍ക്കും വരുമാനം ഉറപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. അതിന്റെ ഭാഗമായാണ് കോര്‍പ്പറേഷന്‍ വാള്‍മാര്‍ട്ട് പോലുള്ള ബഹുരാഷ്ട്ര കമ്പനികളുമായി ധാരണയുണ്ടാക്കിയത്. വാള്‍മാര്‍ട്ടിന്റെ അനുബന്ധ സ്ഥാപനമായ സാംസ്‌ക ക്ലബ്ബുമായും ധാരണയിലെത്തിയിട്ടുണ്ട്. ഗുണനിലവാര പരിശോധന ഉള്‍പ്പെടെ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഉല്‍പന്നങ്ങള്‍ വാള്‍മാര്‍ട്ടിന്‌റെ പ്ലാറ്റ് ഫോമില്‍ എത്തുന്നത്.

ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുമായി സഹകരിച്ച് ഉല്‍പന്ന വൈവിധ്യവല്‍ക്കണം നടത്തിയത് കോര്‍പ്പറേഷന് നേട്ടമായി. 1400 ഡിസൈനിലുള്ള ഉല്‍പന്നങ്ങളാണ് വിപണിയിലെത്തുന്നത്. കഴിഞ്ഞസാമ്പത്തിക വര്‍ഷം കയര്‍കോര്‍പ്പറേഷന്‍ 82ലക്ഷം രൂപം ലാഭം നേടി. 148 കോടിയുടെ വിറ്റുവരവാണുണ്ടായത്. വൈവിധ്യ വല്‍ക്കരണത്തിലൂടെ വിറ്റുവരവ് കൂട്ടുകയാണ് ലക്ഷ്യം. പുതിയ ഡിസൈനില്‍ നിര്‍മ്മിച്ച രണ്ടുലക്ഷം റോപ്പ് മാറ്റിന്റെ ഓര്‍ഡര്‍ കോര്‍പ്പറേഷന് ലഭിച്ചിട്ടുണ്ട്. ഷോ റൂമുകള്‍ നവീകരിച്ച് ഒരേ രീതിയിലാക്കാനും പദ്ധതിയുണ്ട്. ഷോറൂമുകളുടെ ബ്രാന്‍ഡിങ് ഡിസൈനിങ് ഘട്ടത്തിലാണ്. കയര്‍ ആന്‍ഡ് ക്രാഫ്റ്റ് ഷോറൂമുകളാക്കിയാണ് ബ്രാന്‍ഡ് ചെയ്യുന്നത്.