ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് കിട്ടാത്ത സംഘങ്ങള്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാവകാശം

Moonamvazhi

സഹകരണസംഘങ്ങള്‍ക്ക് 2023-24 സാമ്പത്തികവര്‍ഷത്തെ ആദായനികുതിക്കണക്കുകള്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 31 ല്‍നിന്നു നവംബര്‍ 15 വരെ നീട്ടിയിട്ടുണ്ടെങ്കിലും ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സംഘങ്ങള്‍ക്കു റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാവകാശമുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സഹകരണസംഘങ്ങളുടെ വരുമാനം ആദായനികുതിനിയമം വകുപ്പ് 80പി പ്രകാരം ഇളവിന് അര്‍ഹമാണെങ്കിലും യഥാസമയം റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ ഈ ഇളവ് അവകാശപ്പെടാന്‍ കഴിയില്ലെന്നാണു സാമ്പത്തികവിദഗ്ധര്‍ പറയുന്നത്.

നഷ്ടത്തിലുള്ളതായി കണക്കാക്കപ്പെടുന്ന പല സംഘങ്ങളുടെ കാര്യത്തിലും, സഹകരണവകുപ്പ് ഓഡിറ്റില്‍ മാറ്റിവച്ച കരുതല്‍ധനവും മറ്റു വകയിരുത്തലുകളും ആദായനികുതി ഓഡിറ്റില്‍ കൂട്ടിച്ചേര്‍ക്കപ്പെടുമെന്നതിനാല്‍, ആദായനികുതിവകുപ്പിന്റെ നോട്ടത്തില്‍ അവ ലാഭത്തിലാണെന്നു കണക്കാക്കപ്പെടാനിടയുണ്ട്. അതുകൊണ്ടുതന്നെ ആ ലാഭത്തിനു നികുതിബാധ്യത വരാനുമിടയുണ്ട്. നഷ്ടത്തിലുള്ള സംഘമാണെങ്കിലും സ്രോതസ്സില്‍നിന്നുതന്നെ അടച്ചിട്ടുള്ള നികുതികള്‍ (ടി.ഡി.എസ്) തിരികെ കിട്ടണമെങ്കിലും ആദായനികുതിക്കണക്കുകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. വാടകവരുമാനത്തില്‍നിന്നു പിടിച്ച ടി.ഡി.എസ്, പലിശവരുമാനത്തില്‍നിന്നു പിടിച്ച ടി.ഡി.എസ്. തുടങ്ങിയവ തിരികെ കിട്ടണമെങ്കില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കണം എന്നര്‍ഥം.


സഹകരണവകുപ്പിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് കിട്ടാത്ത സംഘങ്ങള്‍ക്ക് അതു കിട്ടിയാലുടന്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാം എന്നാണു കരുതപ്പെടുന്നത്. ഓഡിറ്റ്‌നോട്ടു വച്ചോ താത്കാലിക സാമ്പത്തികപ്രസ്താവനകള്‍ വച്ചോ റിട്ടേണ്‍ സമര്‍പ്പിക്കാം. പക്ഷേ, ഇത് ആദായനികുതിവകുപ്പ് അംഗീകരിക്കണമെന്നില്ല. റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ 80പി പ്രകാരമുള്ള ഇളവുകള്‍ അവകാശപ്പെട്ടുകൊണ്ടുള്ള നില്‍ (NIL) റിട്ടേണ്‍ ആണു സമര്‍പ്പിക്കേണ്ടത്.

Moonamvazhi

Authorize Writer

Moonamvazhi has 77 posts and counting. See all posts by Moonamvazhi