പ്രത്യയശാസ്ത്രത്തോടൊപ്പം സാമൂഹ്യപ്രതിബദ്ധതയും ചേരുമ്പോഴാണ് നല്ല സഹകാരിയുണ്ടാകുന്നത്: ജി.സുധാകരന്‍

moonamvazhi

സഹകരണ പ്രസ്ഥാനം തുടങ്ങിയാല്‍ അത് എങ്ങിനെ മുന്നോട്ട് കൊണ്ടുപോകുന്നു, അതില്‍നിന്ന് പടിയിറങ്ങുമ്പോള്‍ അതിന്റെ ഉയര്‍ച്ച എത്രയുണ്ട് എന്നതാണ് ഒരു സഹകാരിയുടെ സാമൂഹ്യപ്രതിബദ്ധതയുടെ അളവുകോല്‍ എന്ന് മുന്‍ സഹകരണമന്ത്രി ജി.സുധാകരന്‍ അഭിപ്രായപെട്ടു . കേരള സഹകരണ ഫെഡറേഷന്‍ 9ാം സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയുമാണ് സഹകാരികള്‍ക്കും നേതാക്കള്‍ക്കും വേണ്ടത്. സഹകരണമേഖലയിലടക്കം താഴെതട്ടില്‍ പ്രവര്‍ത്തിച്ചുവരുന്നവര്‍ നേതൃസ്ഥാനത്ത് എത്തുന്നില്ല. പ്രവര്‍ത്തന പരിചയമില്ലാത്തവരുടെ കടന്നുവരവ് മേഖലയുടെ ഭാവിയെ സാരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹകരണ ഫെഡറേഷന്‍ സമ്മേളനത്തോടനുബന്ധിച്ച് ജി.സുധാകരനെ സി.പി ജോണ്‍ ആദരിച്ചു. ഫെഡറേഷന്‍ സംസ്ഥാന ചെയര്‍മാന്‍ സി.എന്‍ വിജയകൃഷ്ണന്‍ അധ്യക്ഷനായി. സി.പി ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആശംസകള്‍നേര്‍ന്നു.അഡ്വ. എം.പി സാജു പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി.കെ രവീന്ദ്രന്‍ സ്വാഗതവും സി.വി തമ്പാന്‍ നന്ദിയും പറഞ്ഞു. നേരത്തെ കേരള ബാങ്ക് പുനസ്ഥാപിക്കണമെന്നും എല്ലാവിധ സഹകരണസംഘങ്ങള്‍ക്കും വായ്പ അനുവദിക്കുക, സംഘങ്ങള്‍ക്ക് ഭീമമായ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന കോമണ്‍ സോഫ്‌റ്റ്വെയര്‍ പദ്ധതിയില്‍നിന്നും പിന്മാറുക, കാര്‍ഷിക കടാശ്വാസ കമ്മിറ്റി സിറ്റിങ്ങ് യഥാസമയം നടത്തുക, ദേശീയപാത വികസനത്തോടനുബന്ധിച്ച് യാത്രാക്ലേശം പരിഹരിക്കാന്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിക്കുക, മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ അമിത പലിശ നല്‍കി നിക്ഷേപം സ്വീകരിക്കുന്ന നടപടി നിയന്ത്രിക്കുക എന്നീ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി സി.എന്‍ വിജയകൃഷ്ണന്‍(രക്ഷാധികാരി), അഡ്വ.എം.പി സാജു(ചെയര്‍മാന്‍), ഡി.അബ്ദുല്ല ഹാജി, വികാസ് ചക്രപാണി(വൈസ് ചെയര്‍മാന്‍), സാജു ജെയിംസ്(ജന.സെക്രട്ടറി), സി.എ അജീര്‍, കെ.സി ബാലകൃഷ്ണന്‍(ജോ.സെക്രട്ടറി), പി.ബൈജു(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.