സാങ്കേതികവിദ്യയും പരസ്പരസഹകരണവും സഹകരണപ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കു മുഖ്യം: ഐ.സി.എ.

moonamvazhi

സാങ്കേതികവിദ്യയിലെ മാറ്റങ്ങള്‍ സഹകരണപ്രവര്‍ത്തനത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്ന വിധത്തിലാണെന്നും, ഏറ്റവും പുതിയ സാങ്കേതികവിദ്യ സ്വാംശീകരിക്കുകയും സഹകരണപ്രസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുകയും ചെയ്താലേ ഈ പ്രസക്തി പൂര്‍ണമായി പ്രയോജനപ്പെടുത്താനാവൂ എന്നും അന്താരാഷ്ട്രസഹകരണസമ്മേളനം അഭിപ്രായപ്പെട്ടു. അന്താരാഷ്ട്രസഹകരണസഖ്യം ഏഷ്യാ-പസഫിക് (ഐ.സി.എ-എ.പി) മേഖലയുടെ ഗവേഷണസമ്മേളനത്തിന്റെ കോഴിക്കോട് യു.എല്‍. സൈബര്‍ പാര്‍ക്കില്‍ നടന്ന ആദ്യ സെഷനിലാണ് ഈ അഭിപ്രായം ഉരുത്തിരിഞ്ഞത്.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തിന്റെ (യു.എല്‍.സി.സി.എസ്) ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോടിന്റെ (ഐ.ഐ.എം-കെ) സഹകരണത്തോടെയാണു സമ്മേളനം. അടുത്ത വ്യവസായവിപ്ലവത്തില്‍ സഹകരണപ്രസ്ഥാനങ്ങള്‍ക്കുള്ള പങ്ക് എന്നതാണു സമ്മേളനവിഷയം. എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതികസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് മോഡറേറ്ററായി. സ്വയംസന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കു വലിയ പങ്കുള്ളവിധം ഉത്പാദനപ്രക്രിയ മാറുകയാണെന്നും ഈ സാമ്പത്തികമാതൃകയ്ക്കിണങ്ങുംവിധം സഹകരണമേഖല ആധുനികസാങ്കേതികവിദ്യ സ്വാംശീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. യു.എല്‍.സി.സി.എസ് ചെയര്‍മാന്‍ രമേശന്‍ പാലേരി അവതരണപ്രഭാഷണം നടത്തി. ആഗോളസഹകരണക്കൂട്ടായ്മകളും ലോകത്തെ മുന്‍നിരസഹകരണസ്ഥാപനങ്ങളും ഇന്ത്യയിലെ സഹകരണസ്ഥാപനങ്ങളും പരസ്പരം അനുഭവങ്ങള്‍ പങ്കുവയ്ക്കണമെന്നും ആ പാഠങ്ങള്‍ പ്രായോഗികമായി നടപ്പാക്കാന്‍ ഐ.സി.എ. സ്ഥിരംസംവിധാനം നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാള്‍മാര്‍ക്‌സ് ചൂണ്ടിക്കാട്ടിയ ഉത്പാദനബന്ധങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തവിധം ഉത്പാദനശക്തികള്‍ വളരുന്ന അവസ്ഥ ഇന്ന് ഏറ്റവും പ്രകടമാണെന്നു മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. പരിമിതികള്‍ക്കുള്ളിലും നേട്ടങ്ങളുണ്ടാക്കിയ സഹകരണപ്രസ്ഥാനത്തിന് ഈ സാഹചര്യത്തില്‍ പരിമിതികളെ മറികടന്നാല്‍ അനന്തസാധ്യതകളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നൈപുണ്യവിടവ്, അസമത്വം, സാങ്കേതികവിദ്യാപ്രാപ്യതക്കുറവ് എന്നീ വെല്ലുവിളികള്‍ സഹകരണപ്രസ്ഥാനം നേരിടണമെന്നും ദേശീയ ഇന്റേണിഷിപ്പ് പ്രോഗ്രാം പോലൊന്നു സഹകരണപ്രസ്ഥാനത്തിലും കൊണ്ടുവരണമെന്നും ഐ.സി.എ. മേഖലാ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബാലസുബ്രഹ്‌മണ്യയ്യര്‍ അയ്യര്‍ പറഞ്ഞു. മോണ്‍ട്രഗോണ്‍ സഹകരണസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന 70,000 തൊഴിലാളികളില്‍ 85 ശതമാനവും സഹകരണപ്രസ്ഥാനത്തില്‍ അംഗങ്ങളാണെന്നും അവരാണ് അതിന്റെ ഉടമകളെന്നും സ്‌പെയിനിലെ ഏറ്റവും വലിയ അഞ്ചു വലിയ ഗ്രൂപ്പുകളിലൊന്നായി മോണ്‍ട്രഗോണ്‍ മാറിയെന്നും മോണ്‍ട്രഗോണ്‍ സഹകരണകോര്‍പറേഷന്‍ മുന്‍ ഡയറക്ടര്‍ മൈക്കേല്‍ ലേസാമിസ് പറഞ്ഞു.

കേരളത്തില്‍ യു.എല്‍.സി.സി.സി.എസിന്റെ കൈയൊപ്പു പതിയാത്തതായി ഒന്നുമില്ലെന്ന് ദേശീയസഹകരണയൂണിയന്‍ സി.ഇ.ഒ. സുധീര്‍മഹാജന്‍ പറഞ്ഞു. മൊത്ത ആഭ്യന്തരോത്പാദനത്തില്‍നിന്നു സൗഖ്യത്തിലേക്കും സന്തോഷത്തിലേക്കും സാമ്പത്തികമാനദണ്ഡങ്ങള്‍ മാറുമ്പോള്‍ സഹകരണപ്രസ്ഥാനത്തിന്റെ പ്രസക്തി വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സഹകരണപ്രസ്ഥാനം ആഗോളമൂല്യശൃംഖലയുടെ ഭാഗമാകണമെന്നും പുതിയ സഹകരണരൂപങ്ങള്‍ ആവിഷ്‌കരിക്കണമെന്നും സംസ്ഥാനആസൂത്രണകമ്മീഷനംഗം ഡോ. ആര്‍. രാമകുമാര്‍ പറഞ്ഞു. ലോകത്തെ ഏറ്റവും വികേന്ദ്രീകൃതമായ ഭക്ഷ്യസംഭരണ-സംസ്‌കരണ-വിതരണശൃംഖല ഇന്ത്യയില്‍ ഒരുക്കിവരികയാണെന്നും ഇന്ത്യയുടെ സാമ്പത്തികഭാവിയില്‍ സഹകരണപ്രസ്ഥാനത്തിനു പ്രധാനപ്പെട്ട പങ്കുണ്ടെന്നും ദേശീയ സഹകരണവികസന കോര്‍പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അശോക്പിള്ള പറഞ്ഞു. കേരളബാങ്കിന്റെ ഏറ്റവും വലിയ കസ്റ്റമറാണു യു.എല്‍.സി.സി.എസെന്നും സഹകരണസ്ഥാപനങ്ങള്‍തമ്മിലുള്ള സഹകരണത്തിന്റെ മികച്ച മാതൃകയാണിതെന്നും കേരളബാങ്ക് സി.ഇ.ഒ. ജോര്‍ട്ടി എം. ചാക്കോ പറഞ്ഞു. റിസ്‌ക് പരിഹാരസാങ്കേതികവിദ്യ നടപ്പാക്കുന്നതില്‍ സഹകരണസ്ഥാപനങ്ങളില്‍ പോരായ്മയുണ്ടെന്നും കേരളത്തിലെ സഹകരണസ്ഥാപനങ്ങള്‍ക്കുതകുന്ന സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതില്‍ യു.എല്‍.സി.സിഎസിന്റെ കഴിവുകള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

തടുര്‍ന്നു ചോദ്യോത്തരങ്ങളുമായി സംവാദം നടന്നു. സമ്മേളനം സഹകരണമന്ത്രി വി.എന്‍. വാസവന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു കോഴിക്കോട് മേയര്‍ പ്രൊഫ. ബീനാഫിലിപ്പ് അധ്യക്ഷയായി.