കാര്‍ഷിക, വ്യവസായമേഖലകളില്‍ വായ്പ വര്‍ധിച്ചു; വ്യക്തിഗത വായ്പാമേഖലയില്‍ വളര്‍ച്ച കുറവ്

moonamvazhi

ബാങ്കുനിക്ഷേപം കാര്യമായി കൂടുന്നില്ല. വായ്പാ-നിക്ഷേപഅനുപാതം അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതിലായി. അതിനാല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ ബാങ്കുകള്‍ നൂതനമാര്‍ഗങ്ങള്‍ പരീക്ഷിക്കുകയാണ്. 213.28 ലക്ഷം കോടി രൂപയാണ് നിലവില്‍ ബാങ്കുനിക്ഷേപം. 11.3 ശതമാനം മാത്രമാണു നിക്ഷേപവര്‍ധന. അതുകൊണ്ടാണു ബാങ്കുകള്‍ പ്രത്യേക നിക്ഷേപപദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ഇങ്ങനെ നിക്ഷേപം സമാഹരിച്ചാലേ വര്‍ധിച്ചുവരുന്ന വായ്പാആവശ്യങ്ങള്‍ നിറവേറ്റാനാകൂ. 2024 ജൂണില്‍ അവസാനിച്ച ത്രൈമാസപാദത്തില്‍ പല ബാങ്കിന്റെയും നിക്ഷേപം കുറഞ്ഞു. ആളുകള്‍ ഓഹരിനിക്ഷേപത്തിലേക്കും മറ്റും കൂടുതലായി നിക്ഷേപിക്കുകയാണ്.

കാര്‍ഷികമേഖലയിലും അനുബന്ധമേഖലയിലും വായ്പ വര്‍ധിച്ചു. 2024 ജൂലൈയിലെ കണക്കുപ്രകാരം 21.55 ലക്ഷം കോടിരൂപയാണ് ഈ രംഗത്തെ വായ്പ. 18.1ശതമാനം വര്‍ധനയാണിത്. കഴിഞ്ഞവര്‍ഷം 16.7 ശതമാനമായിരുന്നു വര്‍ധന. വ്യവസായമേഖലയ്ക്കുള്ള വായ്പയും വര്‍ധിച്ചു. 10.2 ശതമാനമാണു വര്‍ധിച്ചത്. 37.05 ലക്ഷം കോടിയാണ് ഈ മേഖലയ്ക്കുള്ള വായ്പ. 2023 ജൂലൈയില്‍ 4.6 ശതമാനംമാത്രമായിരുന്നു വര്‍ധന.
രാസവസ്തുക്കള്‍, രാസോല്‍പന്നങ്ങള്‍, ഭക്ഷ്യസംസ്‌കരണം, പെട്രോളിയം, കല്‍ക്കരിഉല്‍പന്നങ്ങള്‍, ആണവഇന്ധനങ്ങള്‍, അടിസ്ഥാനസൗകര്യം എന്നീ വ്യവസായങ്ങളുടെ കാര്യത്തിലാണു നല്ല വര്‍ധനവുണ്ടായത്. അടിസ്ഥാനലോഹങ്ങള്‍, ലോഹോത്പന്നങ്ങള്‍, തുണിത്തരങ്ങള്‍ എന്നീ മേഖലകളില്‍ വളര്‍ച്ചയുടെ തോത് മയപ്പെട്ടു.

ഇടത്തരം വ്യവസായങ്ങളുടെ രംഗത്തു വായ്പാവര്‍ധന 17.2 ശതമാനമാണ്. 3.17 ലക്ഷമാണ് ഈ രംഗത്തെ വായ്പ. വന്‍കിടവ്യവസായങ്ങള്‍ക്കുള്ള വായ്പ 8.5ശതമാനം വര്‍ധിച്ചു. ഇത് 26.74ലക്ഷം കോടിയായി. സേവനമേഖലയ്ക്കുള്ള വായ്പയില്‍ കഴിഞ്ഞവര്‍ഷം 19.7 ശതമാനം വര്‍ധനയുണ്ടായിരുന്നത് ഈ വര്‍ഷം 15.4 ശതമാനമായി. ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുടെയും മറ്റും വായ്പ കുറഞ്ഞതാണു കാരണം. വാണിജ്യാധിഷ്ഠിത റിയല്‍ എസ്റ്റേറ്റ്, ടൂറിസം, ഹോട്ടല്‍-റസ്‌റ്റോറന്റ്, കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ രംഗങ്ങളില്‍ വായ്പ വര്‍ധിച്ചു. വ്യക്തിഗത വായ്പാമേഖലയില്‍ വളര്‍ച്ച കുറവാണ്. 51.39 ലക്ഷം കോടി രൂപയാണ് ഈ മേഖലയിലെ വായ്പ. ഒരു വര്‍ഷംമുമ്പു 18.4 ശതമാനം വളര്‍ച്ചയുണ്ടായത് 17.8 ശതമാനമായി. വാഹനവായ്പയുംമറ്റും കുറഞ്ഞതാണു കാരണം. എങ്കിലും, ഈ മേഖലയിലെ ഏറ്റവും വലിയ ഘടകമായ ഭവനവായ്പാരംഗത്തു വലിയവര്‍ധനവുണ്ടായി. വായ്പാവര്‍ധന നിക്ഷേപവര്‍ധനയെക്കാള്‍ കൂടുതലായതിനാല്‍ വായ്പാ-നിക്ഷേപഅനുപാതം അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതിലാണ്. 78ശതമാനമാണിത്. ഇതു നിയന്ത്രിക്കണമെന്ന നിര്‍ദേശത്തെത്തുടര്‍ന്നു ജൂണില്‍ നേരിയ കുറവുണ്ടായി. 77.1 ശതമാനമായി. ക്രെഡിറ്റ് കാര്‍ഡ് ബാക്കിനില്‍പ്പിലെ വര്‍ധന 22 ശതമാനം കുറഞ്ഞ് 2.75 ലക്ഷംകോടിരൂപയായെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.