മെറ്റീരിയല്‍ ബാങ്കുമായി ലേബര്‍ഫെഡ് സക്രിയമാവുന്നു

moonamvazhi

മെറ്റീരിയല്‍ ബാങ്ക് സംരംഭങ്ങളും അംഗസംഘങ്ങളുടെ വൈവിധ്യവല്‍ക്കരണവും ആധുനികീകരണവുമായി കേരള സ്റ്റേറ്റ് ലേബര്‍ കോ-ഓപ്പറേറ്റീവ് ഫെഡറേഷന്‍ (ലേബര്‍ഫെഡ്) കൂടുതല്‍ സക്രിയമാകുന്നു. കേരളത്തിലെ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘങ്ങളുടെ അപ്പെക്‌സ് സ്ഥാപനമായ ലേബര്‍ ഫെഡ് 2014ല്‍ രൂപവത്കരിച്ചതാണെങ്കിലും ഇതുവരെ സ്വന്തം സംരംഭങ്ങളിലേക്കു കടന്നിരുന്നില്ല. വിവിധ പദ്ധതികള്‍ ഏറ്റെടുത്തു കൂടുതല്‍ സക്രിയമാകാനുള്ള തീരുമാനത്തിന്റെ ആദ്യപടിയായി പ്രാഥമികലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘങ്ങളിലെ തൊഴിലാളികള്‍ക്ക് അപകടഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. മെയ്ദിനത്തോടനുബന്ധിച്ചായിരുന്നു ആ തീരുമാനം. അതിനുശേഷം വരുന്ന പദ്ധതിയാണ് കേരളസംസ്ഥാനസഹകരണമെറ്റീരിയല്‍ ബാങ്ക് പദ്ധതി. ലേബര്‍ഫെഡ് മേഖലാഡിപ്പോകള്‍ വഴിയും പ്രാഥമിക ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘങ്ങള്‍ വഴിയും പൊതുജനങ്ങള്‍ക്കും അംഗസംഘങ്ങള്‍ക്കും ഗുണമേന്‍മയുള്ള നിര്‍മാണസാമഗ്രികള്‍ ന്യായവിലയ്ക്കു ലഭ്യമാക്കാനുള്ള പദ്ധതിയാണിത്. പദ്ധതിയുടെ സംസ്ഥാനതലഉദ്ഘാടനം ലേബര്‍ഫെഡ് മെറ്റീരിയല്‍ ബാങ്കിന്റെ ആദ്യ റീജിയണല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ടു സഹകരണമന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും. ഒക്ടോബര്‍ 17നു വൈകിട്ടു നാലിനു കോഴിക്കോട് വെള്ളിയൂരിലെ മെറ്റീരിയല്‍ ബാങ്ക് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍  ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷനാകും. സര്‍ക്കാരിന്റെ നാലാംനൂറുദിനകര്‍മപരിപാടിയുടെ ഭാഗമാണിത്.

സിമന്റ്, കമ്പി പെയിന്റ്, എം സാന്റ്, പി സാന്റ്, ഹോളോബ്രിക്‌സ്, സ്മന്റ് ബ്ലോക്‌സ്, ഇന്റര്‍ലോക്ക് എന്നിവയാണ് തുടക്കത്തില്‍ റീജിയണല്‍ ഡിപ്പോ വഴി ലഭ്യമാകുക. തുടര്‍ന്ന് എല്ലാ ജില്ലയിലും അംഗസംഘങ്ങള്‍വഴി നിര്‍മാണസാമഗ്രികള്‍ വിപണനം ചെയ്യും. ഗുണമേന്‍മയുള്ള നിര്‍മാണസാമഗ്രികള്‍ ലഭ്യമാക്കുന്നതോടൊപ്പം പൊതുവിപണിയിലെ വിലനിലവാരം നിയന്ത്രിക്കാനും ഇതുകൊണ്ടു കഴിയും എന്നാണു പ്രതീക്ഷ. അംഗസംഘങ്ങളെ ശാക്തീകരിക്കാനും വൈവിധ്യവത്കരിക്കാനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുമുള്ള പദ്ധതികള്‍ ലേബര്‍ഫെഡ് ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പ്രാഥമികലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘങ്ങളുടെ ആധുനികീകരണത്തിനു സാമ്പത്തികസഹായം ലഭ്യമാക്കാനുള്ള ഫയല്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്.

ഈ വര്‍ഷം ജനുവരി ഒന്നിനാണു ലേബര്‍ ഫെഡിനു പുതിയ ഭരണസമിതി നിലവില്‍ വന്നത്. എ.സി. മാത്യു (ചെയര്‍മാന്‍), ഷീബമോള്‍ കെ (വൈസ് ചെയര്‍പേഴ്‌സണ്‍), ബിന്ദു എ (മാനേജിങ് ഡയറക്ടര്‍), രമേശന്‍ പി, പി.പി. സജീവന്‍, യു. വേണുഗോപാലന്‍, നൂറുദ്ദീന്‍ എം.ടി.പി, ജോസ് പാറപ്പുറം, അന്നമ്മജോര്‍ജ്, എം.കെ. രാജന്‍, രജനീഷ് കെ, ഉണ്ണിക്കൃഷ്ണന്‍ ടി.എ, സജീവ് പി.ബി, ഷിബു വര്‍ഗീസ്, സുജാത ആര്‍, ജയചന്ദ്രന്‍ കെ.എസ്, ചന്ദ്രബാബു ഡി, കുറ്റിയില്‍ നിസാം, എന്‍.എസ്. മനോജ്, എലിസബത്ത് ജോര്‍ജ്, ബി. ജയചന്ദ്രന്‍, പി.വി. സേബി (സമിതിയംഗങ്ങള്‍) എന്നിവരടങ്ങിയ ഭരണസമിതിയാണു ലേബര്‍ഫെഡിനെ നയിക്കുന്നത്.