ദുരന്തബാധിതര്‍ക്ക് ആശ്വാസ സമീപനവുമായി ബാങ്കുകള്‍; ജീവിതസാഹചര്യം വീണ്ടെടുക്കാന്‍ പുതിയ വായ്പകള്‍ക്ക് ഇളവ്

moonamvazhi

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്ന രീതിയില്‍ ഇടപെടാന്‍ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി ബാങ്കുകളോട് നിര്‍ദ്ദേശിച്ചു. ദുരന്തത്തിന് ഇരയായ മുഴുവന്‍ പേരുടെയും വായ്പകള്‍ക്ക് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി മൊറട്ടോറിയവും പുനഃക്രമീകരണവും അനുവദിച്ചു. വായ്പകള്‍ എഴുതിത്തള്ളണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം കണക്കിലെടുത്ത് അതതു ബാങ്കുകള്‍ക്ക് സ്വന്തം നിലയ്ക്കു തീരുമാനം എടുക്കാമെന്നു യോഗം തീരുമാനിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ വായ്പകളുടെ കണക്കെടുപ്പു പൂര്‍ത്തിയാക്കി 3 മാസത്തിനുള്ളില്‍ മൊറട്ടോറിയവും പുനഃക്രമീകരണവും പൂര്‍ത്തിയാക്കണമെന്നും ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കി.

ദുരന്തത്തില്‍ മരിച്ചവര്‍, സ്വത്തുക്കള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ തുടങ്ങിയവയടക്കം കണക്കാക്കിയാകും വായ്പകള്‍ എഴുതിത്തള്ളുന്നതിലടക്കം ബാങ്കുകള്‍ തീരുമാനമെടുക്കുക. അതിനനുസരിച്ച് കാര്‍ഷിക വായ്പകളടക്കം ചിലതിന് ഒരു വര്‍ഷത്തെ മോറട്ടോറിയം നല്‍കും. പലിശയും അടവുബാക്കിയും ചേര്‍ത്ത് അഞ്ചു വര്‍ഷക്കാലത്തെ തിരിച്ചടവ് കാലാവധിയോടെ പുതിയ വായ്പകളാക്കി മാറ്റും.

ഓരോ ജീവിതോപാധി മേഖലയെയും സൂഷ്മമായി വിലയിരുത്തി സാമ്പത്തിക സഹായം നല്‍കും. കാര്‍ഷികാദായം നഷ്ടമാകുകയും കൃഷി സ്ഥലം നിലനില്‍ക്കുകയും ചെയ്തവര്‍ക്കും കൃഷിഭൂമി നഷ്ടമായവര്‍ക്കും പ്രത്യേക വായ്പകള്‍ നല്‍കും. പ്രകൃതി ദുരന്ത നിയമം അനുസരിച്ച് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് പലിശയും തിരിച്ചടവ് കാലാവധിയും ഈട് വ്യവസ്ഥകളടക്കം നിര്‍ണ്ണയിക്കുക. എല്ലാത്തിനും ഇളവുകളുണ്ടാകും.

ദുരന്തമേഖലയില്‍ 3220 പേരാണ് വായ്പകളെടുത്തിട്ടുള്ളത്. 35.32 കോടിയാണ് ഇവരുടെ ആകെ വായ്പാതുക. ഇതില്‍ 2460 പേരുടെ 19.81 കോടി രൂപയുടെ വായ്പകളും കാര്‍ഷിക വായ്പകളാണ്. വ്യാപാരികളും ചെറുകിട സംരംഭകരുമായി 245 പേര്‍ 3.4 കോടിയുടെ വായ്പയെടുത്തിട്ടുണ്ട്. 12 കോടിയുടെ വായ്പകള്‍ വിദ്യാഭ്യാസ വായ്പയും ഹൗസിംഗ് ലോണുമാണ്. വിദ്യാഭ്യാസ വായ്പകളുടെ കാര്യത്തില്‍ വീടും വീട്ടുകാരും ദുരന്തത്തില്‍ നഷ്ടപ്പെടുകയോ, വായ്പയെടുത്ത് പഠിച്ചയാള്‍ ദുരന്തത്തില്‍ മരണപ്പെടുകയോ ചെയ്ത കേസുകളില്‍ പുന:പരിശോധന നടത്തും. അല്ലാത്ത കേസുകളില്‍ വേണ്ടിവന്നാല്‍ കാലാവധി നീട്ടികൊടുക്കും. ആവശ്യമെങ്കില്‍ മോറട്ടോറിയവും അനുവദിക്കും.

ദുരന്തബാധിത മേഖലയില്‍ ജീവിതം പ്രതിസന്ധിയിലായ എല്ലാവര്‍ക്കും 10,000 രൂപ മുതല്‍ 25,000 വരെ കുറഞ്ഞ പലിശയില്‍ രണ്ടരവര്‍ഷത്തെ കാലാവധിയില്‍ കണ്‍സംപ്ഷന്‍ വായ്പകള്‍ നല്‍കും. ഈടില്ലാതെയാകും നല്‍കുക. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രായോഗിക സമീപനത്തോടെ ബാങ്കുകള്‍ സഹകരിക്കണമെന്നാണ് തീരുമാനം.

ബാങ്കുകളുടെ സഹായം

  •  കോഴി, പന്നിഫാമുകള്‍ പോലുള്ള കൃഷി അനുബന്ധ പദ്ധതികള്‍ നടത്തിയവര്‍ക്ക് ഇതെല്ലാം നഷ്ടമായെങ്കില്‍ വീണ്ടും തുടങ്ങാന്‍ ഒരു വര്‍ഷം വായ്പ തിരിച്ചടയ്‌ക്കേണ്ടെന്ന വ്യവസ്ഥയില്‍ നല്‍കും.
  •  കൃഷി ഇന്‍ഷ്വറന്‍സുള്ളവര്‍ക്ക് അത് നേടിയെടുക്കാന്‍ സഹായിക്കും.
  • ഭവന വായ്പയുള്ളവര്‍ക്ക് വായ്പാ ഇന്‍ഷ്വറന്‍സ് നേടിയെടുത്ത് ബാദ്ധ്യതയൊഴിവാക്കാന്‍ സഹായിക്കും. അവരുടെ വീടിന് കേടുപറ്റിയിട്ടുണ്ടെങ്കില്‍ അഞ്ചുലക്ഷത്തിന്റെ പുതിയ വായ്പ നല്‍കും.
  • ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ബിസിനസ് മെച്ചപ്പെടുത്താന്‍ വായ്പാ സഹായവും മോറട്ടോറിയം ആനുകൂല്യവും നല്‍കും.