എ.ആര്‍.ഡി.ബി.കളും കമ്പ്യൂട്ടര്‍വത്കരിക്കുന്നു; 37000 പാക്‌സുകള്‍ സി.എസ്.സി.കളായി

moonamvazhi
  • 2500 പാക്‌സുകള്‍ക്കു ജന്‍ഔഷധികേന്ദ്രം
  • 38000 പാക്‌സുകള്‍ കര്‍ഷകസമൃദ്ധികേന്ദ്രങ്ങള്‍
  • 1000ഫിഷറീസ് സംഘങ്ങള്‍ എഫ്.എഫ്.പി.ഒ.കളാക്കും

കേന്ദ്രസഹകരണമന്ത്രാലയം സംസ്ഥാനങ്ങളുമായി ചേര്‍ന്നു ദേശീയസഹകരണ വിവരശേഖരം (നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡാറ്റാബേസ് – എന്‍.സി.ഡി) വികസിപ്പിച്ചെടുത്തു. രാജ്യത്ത് 8,09,303 സഹകരണസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു ഡാറ്റ വ്യക്തമാക്കുന്നു. കേന്ദ്രസഹകരണമന്ത്രി അമിത്ഷാ രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ അറിയിച്ചതാണ് ഇക്കാര്യങ്ങള്‍.

ഹരിയാണയില്‍ 2764 ക്ഷീരസംഘങ്ങളും ഒരു വനിതാക്ഷേമസംഘവും 68 പട്ടികജാതി-വര്‍ഗസംഘങ്ങളും അടക്കം 2833 സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍. 2,22,324 എണ്ണം. രണ്ടാംസ്ഥാനം ഗുജറാത്തിനാണ് 82,143. തെലങ്കാന 60619, മധ്യപ്രദേശ് 53134, ഉത്തര്‍പ്രദേശ് 44579, ആന്ധ്രാപ്രദേശ് 17675, അസം 11204, ബിഹാര്‍ 26655, ഹരിയാണ 32860, പഞ്ചാബ് 19074 എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളുടെ നില. ചണ്ഡീഗഡ് 476, ഗോവ 5467, ലഡാക്ക് 271 എന്നിങ്ങനെയാണു ചെറുപ്രദേശങ്ങളുടെ നില. ഡെയറിമേഖലയിലാണ് ഏറ്റവും കൂടുതല്‍ സംഘങ്ങള്‍. 1,44,047 എണ്ണം. ഭവനനിര്‍മാണം 1,92,297, വായ്പാ-സമ്പാദ്യം 80376, കൃഷി-അനുബന്ധം 27233, ഫിഷറീസ് 25,909, വനിതാക്ഷേമം 25078 എന്നിങ്ങനെയാണു മറ്റുമേഖലകളുടെ സ്ഥിതി.

എല്ലാജില്ലയിലും ജില്ലാകേന്ദ്രസഹകരണബാങ്കും (ഡി.സി.സി.ബി) ജില്ലാക്ഷീരോത്പാദകയൂണിയനും ഉറപ്പുവരുത്താന്‍ ശ്രമിച്ചുവരികയാണ്. ഡി.സി.സിബി.കള്‍ ഇല്ലാത്തിടങ്ങളില്‍ അവ തുറക്കാന്‍ പദ്ധതി തയ്യാറാക്കാന്‍ നബാര്‍ഡിനോടു നിര്‍ദേശിച്ചു. താഴെത്തട്ടുമുതല്‍ സഹകരണപ്രസ്ഥാനം ശക്തമാക്കാനുള്ള പദ്ധതി 2023 ഫെബ്രുവരി 15നു സര്‍ക്കാര്‍ അംഗീകരിച്ചു. സംഘങ്ങളില്ലാത്തിടങ്ങളില്‍ വിവിധോദ്ദേശ്യപാക്‌സുകളും ക്ഷീര-ഫിഷറീസ് സംഘങ്ങളുമൊക്കെ അഞ്ചുകൊല്ലത്തിനകം സ്ഥാപിക്കും. ക്ഷീരഅടിസ്ഥാനസൗകര്യവികസനനിധി (ഡി.ഐ.ഡി.എഫ്), ദേശീയക്ഷീരവികസനപരിപാടി (എന്‍.പി.ഡി.ഡി), പി.എം. മത്സ്യസമ്പദയോജന, ഫിഷറീസ്-അക്വാകള്‍ച്ചര്‍ അടിസ്ഥാനസൗകര്യവികസനനിധി (എഫ്.ഐ.ഡി.എഫ്) എന്നിവ ഇതിനു സഹായിക്കും.

പ്രാഥമികകാര്‍ഷികസഹകരണസംഘങ്ങളെ (പാക്‌സ്) കമ്പ്യൂട്ടര്‍വത്കരിക്കാന്‍ 2516 കോടിരൂപയുടെ പദ്ധതിയുണ്ട്. കേന്ദ്രഭരണപ്രദേശങ്ങളും സംസ്ഥാനങ്ങളുമുള്‍പ്പെടെ 30 പ്രദേശങ്ങളിലായി 67009 പാക്‌സുകളെ ഇ.ആര്‍.പി. അധിഷ്ഠിത ദേശീയ പൊതുസോഫ്റ്റ്‌വെയര്‍വഴി ബന്ധിപ്പിക്കുകയാണു ലക്ഷ്യം. അവ സംസ്ഥാനസഹകരണബാങ്കുകളും ജില്ലാസഹകരണബാങ്കുകളുംവഴി നബാര്‍ഡുമായും ബന്ധിപ്പിക്കപ്പെടും. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും അടക്കം 28 പ്രദേശങ്ങള്‍ ഹാര്‍ഡ്‌വെയര്‍ സ്വീകരിച്ചു. 25674 പാക്‌സുകള്‍ ഇ.ആര്‍.പി. സോഫ്റ്റ്‌വെയര്‍ ഏര്‍പ്പെടുത്തി. 15207 എണ്ണത്തില്‍ അതു പ്രവര്‍ത്തിപ്പിച്ചുതുടങ്ങി. പാക്‌സ് കമ്പ്യൂട്ടര്‍വത്കരണത്തിന് ആകെ അനുവദിച്ചത് 654,22,53,520രൂപയാണ്. മഹാരാഷ്ട്രയ്ക്കാണ് ഏറ്റവും കൂടുതല്‍. 121,59,50,000 രൂപ. രാജസ്ഥാന് 67,07,86,131 രൂപ, മധ്യപ്രദേശിന് 58,65,25,000രൂപ എന്നിങ്ങനെയാണു മറ്റു പ്രധാനസംസ്ഥാനങ്ങള്‍ക്കു കിട്ടിയത്. ഗുജറാത്തിന് 58,30,00,000രൂപ നല്‍കി. യു.പി.ക്ക് 53,58,41,650 രൂപയും. കര്‍ണാടകം 55,64,00,000രൂപ, അരുണാചല്‍ പ്രദേശ് 27,00,000 രൂപ, ലഡാക്ക് 12,00,000 രൂപ, മിസോറാം 27,00,000രൂപ, ആന്റമാന്‍ നിക്കോബാര്‍ 68,81,462 രൂപ, പുതുച്ചേരി 60,75,000രൂപ എന്നിങ്ങനെ പോകുന്നു മറ്റു പ്രദേശങ്ങളുടെ നില.

37169 പാക്‌സുകള്‍ പൊതുസേവനകേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. സഹകരണമേഖലയില്‍ ദേശീയസഹകരണവികസനകോര്‍പറേഷന്‍ (എന്‍.സി.ഡി.സി) 992 കര്‍ഷകഉത്പാദകസംഘടനകള്‍ (എഫ്.പി.ഒ) രൂപവത്കരിച്ചു. 31 പാക്‌സുകള്‍ പാചകവാതകവിതരണകേന്ദ്രങ്ങള്‍ നടത്താന്‍ അനുമതി തേടിയിട്ടുണ്ട്. 4341 സംഘങ്ങള്‍ പ്രധാനമന്ത്രി ഭാരതീയ ജനൗഷധി കേന്ദ്രങ്ങള്‍ നടത്താന്‍ അപേക്ഷ നല്‍കി. ഇതില്‍ 2594 പാക്‌സുകള്‍ക്ക് അനുമതി നല്‍കി. 674 എണ്ണത്തിനു ഡ്രഗ് ലൈസന്‍സ് കിട്ടി. 38141 പാക്‌സുകള്‍ പ്രധാനമന്ത്രി കര്‍ഷക സമൃദ്ധികേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്‍.സി.ഡി.സി. 69 മത്സ്യകര്‍ഷകഉത്പാദകസംഘടനകള്‍ (എഫ്.എഫ്.പി.ഒ) രജിസ്റ്റര്‍ ചെയ്തു. കേന്ദ്രഫിഷറീസ് വകുപ്പ് 1000 മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങളെ എഫ്.എഫ്.പി.ഒ.കള്‍ ആയി മാറ്റുന്നതിന് എന്‍.സി.ഡി.സി.ക്കു ചുമതല നല്‍കിയിട്ടുണ്ട്. ഇതിന് 225.50 കോടിരൂപ അനുവദിച്ചിട്ടുണ്ട്.

കാര്‍ഷിക-ഗ്രാമവികസനബാങ്കുകളുടെ (എ.ആര്‍.ഡി.ബി.) കമ്പ്യൂട്ടര്‍വത്കരണവും നടന്നുവരിയാണ്. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും അടക്കം 13 ഇടങ്ങളില്‍ എ.ആര്‍.ഡി.ബി.കളെ കമ്പ്യൂട്ടര്‍വത്കരിക്കുകയാണു ലക്ഷ്യം. ദേശീയതലസോഫ്റ്റ്‌വെയര്‍ വികസിപ്പിക്കാനുള്ള ചുമതല നബാര്‍ഡിനാണ്. ഹാര്‍ഡ്‌വെയറും ഡിജിറ്റൈസേഷന്‍ പിന്‍ബലവും പരിശീലനവും നല്‍കേണ്ടതും നബാര്‍ഡ് തന്നെ. 10 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും അടക്കം 10 ഇടങ്ങളില്‍നിന്നായി ഇതിനു പദ്ധതിനിര്‍ദേശം ലഭിച്ചു. അവ അംഗീകരിച്ചു. കേന്ദ്രഭരണപ്രദേശങ്ങളും സംസ്ഥാനങ്ങളും അടക്കം എട്ടു പ്രദേശങ്ങള്‍ക്ക് 4.266 കോടിരൂപ നല്‍കുകയും ചെയ്തു.

മൂന്നുവര്‍ഷത്തിനകം ദേശീയസഹകരണവികസനകോര്‍പറേഷന്‍ (എന്‍.സി.ഡി.സി) 1,34,670.90 കോടിരൂപ വായ്പയായും 1200.04 കോടിരൂപ ഗ്രാന്റായും വിതരണം ചെയ്തിട്ടുണ്ട്. 2021-22ല്‍ എന്‍.സി.ഡി.സി വിതരണം ചെയ്തത് 34,221.08 കോടിരൂപയാണ്. ഛത്തിസ്ഗഢിനാണ് ഏറ്റവും കൂടുതല്‍ കിട്ടിയത് 12,827.75 കോടി. ആന്ധ്രാപ്രദേശ്് 2831.59 കോടിരൂപ, ബിഹാര്‍ 2857.90 കോടി, ഹരിയാണ 12,827.75 കോടി എന്നിങ്ങനെ പോകുന്നു മറ്റുള്ളവയുടെ നില. അരുണാചല്‍പ്രദേശിന് 0.25 കോടിയും മിസോറമിന് 1.06 കോടിയുമാണു കിട്ടിയത്. 2022-23ല്‍ തുക ഗണ്യമായി വര്‍ധിച്ചു. 41,031.40 കോടിരൂപയാണു വിതരണം ചെയ്തത്. ആന്ധ്രാപ്രദേശിന് 9734.70 കോടിരൂപ കിട്ടി.ഹരിയാണയക്ക് 6655.24 കോടിയും ഛത്തിസ്ഗഢിന് 8502.23 കോടിയും കിട്ടി. കേരളത്തിനു കിട്ടിയത് 704.74 കോടിരൂപയാണ്. കര്‍ണാടകത്തിന് 112.54 കോടിരൂപയും.

2023-24ല്‍ തുക വീണ്ടും കൂടി. 60618.47 കോടി വിതരണം ചെയ്തു. ഛത്തിസ്ഗഢിന് 18991.35 കോടി കിട്ടി. ആന്ധ്ര 13280.13 കോടി, തെലങ്കാന 12174.11 കോടി, മഹാരാഷ്ട്ര 2101.42 കോടി എന്നിങ്ങനെ പോകുന്നു മറ്റുള്ളവയുടെ നില. കേരളത്തിനു കിട്ടിയത് 275.89 കോടി. പ്രതിസന്ധിയിലായ സഹാറ ഗ്രൂപ്പ് മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങളിലെ നിക്ഷേപകര്‍ക്കായി ഇതുവരെ 362.91 കോടിരൂപ നല്‍കി. 420417 നിക്ഷേപകര്‍ക്കായാണ് ഇതു ലഭിച്ചത്. നിലവില്‍ നിക്ഷേപകര്‍ക്കു 10,000രൂപ വരെയാണു നല്‍കുന്നതെന്നും അമിത്ഷാ അറിയിച്ചു.