നടപടി ഹൈദരാബാദിലെയും മുംബൈയിലെയും സ്ഥാപനങ്ങള്‍ക്കെതിരെ

moonamvazhi

രണ്ടു ബാങ്കിതരധനകാര്യസ്ഥാപനങ്ങളുടെ (എന്‍.ബി.എഫ്.സി)രജിസ്‌ട്രേഷന്‍ റിസര്‍വ് ബാങ്ക് റദ്ദാക്കി. ഹൈദരാബാദിലെ സ്റ്റാര്‍ ഫിന്‍സെവ് ഇന്ത്യാലിമിറ്റഡും മുംബൈയിലെ പോളിടെക് ഇന്ത്യാലിമിറ്റഡും ആണിവ. സ്റ്റാര്‍ഫിന്‍സെവ് ധനകാര്യസേവനങ്ങള്‍ പുറംകരാര്‍ കൊടുക്കുന്നതില്‍ റിസര്‍വ് ബാങ്കിന്റെ പെരുമാറ്റച്ചട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്നു ബാങ്ക് കുറ്റപ്പെടുത്തി. വായ്പാമൂല്യനിര്‍ണയം, വായ്പ അനുവദിക്കല്‍, കെ.വൈ.സി. പരിശോധനാപ്രക്രിയ തുടങ്ങിയ സുപ്രധാനമായ തീരുമാനമെടുക്കല്‍ ചുമതലകള്‍ സേവനദാതാവിനു പുറംകരാര്‍ നല്‍കി എന്നാണു കണ്ടെത്തല്‍. സേവനദാതാവിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ പൂര്‍ണമായി പ്രാപ്യമാക്കുകവഴി ഉപഭോക്താക്കളുടെ വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും ലംഘിച്ചു എന്നതാണു രണ്ടാമത്തെ കുറ്റം. ഉപഭോക്താക്കള്‍ക്ക് വായ്പക്കരാറിന്റെയും അനുമതിപത്രത്തിന്റെയും പകര്‍പ്പു പ്രാദേശികഭാഷയില്‍ നല്‍കിയില്ല എന്നതാണു മൂന്നാമത്തെ കുറ്റം. ഇതു നീതിപൂര്‍വകമായ പ്രവര്‍ത്തനരീതികള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് ആര്‍.ബി.ഐ. വ്യക്തമാക്കി.

കക്ഷികളെ കണ്ടെത്തല്‍, കെ.വൈ.സി പരിശോധന, വായ്പാമൂല്യനിര്‍ണയം, വായ്പാവിതരണം, വായ്പ തിരിച്ചുപിടിക്കല്‍, വായ്പക്കാരുടെ കാര്യത്തില്‍ തുടര്‍നടപടികളെടുക്കല്‍, അവരുടെ പരാതികള്‍ കേട്ടു പരിഹരിക്കല്‍ തുടങ്ങിയ സുപ്രധാന തീരുമാനമെടുക്കല്‍ചുമതലകള്‍ പുറംകരാര്‍ നല്‍കി എന്നതാണ് പോളിടെക്‌സ് ഇന്ത്യക്കെതിരായ ഒന്നാമത്തെ കുറ്റം. വായ്പ നല്‍കലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുറംകരാര്‍ നല്‍കിയപ്പോള്‍ സേവനദാതാവില്‍നിന്നു കമ്പനി നിശ്ചിതഫീ വരുമാനം സമ്പാദിച്ചെന്നതാണു രണ്ടാമത്തെ കുറ്റം. സേവനദാതാവാകട്ടെ വായ്പയെടുത്തവരില്‍നിന്നുള്ള പലിശവരുമാനം കരസ്ഥമാക്കി. ഇതു ചിലപ്പോള്‍ ആര്‍.ബി.ഐ.യുടെ നീതിപൂര്‍വകമായ പ്രവര്‍ത്തനരീതികള്‍ക്കു വിരുദ്ധമായ ഭീമമായ നിരക്കുകളായിരുന്നുവെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.