സിവില്‍ സര്‍വീസ് പരീക്ഷക്ക് എങ്ങനെ ഒരുങ്ങാം ?

ഡോ. ടി.പി.സേതുമാധവന്‍ (പ്രൊഫസര്‍, ട്രാന്‍സ്ഡിസിപ്ലിനറി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് ആന്റ് ടെക്‌നോളജി, ബംഗളൂരു.)

രാജ്യത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പരീക്ഷയാണു യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷ. ഈ പരീക്ഷയില്‍ വിജയം നേടാന്‍ ശരിയായ സമീപനവും തന്ത്രങ്ങളും ആവശ്യമാണ്. വ്യക്തമായ പ്ലാനിംഗ് ഇതിനാവശ്യമാണ്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു തയാറെടുക്കണോ എന്നുള്ള തീരുമാനമാണ് ഏറെ പ്രധാനം. തീരുമാനം വളരെ വസ്തുനിഷ്ഠമായിരിക്കണം. പരീക്ഷയ്ക്കു തയാറെടുപ്പു തുടങ്ങി മാസങ്ങള്‍ക്കുശേഷം പിന്‍വാങ്ങുന്ന വിദ്യാര്‍ഥികളുമുണ്ട്. അതിനാല്‍ വ്യക്തമായി ആലോചിച്ചു തീരുമാനമെടുക്കണം. തീരുമാനിച്ചുകഴിഞ്ഞാല്‍ പിന്‍വാങ്ങരുത്. വ്യക്തമായ തയാറെടുപ്പും കോച്ചിങ്ങും വിജയതന്ത്രങ്ങളും ആവിഷ്‌കരിച്ചു പഠനം തുടരണം. ലക്ഷക്കണക്കിനു വിദ്യാര്‍ഥികള്‍ തയാറെടുക്കുന്ന മത്സരപ്പരീക്ഷയാണിത്. ഒഴിവുകള്‍ ആയിരത്തോളം മാത്രം. പക്ഷേ, തികഞ്ഞ ആത്മാര്‍ഥത, ശുഭാപ്തിവിശ്വാസം, പോസിറ്റീവ് എനര്‍ജി എന്നിവ നിലനിര്‍ത്തിക്കൊണ്ടുള്ള തയാറെടുപ്പുകള്‍ വിജയം കൈവരിക്കാന്‍ സഹായിക്കും. ശരാശരി വിദ്യാര്‍ഥികളാണു പരീക്ഷയില്‍ 75 ശതമാനവും വിജയിക്കുന്നത്. മാത്രമല്ല, പരീക്ഷയ്ക്കു തയാറെടുക്കുന്നതിലൂടെ ഉദ്യോഗാര്‍ഥികള്‍ക്കു മറ്റു പ്രവേശനപ്പരീക്ഷകളിലും വിജയം കൈവരിക്കാന്‍ സാധിക്കുന്നു. പരീക്ഷാസീസണ്‍ അടുക്കുന്നതോടെ വിദ്യാര്‍ഥികള്‍ക്ക് അനുവര്‍ത്തിക്കാവുന്ന ചില വിജയമന്ത്രങ്ങളെക്കുറിച്ചു പറയാം.

തയാറെടുപ്പ്
എപ്പോള്‍ തുടങ്ങാം?

സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള തയാറെടുപ്പ് എപ്പോള്‍ തുടങ്ങണം എന്നതിനെക്കുറിച്ചു വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ഏറെ സംശയങ്ങളുണ്ടാകും. ഹൈസ്‌കൂള്‍തലം തൊട്ട് തയാറെടുപ്പു തുടങ്ങുന്ന വിദ്യാര്‍ഥികളുണ്ട്. മലയാളം, ഇംഗ്ലീഷ് ദിനപത്രങ്ങള്‍ പതിവായി വായിച്ചു പൊതുവിജ്ഞാനം മെച്ചപ്പെടുത്തണം. താല്‍പ്പര്യമുള്ള വിഷയങ്ങള്‍ പ്ലസ്ടു കോമ്പിനേഷനായി തിരഞ്ഞെടുക്കണം. ബിരുദമാണു ഈ പരീക്ഷയ്ക്കു വേണ്ട അടിസ്ഥാനയോഗ്യത. അതിനാല്‍ ഏറെ താല്‍പ്പര്യമുള്ള ബിരുദം നേടാനാണു ശ്രമിക്കേണ്ടത്. എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടു
വരെയുള്ള സോഷ്യല്‍ സയന്‍സസ് പുസ്തകങ്ങള്‍ നന്നായി പഠിക്കണം. ഇന്ത്യാചരിത്രം, ഇന്ത്യന്‍ ഭരണഘടന, ഭൂമിശാസ്ത്രം, പൊളിറ്റിക്കല്‍ സയന്‍സ് എന്നിവയില്‍ മികച്ച അറിവ് നേടണം. സിവില്‍ സര്‍വീസ് പരീക്ഷയുടെ സിലബസ് വ്യക്തമായി മനസ്സിലാക്കിയിരിക്കണം. സിലബസ്സിനനുസരിച്ചുള്ള റഫറന്‍സ് പുസ്തകങ്ങള്‍ കണ്ടെത്തണം. മാതൃഭാഷയിലുള്ള പ്രാവീണ്യം, ഇംഗ്ലീഷ് പ്രാവീണ്യം, ആശയവിനിമയം എന്നിവ മെച്ചപ്പെടുത്താന്‍ ശ്രമിക്കണം. മികച്ച അറിവ്, മനോഭാവം, സ്‌കില്‍ അഥവാ തൊഴില്‍നൈപുണ്യം എന്നിവ ഈ പരീക്ഷയുടെ വിജയ മന്ത്രങ്ങളാണ്.

പരീക്ഷയെക്കുറിച്ച്
നല്ല ധാരണ വേണം

പരീക്ഷയെക്കുറിച്ചു വ്യക്തമായ ധാരണ വേണം. പരീക്ഷയില്‍ പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളുണ്ട്. ഇതിനാവശ്യമായ സ്‌കില്ലും വ്യത്യസ്തമാണ്. പൊതുവിജ്ഞാനം, അനലിറ്റിക്കല്‍ സ്‌കില്‍ എന്നിവ മെച്ചപ്പെടുത്തണം. തയാറെടുപ്പുരീതികളും തന്ത്രങ്ങളും ഇടയ്ക്കിടെ മാറ്റരുത്. വായനാശീലം മെച്ചപ്പെടുത്തുന്നതോടൊപ്പം പതിവായി കുറിപ്പുകള്‍ തയാറാക്കണം. ഒബ്ജക്റ്റീവ് മാതൃകയിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തി പ്രിലിമിനറി പരീക്ഷയിലെ സി.പി.ടി. യ്ക്കു തയാറെടുക്കണം. ദിവസേന എട്ടു മണിക്കൂറെങ്കിലും തയാറെടുക്കണം. പഠിച്ച ഭാഗങ്ങള്‍ ഇടയ്ക്കിടെ പുനരവലോകനം ചെയ്യണം. പരീക്ഷയ്ക്കു തയാറെടുക്കുമ്പോള്‍ പോസിറ്റീവ് മനോഭാവത്തോടെ മുന്നോട്ടുപോകണം. പഠനക്രമത്തില്‍ കാതലായ വ്യത്യാസം വരുത്തരുത്. ആഴ്ചതോറും സിലബസ്, ചോദ്യപ്പേപ്പര്‍ എന്നിവയ്ക്കനുസരിച്ചു പഠിച്ച ഭാഗങ്ങള്‍ പുനരവലോകനം ചെയ്യണം. മുന്‍വര്‍ഷങ്ങളിലെ ചോദ്യങ്ങള്‍, മാതൃകാചോദ്യങ്ങള്‍ എന്നിവ വിലയിരുത്തണം. മുന്‍വര്‍ഷങ്ങളിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ പരമാവധി ശ്രമിക്കണം. ഓപ്ഷണല്‍ വിഷയങ്ങള്‍, ഉപന്യാസം, എത്തിക്സ് പേപ്പറുകള്‍ക്കു പ്രാധാന്യം നല്‍കണം.

വിദ്യാര്‍ഥികളുടെ അറിവ്, മനോഭാവം, മാനസികശക്തി എന്നിവയാണു വിലയിരുത്തുന്നത്. പഠനകാലയളവിലുടനീളം പോസിറ്റീവ് മനോഭാവം പുലര്‍ത്തണം. ദിവസേന വ്യായാമം ചെയ്യാനും ആരോഗ്യദായകമായ ഭക്ഷണം കഴിക്കാനും ശ്രമിക്കണം. മികച്ച അനലിറ്റിക്കല്‍ സ്‌കില്‍, ആത്മവിശ്വാസം, കഠിനാധ്വാനം എന്നിവ പഠനകാലയളവിലുടനീളം നിലനിര്‍ത്തണം.

സ്വന്തമായും
തയാറെടുക്കാം

കോച്ചിങ് ഇല്ലാതെയും സ്വന്തമായി തയാറെടുക്കാമെന്നതാണു 2023 ലെ ആറാം റാങ്കുകാരിയുടെ വിജയരഹസ്യം. ആവശ്യമായ റഫറന്‍സ് പുസ്തകങ്ങള്‍ക്കായി ലൈബ്രറിയെ ആശ്രയിക്കണം. ഓണ്‍ലൈന്‍, ഓഫ്ലൈന്‍ കോച്ചിങ്‌കേന്ദ്രങ്ങളുണ്ട്. ഹ്യൂമാനിറ്റീസ്, സോഷ്യല്‍ സയന്‍സസ് വിഷയങ്ങളാണു വിദ്യാര്‍ഥികള്‍ കൂടുതലായി വിഷയങ്ങളായി തിരഞ്ഞെടുക്കുന്നത്. ഹിസ്റ്ററി, എക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ആന്ത്രപ്പോളജി, സൈക്കോളജി, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ എന്നിവയാണു വിദ്യാര്‍ഥികള്‍ കൂടുതലായി തിരഞ്ഞെടുക്കുന്നത്.

2023 ലെ യൂ.പി.എസ.്‌സി. പരീക്ഷാസിലബസ് ഫെബ്രുവരിയില്‍ പുറത്തിറങ്ങി. പ്രിലിമിനറി പരീക്ഷയ്ക്കു രണ്ടു പേപ്പറുകളുണ്ട്. ജനറല്‍ സ്റ്റഡീസ് പേപ്പര്‍ ഒന്നും രണ്ടും. പേപ്പര്‍ ഒന്നില്‍ ജ്യോഗ്രഫി, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, എക്കണോമിക്‌സ്, പാരിസ്ഥിതികശാസ്ത്രം, സയന്‍സ്, ടെക്‌നോളജി, ജനറല്‍ സയന്‍സ്, പൊതുവിജ്ഞാനം എന്നിവയില്‍ നിന്നു ഒബ്ജക്റ്റീവ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാകും. രണ്ടാം പേപ്പറില്‍ അഭിരുചി, അനലിറ്റിക്കല്‍ സ്‌കില്‍സ്, റീസണിങ്, ന്യൂമെറിക്കല്‍ സ്‌കില്‍, മെന്റല്‍ എബിലിറ്റി, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ എന്നിവ വിലയിരുത്തും. മെയിന്‍ പരീക്ഷയില്‍ ഒമ്പത് പേപ്പറുകളുണ്ട്. നാലു ജനറല്‍ സ്റ്റഡീസ് പേപ്പറുകള്‍, ഭാഷ – ഇംഗ്ലീഷ് പേപ്പറുകള്‍, വിഷയവുമായി ബന്ധപ്പെട്ടു രണ്ടു പേപ്പറുകള്‍, ഉപന്യാസം എന്നിങ്ങനെയാണു ഒമ്പതു പേപ്പറുകള്‍. ഓപ്ഷണല്‍ വിഷയത്തിനു പകരം എടുക്കുന്ന വിഷയങ്ങള്‍ എന്നാക്കി 2023 ലെ സിലബസ്സില്‍ മാറ്റിയിട്ടുണ്ട്.

കേരളത്തിലെ ചില പ്രധാന കോച്ചിങ് കേന്ദ്രങ്ങള്‍: ഗലൃമഹമ ഇശ്ശഹ ലെൃ്ശരല െഅരമറലാ്യ, ക ഘലമൃി കഅട അരമറലാ്യ, ഋചഘകഠഋ കഅട ഇീമരവശിഴ, ടമിസമൃ കഅട അരമറലാ്യ, അാൃശമേ കഅട ഇീമരവശിഴ, ഇീിളശറലിരല കഅട മരമറലാ്യ.

നഴ്സിങ്- തൊഴില്‍ സാധ്യത ഏറെ

നഴ്‌സിങ്ങിനു സാധ്യതകള്‍ വര്‍ധിച്ചുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ നഴ്സസിന്റേയും ഫ്‌ളോറെന്‍സ് നൈറ്റിംഗേല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും പഠനങ്ങള്‍ വ്യക്തമാക്കുന്നതു ലോകത്തു എല്ലാ രാജ്യങ്ങളിലും നഴ്‌സിങ് ബിരുദധാരികള്‍ക്കു അവസരങ്ങളുണ്ട് എന്നാണ്. ബി.എസ്‌സി നഴ്സിങ്ങിനാണ് അവസരങ്ങളേറെയും. പ്ലസ് ടു ബയോളജി ഗ്രൂപ്പെടുത്ത വിദ്യാര്‍ഥികള്‍ക്കു പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ബി.എസ്‌സി നഴ്‌സിങ്ങിന് അപേക്ഷിക്കാം. സാധ്യതകള്‍ വിലയിരുത്തി കൂടുതലായി ആണ്‍കുട്ടികളും നഴ്‌സിങ്ങില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ദേശീയതലത്തില്‍ നഴ്‌സിങ്ങിനു നീറ്റ് പരീക്ഷാസ്‌കോറുകള്‍ ആവശ്യമാണ്. അടുത്ത വര്‍ഷത്തോടെ ഇതു കേരളത്തിലും നടപ്പാക്കേണ്ടിവരും. മിലിറ്ററി നഴ്‌സിങ് കോളേജുകളും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും നീറ്റ് സ്‌കോറിലൂടെ അഡ്മിഷന്‍ നല്‍കിവരുന്നു. ജിപ്മര്‍, സി.എം.സി. വെല്ലൂര്‍ എന്നിവിടങ്ങളില്‍ പ്രത്യേക പരീക്ഷകളുണ്ട്. നഴ്‌സിങ്ങിന് അപേക്ഷിക്കുമ്പോള്‍ നഴ്‌സിങ് കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള നഴ്‌സിങ് സ്‌കൂളുകള്‍ മാത്രമേ തിരഞ്ഞെടുക്കാവൂ.

നഴ്‌സിങ് പൂര്‍ത്തിയാക്കിയവര്‍ക്കു രാജ്യത്തിനകത്തും വിദേശരാജ്യങ്ങളിലും മികച്ച തൊഴിലവസരങ്ങള്‍ ലഭിക്കും. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ അവസരങ്ങളേറെയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നാല്‍പ്പതോളം നഴ്‌സിങ് സ്‌കൂളുകള്‍ പുതുതായി ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. നഴ്‌സിങ് അഡ്മിഷന്റെ കട്ട് ഓഫ് മാര്‍ക്ക് പ്ലസ് ടു വിനു 90 ശതമാനത്തിലധികമാണ്.

ഉപരിപഠന
സാധ്യതയും ഏറെ

ഏറെ ഉപരിപഠനസാധ്യതയുള്ള നഴ്‌സിങ്് മേഖലയില്‍ മികച്ച ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്. വിദേശരാജ്യങ്ങളില്‍ ഉപരിപഠനത്തിനും തൊഴിലിനും ഐ.ഇ.എല്‍.ടി.എസ് / ടോഫെല്‍ സ്‌കോറുകള്‍ ആവശ്യമാണ്. എന്നാല്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒ.ഇ.ടി. സ്‌കോറുകള്‍ മതിയാകും. ജര്‍മനിയില്‍ നഴ്‌സിങ് പഠനത്തിനായി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിവരുന്നുണ്ട്.

വിദേശത്തു തൊഴില്‍ ചെയ്യാന്‍ നഴ്സുമാരെ പ്രേരിപ്പിക്കുന്ന ഘടകം ആകര്‍ഷകമായ വേതനമാണ്. വിദേശത്തു നഴ്സായി പ്രാക്ടീസ് ചെയ്യാന്‍ വിദേശത്തുതന്നെ നഴ്‌സിങ് പഠിക്കണോ എന്നതു വിദ്യാര്‍ഥികള്‍ പതിവായി ചോദിക്കുന്ന സംശയമാണ്. നഴ്‌സിങ്ങിന്റെ പഠനച്ചെലവ് ഇന്ത്യയില്‍ കുറവാണ്. അതിനാല്‍ ഇന്ത്യയില്‍നിന്നു പഠനം പൂര്‍ത്തിയാക്കി വിദേശത്തു തൊഴില്‍ ചെയ്യുന്നതാണു നല്ലത്. അര ലക്ഷത്തോളം വിദ്യാര്‍ഥികളാണു നഴ്‌സിങ്് പഠിക്കാന്‍ ഓരോ വര്‍ഷവും ഇന്ത്യയില്‍നിന്നു വിദേശരാജ്യങ്ങളിലെത്തുന്നത്.

നഴ്‌സിങ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഇന്ത്യയിലും വിദേശത്തും മികച്ച ബിരുദാനന്തര പ്രോഗ്രാമുകളും തൊഴില്‍നൈപുണ്യ പ്രോഗ്രാമുകളുമുണ്ട്. മെഡിക്കല്‍, സര്‍ജിക്കല്‍, പീഡിയാട്രിക്സ്, ഗൈനക്കോളജി, കമ്മ്യൂണിറ്റി മെഡിസിന്‍, പബ്ലിക് ഹെല്‍ത്ത് തുടങ്ങി നിരവധി മേഖലകളില്‍ എം.എസ്‌സി പ്രോഗ്രാമുകളുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നഴ്സുമാര്‍ക്ക് ഏറെ അവസരങ്ങളിന്നുണ്ട്. നിരവധി ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്. ഇവയെല്ലാം കൂടുതലായി പാരാമെഡിക്കല്‍ മേഖലയിലാണ്. സ്‌കില്‍ഡ് വര്‍ക്കര്‍ വിഭാഗത്തിലും ഇവര്‍ക്ക് അവസരങ്ങളുണ്ട്. വിദേശരാജ്യങ്ങളില്‍ ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷ പൂര്‍ത്തിയാക്കി വിദേശപഠനത്തിനു ശ്രമിക്കാം. തൊഴിലവസരങ്ങള്‍ കൂടുതലായതിനാല്‍ ഉപരിപഠനത്തിനേക്കാള്‍ തൊഴിലിനാണു നഴ്‌സിങ് ബിരുദധാരികള്‍ കൂടുതല്‍ താല്‍പ്പര്യപ്പെടുന്നത്.

സ്‌പെഷ്യാലിറ്റി
പ്രോഗ്രാം

നഴ്‌സിങ്് ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കു മുപ്പത്തിയഞ്ചോളം സ്‌പെഷ്യാലിറ്റി പ്രോഗ്രാമുകളുണ്ട്. ഫാമിലി നഴ്‌സിങ്, ജറെന്റോളജി, വുമണ്‍ ഹെല്‍ത്ത്, ചീഫ് നഴ്‌സിങ് ഓഫീസര്‍, നഴ്സ് അഡ്മിനിസ്‌ട്രേറ്റര്‍, നഴ്‌സ് അറ്റോണി, ഓങ്കോളജി നഴ്‌സ്, ഇന്‍ഫെക്ഷന്‍ കണ്ട്രോള്‍ നഴ്സ്, മെന്റല്‍ ഹെല്‍ത്ത് നഴ്‌സ്, ഓര്‍ത്തോപീഡിക് നഴ്സ്, നഴ്‌സ് അഡ്വക്കേറ്റ്, പബ്ലിക് ഹെല്‍ത്ത് നഴ്സ്, പീഡിയാട്രിക് നഴ്സ്, എന്‍ഡോക്രൈനോളജി, കോസ്‌മെറ്റിക്, ഫോറന്‍സിക്, സ്‌കൂള്‍ നഴ്‌സസ് മുതലായവ വിദേശരാജ്യങ്ങളിലുമുണ്ട്.

കോവിഡിനുശേഷം നഴ്‌സിങ്ങിന്റെ സാധ്യതകളില്‍ ലോകത്തെങ്ങും വര്‍ധനവുണ്ടായിട്ടുണ്ട്. നഴ്‌സിങ് തൊഴിലായി സ്വീകരിക്കാനാഗ്രഹിക്കുന്നവര്‍ക്കു മികച്ച അര്‍പ്പണ ബോധം, ആത്മാര്‍ഥത എന്നിവ ആവശ്യമാണ്. താല്‍പ്പര്യം, മനോഭാവം, അഭിരുചി, ലക്ഷ്യം എന്നിവ വിലയിരുത്തി മാത്രമേ നഴ്‌സിങ്ങിനു ചേരാവൂ.

 

                                             (മൂന്നാംവഴി സഹകണ മാസിക ജൂലായ് ലക്കം 2023)

Leave a Reply

Your email address will not be published.

Latest News
error: Content is protected !!