സാലറി ചലഞ്ചിൽ ഒരു മാസത്തെ ശമ്പളം നൽകി സഹകരണ ജീവനക്കാരും പങ്കെടുക്കണമെന്ന് സഹകരണ വകുപ്പ് മന്ത്രി: പാക്സ് ജീവനക്കാരുടെ ശമ്പള പരിഷ്കരണം വേഗത്തിലാക്കുമെന്നും മന്ത്രി.

adminmoonam

സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇന്ന് മന്ത്രിയുടെ ചേംബറിൽ ജീവനക്കാരുടെ സംഘടന പ്രതിനിധികളുമായി ചർച്ച ചെയ്താണ് മന്ത്രി ഈ കാര്യം മുന്നോട്ടുവച്ചത്. സാലറി ചലഞ്ചിൽ ഉപാധികളോടെ പങ്കെടുക്കാമെന്ന് മുഴുവൻ സംഘടനാ പ്രതിനിധികളും ഉറപ്പു നൽകി.
20% പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് മാത്രമാണ് ഒരു മാസത്തെ ശമ്പളം നൽകാൻ സാധിക്കുകയുള്ളൂ എന്ന് ജീവനക്കാർ ചർച്ചയിൽ പറഞ്ഞു. എന്നാൽ ഇതിനായി മന്ത്രി ഉപാധി വെക്കുകയാണ് ഉണ്ടായത്. സാമ്പത്തികശേഷിയുള്ള സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് വേണ്ടി സംഘങ്ങൾ അഡ്വാൻസായി ശമ്പളം അനുവദിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം അടച്ച് റസീറ്റ് ജീവനക്കാർക്ക് നൽകണം. ഈ തുക 10 ഗഡുക്കളായി ജീവനക്കാർ സംഘത്തിലേക്ക് തിരിച്ചടച്ചാൽ മതി. ഈ ഉപാധി പൊതുവേ അംഗീകരിക്കപ്പെട്ടു. ഇങ്ങനെ അഡ്വാൻസായി പണം നൽകുന്നതിന് 4% പലിശ ഈടാക്കുമെന്ന വ്യവസ്ഥ പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. സഹകരണസംഘങ്ങളെ 4 ക്ലാസ് ആയി തിരിച്ച്‌ സംഘങ്ങളുടെയും ജീവനക്കാരുടെയും ശമ്പളത്തിന്റെ തോതനുസരിച്ച് ചെറിയ തുകയെങ്കിലും നിർബന്ധമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണമെന്ന് നിർദേശിച്ചു. ഇത് സംഘടനാനേതാക്കൾ അംഗീകരിച്ചു. പാക്സ് ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഈ മാസം നടത്താൻ ഉദ്ദേശിച്ച സാഹചര്യത്തിലാണ് ഈ വലിയ പ്രതിസന്ധി ഉണ്ടായതെന്നും ഈ സാഹചര്യം മാറുന്ന മുറയ്ക്ക് അതിൽ ഉടൻ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി ഉറപ്പുനൽകി.

കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ, കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട്, കോ.ഓപ്പറേറ്റീവ് എംപ്ലോയിസ് കൗൺസിൽ, ജില്ലാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്, ജില്ലാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ, ജില്ലാ ബാങ്ക് എംപ്ലോയീസ് യൂണിയൻ ഇനി സംഘടനകളുടെ പ്രതിനിധീകൾ ചർച്ചയിൽ പങ്കെടുത്തു. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുറമേ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, സഹകരണ സംഘം രജിസ്ട്രാർ എ. അലക്സാണ്ടർ ഐ.എ.എസ് എന്നിവരും ചർച്ചയിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!