സാനുമാഷിന്റെ സമ്പൂര്‍ണകൃതികള്‍ പ്രകാശനം ചെയ്തു

moonamvazhi

എറണാകുളം ജില്ലയിലെ സ്റ്റാര്‍ട്ടപ്പ് സഹകരണസ്ഥാപനമായ സാമൂഹികസംരംഭക സഹകരണസംഘം (സമൂഹ്) പ്രസിദ്ധീകരിക്കുന്ന പ്രൊഫ. എം.കെ. സാനുവിന്റെ സമ്പൂര്‍ണകൃതികളുടെ പ്രകാശനം ഗാന്ധിജയന്തിദിനത്തില്‍ എറണാകുളം ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 12 വാല്യമുള്ള സമ്പൂര്‍ണകൃതികളുടെ ആദ്യപ്രതികള്‍ കേരളസ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി വി.കെ. മധു, കേരള നോളജ് മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല, സര്‍വവിജ്ഞാനകോശം ഡയറക്ടര്‍ ഡോ. മ്യൂസ് മേരി ജോര്‍ജ് എന്നിവര്‍ മുഖ്യമന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി.

ഇതു പ്രസിദ്ധീകരിക്കാന്‍ മുന്‍കൈയെടുത്ത സാമൂഹികസംരംഭകസഹകരണസംഘത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. സമാനതകളില്ലാത്ത വ്യക്തിത്വത്തിന് ഉടമയാണു സാനുമാഷെന്നു മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ രചനകളും സമാനതകളില്ലാത്തവയാണ്. തെളിഞ്ഞ ചിന്തയും മൗലികമായ കണ്ടെത്തലുകളും അദ്ദേഹത്തെ സമൂഹത്തില്‍ ഉയര്‍ത്തിനിര്‍ത്തുന്നു. സാനുമാഷിനെപ്പോലുള്ള മഹാവ്യക്തികളുടെ ഊര്‍ജം വരുംകാലത്തിനായി സംഭരിച്ചു സൂക്ഷിച്ചു കൈമാറണം. സമൂഹത്തെ നവീകരിക്കുന്ന നിലപാടുകളും ജീവിതമുഹൂര്‍ത്തങ്ങളുമാണു സാനുമാഷിന്റെ കൃതികളിലുള്ളത്. മഹത്തായ കൃതികളുടെ വിലപ്പെട്ട ശേഖരമാണിത്. സ്വന്തം ജീവിതംകൊണ്ടു സമൂഹത്തെ പ്രബുദ്ധമാക്കിയയാളാണു സാനുമാഷ്. ശ്രീനാരായണഗുരുവിന്റെ നവോത്ഥാനചിന്തകള്‍ കാലത്തിനനുസരിച്ചു നവീകരിച്ചു സാനുമാഷ് സമൂഹത്തിനു പകര്‍ന്നുനല്‍കി. പത്രാധിപര്‍, പ്രഭാഷകന്‍, നിരൂപകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ സാനുമാഷിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണ്- അദ്ദേഹം പറഞ്ഞു.


തന്റെ ആയുസ്സിന്റെ പ്രവര്‍ത്തനഫലമാണ് ഈ സമാഹാരമെന്നു പ്രൊഫ. എം.കെ. സാനു പറഞ്ഞു. സമൂഹത്തിന്റെ എളിയ സന്താനം എന്ന നിലയില്‍ മാത്രമാണു കൃതികള്‍ പ്രസിദ്ധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘാടകസമിതി ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ അധ്യക്ഷനായി. വ്യവസായമന്ത്രി പി. രാജീവ്, കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം.പി, ടി.ജെ. വിനോദ് എം.എല്‍.എ, ജി.സി.ഡി.എ. ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള, ചലച്ചിത്രവികസനകോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സമ്പൂര്‍ണകൃതികളുടെ ജനറല്‍ എഡിറ്റര്‍ പ്രൊഫ. എം. തോമസ് മാത്യു, ഡോ. സുനില്‍ പി. ഇളയിടം തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!