സഹകരണ മേഖലയെയും സഹകാരി സമൂഹത്തെയും നമ്മുടെ കണ്ണിലെ കൃഷ്ണമണിപോലെ വിലമതിക്കുന്ന ഒന്നായി കാണണം: കേരള ചീഫ് സെക്രട്ടറി

moonamvazhi

സഹകരണ മേഖലയെയും സഹകാരി സമൂഹത്തെയും നമ്മുടെ കണ്ണിലെ കൃഷ്ണമണിപോലെ വിലമതിക്കുന്ന ഒന്നായി കാണണമെന്നും നിസ്വാര്‍ത്ഥമായ രീതിയില്‍ അന്യോന്യം സഹായിക്കുന്ന കുറേയധികം പ്രവര്‍ത്തകരുടെ അധ്വാനഫലമാണ് കേരളത്തിലെ സഹകരണ മേഘയെന്നും കേരള ചീഫ് സെക്രട്ടറി ഡോ.വി.വേണു പറഞ്ഞു.

സാധാരണക്കാരുടെ പണത്തിന് അവര്‍ അര്‍ഹിക്കുന്ന സുരക്ഷിതത്വത്തോടുകൂടി തന്നെ അവര്‍ക്ക് മതിയായ പ്രതിഫലം നല്‍കുന്ന ഒരു മേഖലയാണ് സഹകരണ മേഖല. ആ മേഖലയെ ചെറുതായി കാണരുതെന്നും ഏതുതരത്തിലുള്ള വെല്ലുവിളികള്‍ നേരിടുമ്പോഴും കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെടുമ്പോഴും വളരെ ഒരുമയോടെ ശക്തമായി ചെറുത്തു തോല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര സ്തനാര്‍ബുദ ബോധവത്കരണ മാസമായി ആചരിക്കുന്ന പിങ്ക് ഒക്ടോബറിന്റ ഭാഗമായി കോഴിക്കോട് എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്ററ്റിയൂട്ടില്‍ തുടക്കം കുറിച്ച പ്രോജക്ട് പിങ്ക് എന്ന സംരംഭം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മാസം നീളുന്ന ഈ പ്രോജക്ടിലൂടെ സ്തനാര്‍ബുദത്തിനെതിരായ ബോധവല്‍ക്കരണം, സ്‌ക്രീനിംഗ്, രോഗം നേരത്തെ കണ്ടുപിടിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു.

കോഴിക്കോട് ഡി.എം.ഒ.ഡോ.രാജാറാം വിശിഷ്ടാതിഥിയായിരുന്നു. ചടങ്ങില്‍ അതിഥികളെ പൊന്നാടയണിയിച്ച് ആദരിച്ചു. എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യമേഖലയില്‍ എല്ലാവര്‍ക്കും ഒരുപോലെ ഒരു ഇന്‍ഷുറന്‍സ് പദ്ധതി കൊണ്ടുവരുന്നതിനെപ്പറ്റി ആലോചിക്കണമെന്ന് അദ്ദേഹം ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

സ്തനാര്‍ബുദത്തിനെതിരായ ബോധവല്‍ക്കരണം ലക്ഷ്യമിട്ട ‘പേഷ്യന്റ് എജ്യുക്കേഷന്‍ ബുക്ക്‌ലറ്റ് ഓണ്‍ ബ്രസ്റ്റ് കാന്‍സര്‍’ എന്ന പുസ്തകം ചീഫ് സെക്രട്ടറി പ്രകാശനം ചെയ്തു. പൂജ പുസ്തകം ഏറ്റുവാങ്ങി. എം.വി.ആര്‍ സെക്രട്ടറി & സിഇഒ ഡോ.എന്‍.കെ. മുഹമ്മദ് ബഷീര്‍, ഡോ. നിര്‍മ്മല്‍.സി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നാരായണന്‍കുട്ടി വാര്യര്‍ സ്വാഗതവും ഡോ.റബേക്ക ജോണ്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!