ജനകീയ ഹോട്ടല്‍ പദ്ധതി: മാര്‍ഗരേഖ സര്‍ക്കാര്‍ പുതുക്കി

Deepthi Vipin lal

തദ്ദേശ സ്വയംഭരണ വകുപ്പ് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ജനകീയ ഹോട്ടല്‍ സംബന്ധിച്ച മാര്‍ഗരേഖ സംസ്ഥാന സര്‍ക്കാര്‍ പരിഷ്‌കരിച്ചു. ഇതനുസരിച്ച് ജനകീയ ഹോട്ടല്‍ രൂപവത്കരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചു.

 

ജനകീയ ഹോട്ടലിനു പറ്റിയ സ്ഥലം കണ്ടെത്താനാവാത്തപക്ഷം കുടുംബശ്രീ സി.ഡി.എസ്. മുഖാന്തരം കണ്ടെത്തണം. കുടുംബശ്രീ അസി. ഡിസ്ട്രിക്ട് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍, മെംബര്‍ സെക്രട്ടറി, വാര്‍ഡ് മെംബര്‍ എന്നിവരടങ്ങിയ ഒരു കമ്മിറ്റിയില്‍ വെച്ച് ഇതിന് അംഗീകാരം നേടണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതത്തില്‍ നിന്നു തുക നല്‍കാന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഈ തുക വകയിരുത്താന്‍ ഡി.പി.സി. അംഗീകാരം ലഭ്യമാക്കണം. ഒരു ദിവസം 1000 മുതല്‍ 1500 വരെ ഊണു നല്‍കുന്ന ജനകീയ ഹോട്ടല്‍ അംഗങ്ങളെ ആദരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

100 ദിവസംകൊണ്ട് പൂര്‍ത്തിയാക്കുന്ന സര്‍ക്കാര്‍പദ്ധതികളില്‍ പ്രധാനപ്പെട്ടതാണു ജനകീയ ഹോട്ടല്‍. ഇതു സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനാണു സര്‍ക്കാര്‍ ഈ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ നേരത്തേ പുറപ്പെടുവിച്ചിരുന്ന മാര്‍ഗരേഖയിലെ ചില കാര്യങ്ങളില്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയരക്ടര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണു മാര്‍ഗരേഖ പുതുക്കിയത്. ജനകീയ ഹോട്ടലിന്റെ വാടക, വൈദ്യുതി, വാട്ടര്‍ ചാര്‍ജ് എന്നിവ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം മുഖാന്തരം നല്‍കണമെന്നു എക്‌സിക്യുട്ടീവ് ഡയരക്ടര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അതില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. സപ്ലൈകോ മുഖാന്തരം അരിയും പലവ്യഞ്ജനങ്ങളും ആവശ്യമുള്ള ജനകീയ ഹോട്ടലുകള്‍ക്കു ദിവസവും 200 ഊണിന് ആനുപാതികമായി അരിയും പലവ്യഞ്ജനങ്ങളും സബ്‌സിഡി നിരക്കില്‍ ഓരോ മാസവും നല്‍കണമെന്നും പാചകവാതകത്തിനു സബ്‌സിഡി അനുവദിക്കണമെന്നുമുള്ള ആവശ്യത്തിലും നടപടിയൊന്നുമുണ്ടായിട്ടില്ല.

Leave a Reply

Your email address will not be published.

Latest News