വായ്പക്കാരുടെ വസ്തു സംബന്ധിച്ച രേഖ നഷ്ടപ്പെട്ടാല്‍ ബാങ്കുകള്‍ പിഴയും നഷ്ടപരിഹാരവും നല്‍കേണ്ടിവരും

moonamvazhi

വായ്പയെടുക്കുന്നവരുടെ വസ്തു സംബന്ധിച്ച യഥാര്‍ഥരേഖകള്‍ നഷ്ടപ്പെട്ടാല്‍ ഇനി മുതല്‍ ബാങ്കുകള്‍ പിഴയും വായ്പക്കാരനു നഷ്ടപരിഹാരവും നല്‍കേണ്ടിവരും. റിസര്‍വ് ബാങ്ക് കഴിഞ്ഞ കൊല്ലം മേയില്‍ നിയോഗിച്ച ഉന്നതതലസമിതിയുടെ ശുപാര്‍കളിലാണു ഈ നഷ്ടപരിഹാരവും പിഴയും നിര്‍ദേശിക്കുന്നത്. ബാങ്കുകളിലും മറ്റു വായ്പാസ്ഥാപനങ്ങളിലുമുള്ള ഉപഭോക്തൃസേവനങ്ങളെക്കുറിച്ചു പരിശോധിക്കാനാണു ഉന്നതതലസമിതിയെ നിയോഗിച്ചത്.

റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ബി.പി. കാനുംഗോയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ആറംഗ ഉന്നതതലസമിതി ഇക്കഴിഞ്ഞ ഏപ്രിലില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശമുള്ളത്. സമിതിയുടെ ശുപാര്‍ശകളിന്മേല്‍ ജൂലായ് ഏഴിനകം അഭിപ്രായമറിയിക്കാന്‍ റിസര്‍വ് ബാങ്ക് ബാങ്കുകളോടാവശ്യപ്പെട്ടിട്ടുണ്ട്.

വായ്പക്കാരന്‍ വായ്പ മുഴുവന്‍ അടച്ചുതീര്‍ത്തുകഴിഞ്ഞാല്‍ വസ്തു സംബന്ധിച്ച രേഖകള്‍ തിരിച്ചുകൊടുക്കാന്‍ റിസര്‍വ് ബാങ്ക് സമയപരിധി നിശ്ചയിക്കണമെന്നു ഉന്നതതലസമിതി നിര്‍ദേശിച്ചു. ഇതില്‍ പരാജയപ്പെടുന്ന ബാങ്കുകള്‍ സമയം നീളുന്നതിനനുസരിച്ചു വായ്പക്കാരനു നഷ്ടപരിഹാരം നല്‍കണം. രേഖകള്‍ നഷ്ടപ്പെട്ടാല്‍ ബാങ്കുകള്‍ സ്വന്തം ചെലവില്‍ അതിന്റെ രജിസ്‌ട്രേഡ് കോപ്പികള്‍ കിട്ടാന്‍ സഹായിക്കണം. ബദല്‍രേഖകള്‍ ലഭ്യമാക്കുന്ന സമയം കണക്കാക്കി അതിനനുസരിച്ചു മതിയായ നഷ്ടപരിഹാരം നല്‍കുകയും വേണം – സമിതി ശുപാര്‍ശ ചെയ്തു. വായ്പക്കാരനില്‍നിന്നു വസ്തുവിന്റെ അസ്സല്‍ രേഖകള്‍ വാങ്ങിവെക്കുന്ന ബാങ്കുകള്‍ നിശ്ചിതസമയത്തുതന്നെ ലോണടച്ചു തീര്‍ത്താലും രേഖകള്‍ തിരിച്ചുകൊടുക്കാന്‍ നീണ്ടകാലമെടുക്കുന്നു എന്നു റിസര്‍വ് ബാങ്കിനു ഒട്ടേറെ പരാതികള്‍ കിട്ടിയിരുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!