പി.എഫ്. നിക്ഷേപത്തിന് പലിശ 7.1 ശതമാനം; സഹകരണ ജീവനക്കാര്‍ക്ക് കിട്ടില്ല

moonamvazhi

പ്രൊഫഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ പുതുക്കി നിശ്ചയിച്ചു. കേന്ദ്രധനമന്ത്രാലയം നിശ്ചയിക്കുന്ന നിരക്കിലാണ് പി.എഫ് നിക്ഷേപത്തിന് പലിശ കണക്കാക്കുക. ആഗസ്റ്റ് മൂന്നിന് ധനമന്ത്രാലയത്തിന്റെ ഉത്തരവ് അനുസരിച്ച് പി.എഫ്.നിക്ഷേപത്തിന് 7.1 ശതമാനാണ് പലിശ. എന്നാല്‍, സംസ്ഥാനത്തെ ആയിരക്കണക്കിന് സഹകരണ ജീവനക്കാര്‍ക്ക് ഈ പലിശ ലഭിക്കില്ല.

2011-ലെ ജനറല്‍ പ്രൊവിഡന്റ് ഫണ്ട് (കേരള) ചട്ടം 13(1) പ്രകാരം സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രിക്കുന്ന എല്ലാ പ്രൊവിഡന്റ് ഫണ്ടുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ അതാത് സമയത്ത് നിശ്ചയിക്കുന്ന പലിശനിരക്കാണ് ബാധകമാക്കിയിട്ടുള്ളത്. കേരളത്തിലെ സഹകരണ ജീവനക്കാരുടെ പി.എഫ്. നിക്ഷേപം കേരളബാങ്കിലാണ് നിക്ഷേപിച്ചിട്ടുള്ളത്. എന്നാല്‍, നിക്ഷേപത്തിന് മാത്രം കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന പലിശ നിരക്ക് നല്‍കുന്നില്ല. അതേസമയം, കേരളബാങ്ക് ജീവനക്കാരുടെ പി.എഫ്. നിക്ഷേപത്തിന് കേന്ദ്രം നിശ്ചയിക്കുന്ന നിരക്കാണ് കണക്കാക്കുന്നത്.

സ്ഥിരനിക്ഷേപത്തിന്റെ പലിശ നിരക്കാണ് സഹകരണ ജീവനക്കാരുടെ പി.എഫ്. നിക്ഷേപത്തിന് കേരളബാങ്ക് കണക്കാക്കുന്നത്. ഇത് കേന്ദ്രനിരക്കില്‍നിന്ന് അരശതമാനത്തിലേറെ കുറവുണ്ടാകും. സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ വരുമാനത്തില്‍നിന്ന് പി.എഫിലേക്ക് മാറ്റിവെക്കുന്ന ഇത്തരി നിക്ഷേപമാണ് വിരമിക്കുമ്പോള്‍ അവര്‍ക്കുള്ള ആശ്വാസം. ഈ നിക്ഷേപത്തിനാണ് കേന്ദ്രം നിശ്ചയിക്കുന്ന പലിശ നിരക്ക് പോലും നിഷേധിക്കുന്ന സമീപനം. മാത്രവുമല്ല, എല്ലാവിഭാഗം ജീവനക്കാരുടെയും പി.എഫ്. നിക്ഷേപം ആദായനികുതിക്കുള്ള ഇളവിന് പരിഗണിക്കാറുണ്ട്. സഹകരണ ജീവനക്കാര്‍ക്കും ഇതും നിഷിദ്ധമാണ്. പ്രത്യേക പി.എഫ്. ട്രസ്റ്റ് രൂപീകരിച്ചാല്‍ മാത്രമെ ആദായനികുതി ഇളവ് ലഭിക്കുകയുള്ളൂവെന്നാണ് ഇതിനുള്ള വിശദീകരണം. എന്നാല്‍, അത്തരമൊരു ട്രസ്റ്റ് രൂപീകരിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ഇതുവരെ ഒരു നടപടിയും സഹകരണ വകുപ്പ് സ്വീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published.

Latest News