രാജ്യത്തെ മികച്ച ജില്ലാ സഹകരണ ബാങ്കിനുള്ള ദേശീയ അവാര്‍ഡ് ഏഴാം തവണയും കരിംനഗര്‍ ജില്ലാ ബാങ്കിന്

moonamvazhi

രാജ്യത്തെ മികച്ച ജില്ലാ സെന്‍ട്രല്‍ സഹകരണ ബാങ്കിനുള്ള നാഷണല്‍ ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് ലിമിറ്റഡിന്റെ ( NAFSCOB ) അവാര്‍ഡ് തുടര്‍ച്ചയായി ഏഴാം തവണയും തെലങ്കാനയിലെ കരിംനഗര്‍ ജില്ലാ സഹകരണ ബാങ്ക് കരസ്ഥമാക്കി. 2020-21, 2021-22 വര്‍ഷങ്ങളിലെ ഓള്‍റൗണ്ട് പ്രകടനത്തിനാണു കരിംനഗര്‍ ബാങ്ക് അവാര്‍ഡ് നേടിയത്. 2020-21 ല്‍ മികച്ച രണ്ടാമത്തെയും 2021-22 ല്‍ ഒന്നാമത്തെയും ബാങ്കായി കരിംനഗര്‍ ബാങ്ക് തിരഞ്ഞെടുക്കപ്പെട്ടു.


രാജ്യത്തെ 393 ജില്ലാ സഹകരണ ബാങ്കുകളില്‍ തുടര്‍ച്ചയായി ഏഴാംതവണയാണു കരിംനഗര്‍ ബാങ്ക് ഈ ബഹുമതിക്ക് അര്‍ഹമാകുന്നത്. സെപ്റ്റംബര്‍ 26 നു രാജസ്ഥാനിലെ ജയ്പൂരില്‍ നടക്കുന്ന ചടങ്ങില്‍ ബാങ്ക് സി.ഇ.ഒ. എന്‍. സത്യനാരായണ അവാര്‍ഡ് ഏറ്റുവാങ്ങും. 2022-23 ല്‍ കരിംനഗര്‍ ജില്ലാ ബാങ്കിന്റെ മൊത്തം ബിസിനസ് 5,625 കോടി രൂപയുടേതാണ്. 91.4 കോടിയാണ് ഇത്തവണത്തെ ലാഭം. മുന്‍വര്‍ഷത്തേക്കാള്‍ 23 കോടി രൂപ അധികം. അടുത്ത വര്‍ഷം 7000 കോടി രൂപയുടെ ബിസിനസ്സാണു ബാങ്ക് ലക്ഷ്യമിടുന്നതെന്നു ചെയര്‍മാന്‍ കൊണ്ടുരു രവീന്ദര്‍ റാവു അറിയിച്ചു.

രാജ്യത്തെ മികച്ച പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘത്തിനുള്ള NAFSCOB ദേശീയ അവാര്‍ഡ് കരിംനഗര്‍ ജില്ലയിലെ ചൊപ്പദന്‍ഡി സഹകരണസംഘം കരസ്ഥമാക്കി. 2017, 2018, 2019 വര്‍ഷങ്ങളിലും ഇതേ ബാങ്കിനാണ് ഈ ബഹുമതി ലഭിച്ചത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!