മില്‍മ എറണാകുളം യൂണിയന്‍ പുതിയ വിപണന രീതികളിലേക്ക്

വി.എന്‍. പ്രസന്നന്‍

ദേശീയ ക്ഷീരവികസന ബോര്‍ഡ് പ്രോമിസിങ് മില്‍ക്ക് യൂണിയനായി
തിരഞ്ഞെടുത്ത മില്‍മ എറണാകുളം മേഖലാ യൂണിയന്‍  ( ഇ.ആര്‍.സി.എം.പി.യു. ) പുതിയ വിപണന രീതികളിലേക്കു കടന്നുകഴിഞ്ഞു. നാലു ജില്ലകളിലായി 934 സംഘങ്ങള്‍ അംഗങ്ങളായുള്ള യൂണിയന്‍ തൃശ്ശൂരില്‍ ഈയിടെ റെസ്റ്റോറന്റും ഐസ്‌ക്രീം പാര്‍ലറും
തുടങ്ങി.

 

സസ്യഭക്ഷണശാലയും മില്‍മഉല്‍പ്പന്നങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റുമായി മില്‍മ എറണാകുളം മേഖലായൂണിയന്‍ (എറണാകുളം റീജ്യണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ – ഇ.ആര്‍.സി.എം.പി.യു) പുതിയ വിപണനരീതികള്‍ ആവിഷ്‌കരിക്കുകയാണ്. സെപ്റ്റംബര്‍ ഏഴിനു തൃശ്ശൂര്‍ എം.ജി. റോഡില്‍ കോട്ടപ്പുറത്തു ദക്ഷിണേന്ത്യന്‍, ഉത്തരേന്ത്യന്‍, ചൈനീസ് വെജിറ്റേറിയന്‍ വിഭവങ്ങള്‍ വിളമ്പുന്ന റസ്റ്റോറന്റും ജ്യൂസ്-ഷെയ്ക്ക് പോയന്റും ഐസ്‌ക്രീം പാര്‍ലറും സ്‌നാക്ബാറും മില്‍മഉല്‍പ്പന്നങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റും അടങ്ങിയ ‘മില്‍മ റിഫ്രഷ് വെജ്’ ഡ്രൈവ് ഇന്‍ പാര്‍ലര്‍ ക്ഷീരവികസന-മൃഗസംരക്ഷണമന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. (മൂല്യവര്‍ധിതപാലുല്‍പ്പന്നങ്ങളുടെ വിപണനരംഗത്ത് ഇ.ആര്‍.സി.എം.പി.യു. നടപ്പാക്കുന്ന പുതിയ സംരംഭത്തിന്റെ പൊതുവായ പേരുകൂടിയാണ് ‘മില്‍മ റിഫ്രഷ് വെജ’്). മില്‍മയുടെ ഉടമസ്ഥതയിലുള്ള 14 സെന്റ് സ്ഥലവും കെട്ടിടവും ഉപയോഗപ്പെടുത്തിയാണു തൃശ്ശൂരിലെ ‘മില്‍മ റിഫ്രഷ് വെജ്’ തുടങ്ങിയിട്ടുള്ളത്. പരമാവധി മില്‍മ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചാണ് ഇവിടെ വിഭവങ്ങള്‍ തയാറാക്കുക. വിദ്യാര്‍ഥികള്‍ക്കായി മില്‍മ തൃശ്ശൂരില്‍ ആരംഭിച്ച ‘സ്‌കൂള്‍ അറ്റ് വീല്‍സ്’ വിജയമായതിനു പിന്നാലെയാണ് ഈ സംരംഭം. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോട്ടയം ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് ഇ.ആര്‍.സി.എം.പി.യു. നാലു ജില്ലയിലും കൂടി 934 അംഗസംഘങ്ങളാണുള്ളത്.

എല്ലാ ജില്ലയിലും
കിടാരി പാര്‍ക്ക് – മന്ത്രി

കുട്ടികളുടെ വലിയ പങ്കാളിത്തം ‘സ്‌കൂള്‍ അറ്റ് വീല്‍സി’നു ലഭിക്കുന്നുണ്ടെന്നു ‘മില്‍മ റിഫ്രഷ് വെജി’ന്റെ ഉദ്ഘാടനപ്രസംഗത്തില്‍ മന്ത്രി ചിഞ്ചുറാണി ചൂണ്ടിക്കാട്ടി. ദേശീയതലത്തില്‍ ഏറ്റവും നല്ല പാല്‍ എന്ന അംഗീകാരം മില്‍മയ്ക്കു കിട്ടിയിട്ടുണ്ട്. മില്‍മയുടെതല്ലാതെ ധാരാളം സംരംഭകര്‍ പാലുല്‍പ്പാദിപ്പിച്ചു കവറിലാക്കി വില്‍ക്കുന്നുണ്ട്. അവരെക്കൂടി മില്‍മയിലേക്കു കൊണ്ടുവന്നാല്‍ കേരളത്തില്‍ ആവശ്യത്തിലേറെ പാല്‍ ലഭ്യമാകും. ഓരോ ലിറ്റര്‍ പാലിനും 3-4 രൂപ സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്. എല്ലാ ജില്ലയിലും കിടാരിപാര്‍ക്ക് തുടങ്ങും. ചില ജില്ലകളില്‍ തുടങ്ങിക്കഴിഞ്ഞു. എല്ലാ ജില്ലയിലും ഇതു വരുന്നതോടെ കിടാരികള്‍ക്കായി ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാവും. നിരവധി വെറ്ററിനറി ആംബുലന്‍സുകളും സര്‍ക്കാര്‍ ആരംഭിക്കുന്നുണ്ട്്. കന്നുകാലികള്‍ക്ക് അസുഖങ്ങളുണ്ടാവുമ്പോള്‍ ഇവ സ്ഥലത്തെത്തി ഡോക്ടറുടെ സേവനം അടക്കമുള്ള ചികിത്സയും പരിചരണവും നല്‍കും. 1962 എന്ന ഫോണ്‍നമ്പരില്‍ വിളിച്ചാല്‍ ഈ സേവനം ലഭ്യമാക്കാനാണു ശ്രമം. കര്‍ണാടകത്തിലെ നന്ദിനി പാലിന്റെ കേരളത്തിലേക്കുള്ള കടന്നുകയറ്റത്തിന്റെ പ്രശ്‌നം കര്‍ണാടകസര്‍ക്കാരുമായി സംസാരിച്ചു പരിഹരിച്ചു. സഹകരണപ്രസ്ഥാനങ്ങള്‍ തമ്മില്‍ പോരല്ല സഹകരണമാണു വേണ്ടതെന്ന തത്വം പാലിക്കും. മില്‍മ കൂടുതല്‍ റസ്‌റ്റോറന്റുകളും ഷോപ്പുകളും തുടങ്ങണം. മലപ്പുറത്തു മൂര്‍ക്കനാട് ഒന്നേകാല്‍കോടി ചെലവില്‍ പാല്‍പ്പൊടി ഫാക്ടറി വരുന്നുണ്ട് . അതോടെ കേരളത്തില്‍ എത്ര പാല്‍ ഉല്‍പ്പാദിപ്പിച്ചാലും പാല്‍പ്പൊടിയാക്കാന്‍ കഴിയും – മന്ത്രി പറഞ്ഞു.

തൃശ്ശൂര്‍ ജില്ലയില്‍ സംഭരണറൂട്ട് ഇല്ലാത്ത പാവറട്ടി, പെരിഞ്ഞനം തുടങ്ങിയ തീരപ്രദേശങ്ങളില്‍ സംഭരണറൂട്ടുകള്‍ ഒരുക്കിയെന്നു മില്‍മ എറണാകുളം മേഖലായൂണിയന്‍ ചെയര്‍മാന്‍ എം.ടി. ജയന്‍ സ്വാഗതപ്രസംഗത്തില്‍ അറിയിച്ചു. ഇരുപതോളം ക്ഷീരസഹകരണസംഘങ്ങള്‍ക്ക് ഇതു പ്രയോജനകരമായി. നാലു ബി.എം.സി. (ബള്‍ക്ക് മില്‍ക്ക് കൂളിംഗ്) യൂണിറ്റ് കൂടി തുടങ്ങി. തൃശ്ശൂര്‍ രാമവര്‍മപുരത്തെ മില്‍മ ഡെയറിവളപ്പിലും വൈകാതെ റസ്റ്റോറന്റ് ആരംഭിക്കും. ചാലക്കുടിയില്‍ മില്‍മയുടെ ബേക്കറിഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റ് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ് അധ്യക്ഷനായിരുന്നു.ടി.എന്‍. പ്രതാപന്‍ എം.പി. മുഖ്യാതിഥിയായിരുന്നു. പി. ബാലചന്ദ്രന്‍ എം.എല്‍.എ., കൗണ്‍സിലര്‍ സാറാമ്മ റോബ്‌സണ്‍, ഇ.ആര്‍.സി.എം.പി.യു. മാനേജിങ് ഡയറക്ടര്‍ വില്‍സണ്‍. ജെ. പുറവക്കാട്ട് എന്നിവര്‍ സംസാരിച്ചു. സൂപ്പര്‍മാര്‍ക്കറ്റില്‍ വില്‍പ്പന ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

രാമവര്‍മപുരം, ഇടപ്പള്ളി, തൃപ്പൂണിത്തുറ, വടവാതൂര്‍ എന്നിവിടങ്ങളിലും റെസ്‌റ്റോറന്റ് തുടങ്ങാന്‍ മില്‍മയ്ക്കു പരിപാടിയുണ്ട്. സ്വകാര്യവ്യക്തികള്‍ക്കും സഹകരണസ്ഥാപനങ്ങള്‍ക്കും മില്‍മയുടെ നിയന്ത്രണത്തോടെ ഫ്രാഞ്ചൈസി നല്‍കുകയാണു ചെയ്യുക.

പ്രോമിസിങ്
മില്‍ക്ക് യൂണിയന്‍

ദേശീയ ക്ഷീരവികസനബോര്‍ഡ് (നാഷണല്‍ ഡെയറി ഡവലപ്‌മെന്റ് ബോര്‍ഡ് – എന്‍.ഡി.ഡി.ബി) പ്രോമിസിങ് മില്‍ക്ക് യൂണിയനായി ഇ.ആര്‍.സി.എം.പി.യു.വിനെ തിരഞ്ഞെടുത്തിട്ടുണ്ട്. കൂടുതല്‍ ക്ഷേമ-വികസന-ആധുനികീകരണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇതു സഹായകമായി. പ്രോമിസിങ് യൂണിയനായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നു എട്ടു കോടി രൂപയാണു ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇ.ആര്‍.സി.എം.പി.യു.വിനു കിട്ടുക; മൂന്നു കോടി രൂപ ഗ്രാന്റും അഞ്ചു കോടി രൂപ പലിശരഹിതവായ്പയും. എന്‍.ഡി.ഡി.ബി.യാണ് ഇതു നല്‍കുക. ഇതുപയോഗിച്ച് എച്ച് 2 എഫ് (ഹെല്‍പ് ടു ഫാര്‍മേഴ്‌സ്) നടപ്പാക്കിവരികയാണ്. ഗ്രാമതലത്തില്‍ 185 പാല്‍ശീതീകരണകേന്ദ്രങ്ങള്‍, മൃഗചികിത്സക്കു 18 ഇടങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം, കറവപ്പശുക്കളെ വാങ്ങാന്‍ ബാങ്കുവായ്പയ്ക്കു പലിശസബ്‌സിഡി, കന്നുകാലികളിലെ രോഗപ്രതിരോധപദ്ധതികള്‍, വൈക്കോല്‍-സൈലേജ് സബ്‌സിഡി, സബ്‌സിഡിനിരക്കില്‍ റബ്ബര്‍മാറ്റ് വിതരണം, മില്‍ക്കിങ്‌മെഷീന്‍ സബ്‌സിഡി, കന്നുകാലി ഇന്‍ഷുറന്‍സ് പ്രീമിയംസബ്‌സിഡി, വീല്‍ബാരോസബ്‌സിഡി, കൗലിഫ്റ്റ് സബ്‌സിഡി, ബി.എം.സി.കള്‍ക്കു ക്യാന്‍ കണ്‍വെയര്‍ സബ്‌സിഡി, ആപ്‌കോസ് സംഘം കെട്ടിടഗ്രാന്റ്, കര്‍ഷകര്‍ക്കും സംഘം ജീവനക്കാര്‍ക്കും പ്രസിഡന്റുമാര്‍ക്കും പരിശീലനം, 20,000 ക്ഷീരകര്‍ഷകര്‍ക്കു സ്റ്റീല്‍പാത്രവിതരണം തുടങ്ങിയവയാണു എച്ച്2 എഫില്‍ വരുന്നത്. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത കന്നുകാലികള്‍ ചാകുന്നതുമൂലം കര്‍ഷകര്‍ക്കുണ്ടായ നഷ്ടത്തിനു സഹായവും ഇതിന്റെ ഭാഗമാണ്. പശുവിനു 15,000 രൂപയും കിടാരിക്കു 10,000 രൂപയും വീതമാണു നല്‍കുക.

സെപ്റ്റംബറില്‍ ഇ.ആര്‍.സി.എം.പി.യു. ഇടുക്കി ജില്ലയില്‍ ഐ.എസ്.ഒ. നിലവാരത്തിലേക്ക് ഉയര്‍ത്തിയ ക്ഷീരോല്‍പ്പാദക സഹകരണസംഘങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. മേഖലാ ചെയര്‍മാന്‍ എം.ടി. ജയന്‍ അധ്യക്ഷനായിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ വിതരണം ചെയ്യാനായി മില്‍മ തയാറാക്കുന്ന സ്‌പെഷ്യല്‍ പേഡയായ ഫ്രീഡംപേഡ ഏറ്റവും കൂടുതല്‍ വിറ്റ സംഘങ്ങള്‍ക്കുള്ള അവാര്‍ഡുവിതരണവും ഉണ്ടായിരുന്നു. മില്‍മ ഫെഡറേഷന്‍ ബോര്‍ഡംഗം കെ.കെ. ജോണ്‍സണ്‍, വില്‍സണ്‍ ജെ. പുറവക്കാട്ട്, മേഖലാഭരണസമിതിയംഗങ്ങളായ പോള്‍ മാത്യു, ടി.ആര്‍. ഗോപാലകൃഷ്ണന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഓണക്കാലത്തു ഇ.ആര്‍.സി.എം.പി.യു. അരക്കോടി ലിറ്ററിലധികം പാലും ഏഴു ലക്ഷം പാക്കറ്റ് തൈരും വിറ്റു. തൈരുവില്‍പ്പനയില്‍ ഇ.ആര്‍.സി.എം.പി.യു.വിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വില്‍പ്പനയാണുണ്ടായത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 15 ശതമാനം വര്‍ധന തൈരുവില്‍പ്പനയിലുണ്ടായി. ഐസ്‌ക്രീം, പേഡ, പനീര്‍, പായസക്കൂട്ടുകള്‍ എന്നിവയുടെയും വില്‍പ്പന വളരെ വര്‍ധിച്ചു. 180 ടണ്‍ നെയ് ഓണമാസത്തില്‍ വിറ്റു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10 ശതമാനം കൂടുതലാണിത്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍വഴി 1,63,000 കുപ്പി നെയ്യും ഒന്നര ലക്ഷം പാക്കറ്റ് പായസം മിക്‌സും വിറ്റു. ( കഴിഞ്ഞ വര്‍ഷം ഓണനാളുകളില്‍ ഇ.ആര്‍.സി.എം.പി.യു. 27,60,000 ലിറ്റര്‍ പാലും 1,83,000 ലിറ്റര്‍ തൈരുമാണു വിറ്റത്. ഉത്രാടദിനത്തില്‍മാത്രം 10 ലക്ഷത്തിലധികം ലിറ്റര്‍ പാലും 75,000 കിലോ തൈരും വിറ്റു.)

മില്‍മ എറണാകുളം മേഖലായൂണിയന്റെ ആസ്ഥാനമായ ഇടപ്പള്ളിയിലെ ഓഫീസിനോടനുബന്ധിച്ചു ‘മില്‍മ റിഫ്രഷ് വെജ്’ കൗണ്ടര്‍ എന്ന പേരില്‍ പാലടപ്പായസ വില്‍പ്പനയ്ക്ക് ഇത്തവണ പ്രത്യേകസംവിധാനം ഒരുക്കിയിരുന്നു. ഒരു ലിറ്റര്‍ പായസത്തിനു 200 രൂപയും അര ലിറ്ററിനു 100 രൂപയുമാണ് ഈടാക്കിയത്. 25 രൂപയ്ക്ക് ഒരു കപ്പ് പായസം എന്ന തോതില്‍ കൗണ്ടറില്‍നിന്നുതന്നെ കഴിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നു. സെപ്റ്റംബര്‍ മൂന്നുവരെ വില്‍പ്പന തുടര്‍ന്നു.

ലിറ്ററിനു മൂന്നു രൂപ
ഇന്‍സെന്റീവ്

നാലു ജില്ലയിലും പാലളക്കുന്ന ആയിരത്തോളം ക്ഷീരസംഘങ്ങളിലെ കര്‍ഷകര്‍ക്ക് അത്തം മുതല്‍ തിരുവോണംവരെ 10 ദിവസം ഓണസമ്മാനമായി ലിറ്ററിനു മൂന്നു രൂപ യൂണിയന്‍ ഇന്‍സന്റീവ് നല്‍കിയിരുന്നു. ഒരു കോടിയില്‍പ്പരം രൂപയാണ് ഇതിനു വിനിയോഗിച്ചത്. സ്വാതന്ത്ര്യദിനാഘോഷത്തിന്് ഇടുക്കി ജില്ലയിലെ ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ക്കു സൗജന്യമായി വിതരണം ചെയ്യാന്‍ മില്‍മ ഫ്രീഡം പേഡകള്‍ എത്തിച്ചുനല്‍കി. മില്‍മ ഫെഡറേഷന്‍ ഡയറക്ടര്‍ കെ.കെ. ജോണ്‍സണാണ് ഇത് ഇടുക്കി ജില്ലാകളക്ടര്‍ ഷീബാജോര്‍ജിനു കൈമാറിയത്.

പുതുതലമുറയെ ലഹരിയില്‍നിന്നു രക്ഷിക്കാന്‍ സഹായകമാകുമെന്ന പ്രതീക്ഷയോടെ മില്‍മ ആഗസ്റ്റില്‍ത്തന്നെയാണു വിദ്യാലയങ്ങളില്‍ ‘മില്‍മ അറ്റ് സ്‌കൂള്‍’ പദ്ധതി തുടങ്ങിയത്. ലഹരിവിരുദ്ധ കാംപെയ്‌നിന്റെ ഭാഗമായി ഇ.ആര്‍.സി.എം.പി.യു.വാണു പദ്ധതി വിഭാവനം ചെയ്തത്. ഇതിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും തൃശ്ശൂര്‍ ജില്ലയിലെ മതിലകം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു. ഇ.ടി. ടൈസണ്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. എം.ടി. ജയന്‍, സി.കെ. ഗിരിജ, സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് മാളിയേക്കല്‍, സീനത്ത് ബഷീര്‍, കെ.വൈ. അസീസ്, വി.കെ. മുജീബ് റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

ജൂണിലാണു ‘മില്‍മ റിഫ്രഷ് വെജി’ന്റെ ആദ്യസംരംഭം ഇടപ്പള്ളിയിലെ മേഖലായൂണിയന്‍ ആസ്ഥാനത്തോടുചേര്‍ന്ന് ആരംഭിച്ചത്. ചായ, കാപ്പി, ചൂടുപാല്‍, പാല്‍സര്‍ബത്ത്, ഷെയ്ക്ക്, സ്‌നാക്‌സ്, ഐസ്‌ക്രീം തുടങ്ങിയവ വില്‍ക്കുന്ന കേന്ദ്രമാണിത്. രാവിലെ ആറു മുതല്‍ രാത്രി പത്തുവരെയാണു പ്രവര്‍ത്തനം. എം.ടി. ജയനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഇ.ആര്‍.സി.എം.പി.യു. ഡയറക്ടര്‍മാരായ കെ.കെ. ജോസ്, ജോണി ജോസഫ്, ഭാസ്‌കരന്‍ ആദംകാവില്‍, താര ഉണ്ണിക്കൃഷ്ണന്‍, ജോണ്‍ തെരുവത്ത്, വല്‍സലന്‍പിള്ള, സീനുജോര്‍ജ്, സോണി ഈറ്റക്കന്‍, ഷാജു വെളിയന്‍, പോള്‍ മാത്യു, ഗോപാലകൃഷ്ണന്‍നായര്‍, ലൈസാമ്മ ജോര്‍ജ്, ക്ഷീരവികസനവകുപ്പു ജോ. ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, എന്‍.ഡി.ഡി.ബി. ജനറല്‍മാനേജര്‍ റോമി ജേക്കബ്, വില്‍സണ്‍ ജെ. പുറവക്കാട്ട് എന്നിവര്‍ സംസാരിച്ചു.

ജൂണില്‍ കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ പ്രദേശത്തു മില്‍മയുടെ പാല്‍സംഭരണറൂട്ട് ഇല്ലാതിരുന്ന തലനാട്, പത്താംപുഴ മേഖലകളില്‍ രണ്ടുനേരം പാല്‍ സംഭരിക്കുന്ന പാല്‍സംഭരണറൂട്ട് ആരംഭിച്ചു. മെയ് 30 നു കൊച്ചി മെട്രോയുടെ മൂന്നു സ്‌റ്റേഷനില്‍ മില്‍മ സ്റ്റാള്‍ ആരംഭിച്ചു. എറണാകുളം സൗത്ത്, നോര്‍ത്ത്, വടക്കേക്കോട്ട മെട്രോ സ്‌റ്റേഷനുകളിലാണിത്. മന്ത്രി ജെ. ചിഞ്ചുറാണിയാണ് ഉദ്ഘാടനം ചെയ്തത്. ആദ്യവില്‍പ്പനയും അവര്‍ നിര്‍വഹിച്ചു. മെട്രോ എം.ഡി. ലോക്‌നാഥ് ബഹ്‌റ ഉല്‍പ്പന്നം ഏറ്റുവാങ്ങി. ടി.ജെ. വിനോദ് എം.എല്‍.എ. അധ്യക്ഷനായിരുന്നു. മില്‍മ ആസ്ഥാനത്തിനടുത്തുള്ള മെട്രോസ്‌റ്റേഷനു മില്‍മയുടെ പേരു നല്‍കണമെന്ന നിവേദനം എം.ടി. ജയന്‍ ബെഹ്‌റയ്ക്കു നല്‍കി.

20,000 ക്ഷീരകര്‍ഷകര്‍ക്കുള്ള സ്റ്റീല്‍ ക്യാനുകളുടെ വിതരണം മേയ് 22 നു തൃശ്ശൂരില്‍ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. മേയര്‍ എം.കെ. വര്‍ഗീസ് അധ്യക്ഷനായിരുന്നു. ടി.എന്‍. പ്രതാപന്‍ എം.പി., എം.ടി. ജയന്‍, വില്‍സണ്‍ ജെ. പുറവക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. 10 ലിറ്ററിന്റെ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ക്യാനുകളാണു വിതരണം ചെയ്തത്. പ്രാഥമിക ക്ഷീരസംഘങ്ങളില്‍ പാല്‍ അളക്കുന്ന ഫാംമേഖലയിലെ കര്‍ഷകര്‍ക്ക് ഈ സാമ്പത്തികവര്‍ഷം ലിറ്ററിനു 40 പൈസ ഫാംഇന്‍സെന്റീവ് നല്‍കാന്‍ ഏപ്രിലില്‍ തീരുമാനിച്ചിരുന്നു. പ്രതിദിനം 50 ലിറ്റര്‍ പാല്‍ പ്രാഥമികക്ഷീരസംഘങ്ങളില്‍ അളക്കുന്ന ഫാംസെക്ടറിലെ കര്‍ഷകര്‍ക്കാണ് ഈ ആനുകൂല്യം. ഫാംസെക്ടറിലെ കര്‍ഷകരെ പ്രോത്സാഹിപ്പിക്കാനും അവരെ പ്രാഥമികക്ഷീരസംഘങ്ങളിലേക്ക് ആകര്‍ഷിക്കാനും അതുവഴി ഇ.ആര്‍.സി.എം.പി.യു.വിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുമാണിത്.

ഈസ്റ്റര്‍-വിഷു-റംസാന്‍ കാലത്തും കര്‍ഷകര്‍ക്കു പ്രത്യേകാനുകൂല്യം നല്‍കി. ഏപ്രില്‍ ഒന്നു മുതല്‍ മെയ് 15 വരെ സംഭരിച്ച പാലിനു ലിറ്ററിന് ഒരു രൂപ വച്ചു വര്‍ധിപ്പിച്ചു നല്‍കുകയാണു ചെയ്തത്. മേഖലായൂണിയനിലെ വിവിധ സിവില്‍ സ്റ്റേഷനുകളിലും മില്‍മയുടെ സാന്നിധ്യമുണ്ട്. തൃശ്ശൂര്‍ സിവില്‍സ്റ്റേഷനിലെ നവീകരിച്ച മില്‍മപാര്‍ലര്‍ മാര്‍ച്ചില്‍ തൃശ്ശൂര്‍ ജില്ലാകളക്ടര്‍ വി.ആര്‍. കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. മില്‍മ സംഭാരം, ഗുവ ഐസ്‌ക്രീം, മില്‍മ കാരറ്റ് പേഡ, മില്‍മ പനീര്‍ തുടങ്ങിയ പ്രത്യേകവിഭവങ്ങള്‍ അടക്കമുള്ളവ ഇവിടങ്ങളില്‍ കിട്ടും. മാര്‍ച്ചില്‍ ബ്രഹ്മപുരത്തു മാലിന്യത്തിനു തീപ്പിടിച്ച് മലിനീകരണഭീഷണി ഉയര്‍ന്ന നാളുകളില്‍ അഗ്നിശമനസേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകര്‍ക്കു ഇ.ആര്‍.സി.എം.പി.യു. മൂന്നു ദിവസം സംഭാരം വിതരണം ചെയ്തിരുന്നു.

ക്ഷീരസഹകാരി
സംഗമം

മാര്‍ച്ച് ഏഴിനാണു മില്‍മ എറണാകുളം മേഖലായൂണിയനില്‍ ‘എച്ച്2 എഫ്’ പദ്ധതി തുടങ്ങിയത്. മേഖലായൂണിയന്‍ സ്ഥാപിക്കുന്ന 16 പുതിയ ബി.എം.സി.കളുടെ അനുമതിപത്രവിതരണം അന്നു നടന്നു. ഇടപ്പള്ളി പൊതുമരാമത്തു റെസ്റ്റ് ഹൗസിലായിരുന്നു ചടങ്ങ്. ഇ.ആര്‍.സി.എം.പി.യു. കൂടി പങ്കാളിയായാണു ക്ഷീരവികസനവകുപ്പു ഫെബ്രുവരിയില്‍ മണ്ണുത്തി വെറ്ററിനറി കോളേജ് മൈതാനത്തു സംസ്ഥാന ക്ഷീരസംഗമമായ ‘പടവ് 2023’ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി മില്‍മ അവിടെ സംവാദസദസ്സും ക്ഷീരസഹകാരിസംഗമവും നടത്തി. മുഖ്യമന്ത്രി പിണറായി വിജയനാണു ‘പടവ്’ ഉദ്ഘാടനം ചെയ്തത്. മില്‍മ മേഖലായൂണിയന്‍ വിപുലമായ സ്റ്റാള്‍ ഒരുക്കിയിരുന്നു. മില്‍മയുടെ വിവിധതരം ഐസ്‌ക്രീമുകള്‍, പേഡകള്‍, ഫ്‌ളേവേര്‍ഡ് മില്‍ക്, മാങ്കോഡ്രിങ്ക്, ജിഞ്ചര്‍-അലോവേര സര്‍ബത്തുകള്‍, സംഭാരം, കട്ടിമോര്, വിവിധതരം ചോക്ലേറ്റുകള്‍, ഘീബിസ്‌കറ്റ്, ഗുലാബ്ജാമുന്‍, യോഗര്‍ട്ട് തുടങ്ങിയവ ഇവിടെയുണ്ടായിരുന്നു. പാലടപ്പായസം, മില്‍ക്‌ഷേക്ക് തുടങ്ങിയവ തത്സമയം ഉണ്ടാക്കി നല്‍കി.

ജനുവരിയില്‍ മില്‍മ മേഖലായൂണിയന്‍ കെ.എസ്.ആര്‍.ടി.സി.യുടെ സഹായത്തോടെ എറണാകുളം ബോട്ടുജെട്ടിയിലെ ബസ് സ്റ്റാന്റില്‍ ‘മില്‍മ ഓണ്‍ വീല്‍സ്’ ആരംഭിച്ചു. ബസ്സുകളില്‍ ആവശ്യമായ രൂപമാറ്റം വരുത്തി മനോഹരമായി ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തു വില്‍പ്പനപാര്‍ലറാക്കി മാറ്റി മില്‍മയുടെ ഡെയറികളില്‍ നിര്‍മിക്കുന്ന ഐസ്‌ക്രീമുകളും മറ്റുല്‍പ്പന്നങ്ങളും ചായ, കാപ്പി, ചെറുകടികള്‍ എന്നിവയും വില്‍ക്കുന്ന സംവിധാനമാണിത്. ജനുവരി 31 നു മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ അധ്യക്ഷനായി. (തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റില്‍ 2021 ല്‍ത്തന്നെ ഇതു തുടങ്ങിയിരുന്നു). ഇങ്ങനെ 2023 ലെ കാര്യങ്ങള്‍ അവലോകനം ചെയ്താല്‍ത്തന്നെ പല നൂതനസംരംഭങ്ങളും വന്നതായി കാണാം.

മാതൃകാസംഘങ്ങള്‍ക്കും മികച്ച ബി.എം.സി.കള്‍ക്കും മാതൃകാകര്‍ഷകര്‍ക്കും ഡീലര്‍മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇ.സി.ആര്‍.എം.പി.യു. പുരസ്‌കാരങ്ങള്‍ നല്‍കാറുണ്ട്. നിലവിലുള്ള ഇ.സി.ആര്‍.എം.പി.യു. ചെയര്‍മാന്‍ എം.ടി. ജയന്‍ 2022 ആഗസ്റ്റ്് 12നാണ് ആ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ഏകകണ്ഠമായിരുന്നു തിരഞ്ഞെടുപ്പ്. നേരത്തെയും മില്‍മ എറണാകുളം മേഖലായൂണിയന്‍ അധ്യക്ഷപദവി വഹിച്ചിട്ടുള്ളയാളാണ് അദ്ദേഹം. എറണാകുളം ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമാണ്.

                                                           (മൂന്നാംവഴി സഹകരണമാസിക ഒക്ടോബര്‍ ലക്കം – 2023)

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!