നാളികേര സംസ്‌കരണ യൂണിറ്റുമായി നന്മണ്ട സഹകരണ റൂറല്‍ ബാങ്ക്

moonamvazhi

77 വര്‍ഷം മുമ്പു നൂറ് അംഗങ്ങളുമായി തുടങ്ങിയ നന്മണ്ട സഹകരണ റൂറല്‍
ബാങ്കിലിപ്പോള്‍ 18,000 എ ക്ലാസംഗങ്ങളുണ്ട്. ഏഴു ശാഖകളുള്ള ഈ ക്ലാസ് വണ്‍
സൂപ്പര്‍ ഗ്രേഡ് ബാങ്ക് അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ചു പ്രോജക്ടുകള്‍
നടപ്പാക്കി. ഈയിടെ നാളികേര സംസ്‌കരണ യൂണിറ്റും ആരംഭിച്ചു.

 

സ്വാതന്ത്യം കിട്ടുന്നതിനുമുമ്പു നാട്ടില്‍ ഭക്ഷ്യക്ഷാമം കൊടുമ്പിരിക്കൊണ്ട കാലഘട്ടത്തില്‍ ജനങ്ങള്‍ക്കു ഭക്ഷ്യസാധനങ്ങളടക്കമുളളവ വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ പരേതനായ കെ.പി. കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ 1932 ലെ മദ്രാസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് പ്രകാരം 1946 ജൂലായ് 31 നു രജിസ്റ്റര്‍ ചെയ്ത നന്മണ്ട പ്രൊഡ്യുസേഴ്സ് -കം- കണ്‍സ്യൂമര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണു നന്മണ്ട കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്കായി രൂപാന്തരപ്പെട്ടത്. 1955 ഡിസംബര്‍ 30 നാണു സൊസൈറ്റി നന്മണ്ട കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്കായി രജിസ്റ്റര്‍ ചെയ്തത്. 1956 ഡിസംബര്‍ 23 നു പ്രവര്‍ത്തനമാരംഭിച്ചു. തുടക്കത്തില്‍ നൂറോളം അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ബാങ്കിലിപ്പോള്‍ 18,000 എ ക്ലാസംഗങ്ങളുണ്ട്.

അഞ്ചു വര്‍ഷം
അഞ്ചു പ്രോജക്ട്

കഴിഞ്ഞ 77 വര്‍ഷം വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കയറി ഇന്നു കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച ബാങ്കുകളിലൊന്നായി മാറാന്‍ നന്മണ്ട റൂറല്‍ ബാങ്കിനു കഴിഞ്ഞു. വിശ്വാസ്യതയും സുതാര്യതയും കൈമുതലാക്കിയ ഈ ബാങ്ക് ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡ് പദവിയിലാണിപ്പോള്‍. നാടിനും നാട്ടുകാര്‍ക്കും പ്രയോജനപ്പെടുന്ന ഒട്ടനവധി പദ്ധതികള്‍ ബാങ്ക് നടപ്പാക്കുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ ദുരിതകാലത്തടക്കമുള്ള അഞ്ചു വര്‍ഷം കൊണ്ട് അഞ്ചു പ്രധാനപ്പെട്ട പ്രോജക്ടുകളാണു ബാങ്ക് നടപ്പാക്കിയത്. നന്മണ്ടയിലെ കര്‍ഷക സേവാ കേന്ദ്രം, ബാലുശ്ശേരിയിലെ നീതി മെഡിക്കല്‍ ഷോപ്പ്, ബാങ്ക് മാളില്‍ പ്രവര്‍ത്തിക്കുന്ന നീതി സൂപ്പര്‍ മാര്‍ക്കറ്റ്, നീതി പോളി ക്ലിനിക്ക് എന്നിവ എടുത്തു പറയേണ്ട നേട്ടങ്ങളാണ്. ഇതോടൊപ്പം ചേര്‍ത്തുവെക്കേണ്ട നേട്ടമാണ് ഈയടുത്ത് എം.കെ. രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്ത നാളികേര സംസ്‌കരണ യൂണിറ്റ്. കേരളത്തിലെ പ്രാഥമിക വായ്പാ സഹകരണസംഘങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വിവിധോദ്ദേശ്യ സേവന കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും വേണ്ടി നബാര്‍ഡിന്റെ സഹായത്തോടെ കേരള ബാങ്ക് നടപ്പാക്കിവരുന്ന PACS as MSC പദ്ധതിയുടെ ഭാഗമായുളള അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് ഉപയോഗപ്പെടുത്തിയും സഹകരണമേഖലയിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുമാണു ബാങ്കിനു കീഴില്‍ മാവരുകണ്ടി മുക്കില്‍ നാളികേര സംസ്‌കരണ യൂണിറ്റ് തുടങ്ങിയത്.

കേരളത്തിന്റെ സമ്പദ്ഘടനയ്ക്കും സാമൂഹികജീവിതത്തിനും ഒഴിച്ചുകൂടാനാവത്ത നാളികേരക്കൃഷി വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലത്താണു കേരകര്‍ഷകര്‍ക്ക് ആശ്വാസവും താങ്ങുമായി മാറുന്ന നാളികേര സംസ്‌കരണ യൂണിറ്റ് തുടങ്ങിയതെന്നു ബാങ്ക് ചെയര്‍മാന്‍ ടി.കെ. രാജേന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു. മഹാമാരിക്കാലവും വിലയിടിവും പ്രതിസന്ധി സൃഷ്ടിച്ച കാര്‍ഷികമേഖലയ്ക്ക് ഉണര്‍വ് നല്‍കാനും വിഷരഹിതമായ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കാനുമാണു സംസ്‌കരണ യൂണിറ്റ് തുടങ്ങിയത്. വിലക്കുറവും തകര്‍ച്ചയും കൊണ്ട് നട്ടം തിരിയുന്ന കേര കര്‍ഷകര്‍ക്കും ഈ യൂണിറ്റ് സഹായകമാകും. സീറോ സള്‍ഫര്‍ വെളിച്ചെണ്ണ അടുക്കളകളില്‍ എത്തിക്കാനും യൂണിറ്റിലൂടെ സാധിക്കും- ചെയര്‍മാന്‍ പറഞ്ഞു.

നന്മണ്ട, നരിക്കുനി, കാക്കുര്‍, മടവൂര്‍ പഞ്ചായത്തുകളിലെ നന്മണ്ട, ചീക്കിലോട്, നടുവല്ലൂര്‍, എരവന്നൂര്‍, പാറന്നൂര്‍, നെടിയനാട്, പന്നിക്കോട്ടൂര്‍, പുന്നശ്ശേരി എന്നീ പ്രദേശങ്ങളാണു ബാങ്കിന്റെ പ്രവര്‍ത്തനപരിധിയില്‍പ്പെടുന്നത്. ബാങ്കിന്റെ പ്രഥമ പ്രസിഡന്റ് കെ.പി. കുഞ്ഞിരാമന്‍ 1968 വരെ സ്ഥാനത്തു തുടര്‍ന്നു. തുടര്‍ന്ന് വി.കെ. നാരായണന്‍ കിടാവ്, എ.കെ. നീലകണ്ഠന്‍ നമ്പൂതിരി, കെ.പി. ഗോപിനാഥ്, കെ.പി. മുഹമ്മദ്, സി.വി. വിശ്വനാഥന്‍ നായര്‍, ടി.കെ. ബാലന്‍, ജയന്‍ നന്മണ്ട, ടി.കെ. രാജേന്ദ്രന്‍ എന്നിവര്‍ പ്രസിഡന്റുമാരായി. ബാങ്ക് 1980 ജൂലായ് ഒന്നു മുതല്‍ ക്ലാസ് ടൂ ഗ്രേഡായും 1985 ജൂലായ് ഒന്നു മുതല്‍ ക്ലാസ് വണ്‍ ഗ്രേഡായും 2002 മാര്‍ച്ച് 31 മുതല്‍ ക്ലാസ് വണ്‍ സ്പെഷല്‍ ഗ്രേഡായും ഉയര്‍ന്നു. ഇപ്പോള്‍ ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡ് പദവിയിലാണു ബാങ്ക് നില്‍ക്കുന്നത്.

ഇന്‍ഷൂറന്‍സ്
പരിരക്ഷ

നിക്ഷേപങ്ങള്‍ക്ക് എല്ലാവിധ പരിരക്ഷയും നല്‍കുന്നുണ്ട് നന്മണ്ട സഹകരണ ബാങ്ക്. ബാങ്കില്‍ സ്വരൂപിക്കുന്ന നിക്ഷേപങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഡെപ്പോസിറ്റ് ഗാരണ്ടി ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ട്. ബാങ്കിന് ഇപ്പോള്‍ 4.98 കോടി രൂപ ഓഹരി മൂലധനവും 333.59 കോടി രൂപ നിക്ഷേപവും 275.15 കോടി രൂപ വായ്പാ ബാക്കി നില്‍പ്പുമുണ്ട്. അംഗങ്ങള്‍ക്കു ഹ്രസ്വകാല – മധ്യകാല വായ്പകളും സ്വര്‍ണപ്പണയ വായ്പകളും നല്‍കുന്നുണ്ട്. പുതിയ വീടുണ്ടാക്കുന്നതിനും നിലവിലുളള വീട് അറ്റകുറ്റപ്പണി നടത്തുന്നതിനും 15 വര്‍ഷം വരെ കാലാവധിയുള്ള ഭവന വായ്പ നല്‍കുന്നുണ്ട്. കൃഷിയാവശ്യത്തിനായി നാലു ശതമാനം പലിശനിരക്കില്‍ കിസാന്‍ കാഷ് ക്രെഡിറ്റ് വായ്പ നല്‍കിവരുന്നുണ്ട്. കിസാന്‍ മിത്ര എന്ന പേരില്‍ കാര്‍ഷികാവശ്യങ്ങള്‍ക്കായി നാലു ശതമാനം പലിശനിരക്കില്‍ സ്വര്‍ണപ്പണയ വായ്പയും നല്‍കി വരുന്നു. അംഗങ്ങള്‍ക്കായി വ്യത്യസ്തങ്ങളായ വായ്പാപദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. കൊറോണ മൂലം മാന്ദ്യത്തിലായ സാമ്പത്തികമേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനു നബാര്‍ഡ് കേരള ബാങ്ക് വഴി നല്‍കിയ സ്പെഷല്‍ ലിക്വിഡിറ്റി ഫണ്ട് വഴി അഞ്ച് കോടി രൂപ ബാങ്ക് വായ്പ നല്‍കിയിട്ടുണ്ട്. ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത്, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി എന്നിവ മുഖേന സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പ് ലോണായി കുടുംബശ്രീകള്‍ക്കും മറ്റു ഗ്രൂപ്പുകള്‍ക്കും നല്‍കിവന്നിരുന്ന വായ്പയുടെ പരിധി അഞ്ചു ലക്ഷം രൂപയില്‍ നിന്നു പത്തു ലക്ഷം രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്.

നീതി മെഡിക്കല്‍സ്,
സൂപ്പര്‍ മാര്‍ക്കറ്റ്

 

മിതമായ വിലയില്‍ മരുന്നു ലഭ്യമാക്കുന്ന ബാങ്കിന്റെ നീതി മെഡിക്കല്‍ ഷോപ്പ് പൊതുജനങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്നു. ബാലുശ്ശേരി ഗവ. ആശുപത്രിക്കു സമീപമാണു നീതി മെഡിക്കല്‍ ഷോപ്പ് പ്രവര്‍ത്തിക്കുന്നത്. 20 മുതല്‍ 70 ശതമാനം വരെ വിലക്കുറവില്‍ മരുന്നുകള്‍ ഇവിടെ കിട്ടും. ഡോക്ടറുടെ സേവനം, ക്ലിനിക്കല്‍ പരിശോധന, ഇംഗ്ലീഷ് മരുന്നുകള്‍ എന്നിവ മിതമായ നിരക്കില്‍ ഒരു കുടക്കീഴില്‍ ഒരുക്കാന്‍ നന്മണ്ട നീതി പോളി ക്ലിനിക്കിനു സാധിച്ചിട്ടുണ്ട്. മിതമായ നിരക്കില്‍ അരിയുള്‍പ്പടെ ഭക്ഷ്യ വസ്തുക്കളും പലവ്യഞ്ജനങ്ങളും സ്റ്റേഷനറി സാധനങ്ങളും കിട്ടുന്ന നീതി സൂപ്പര്‍ മാര്‍ക്കറ്റും ബാങ്കിന്റെ കീഴിലുണ്ട്.

ബാങ്കിന്റെ കീഴിലുളള കര്‍ഷക സേവാകേന്ദ്രം മെച്ചപ്പെട്ട പ്രവര്‍ത്തനമാണു നടത്തുന്നത്. മിതമായ നിരക്കില്‍ മുന്തിയ ഇനം തൈകള്‍, വിത്തുകള്‍, ജൈവ വളങ്ങള്‍ എന്നിവ നന്മണ്ടയിലെ ഈ കേന്ദ്രത്തില്‍ കിട്ടുന്നു. ചെടികളും സര്‍ക്കാര്‍ അംഗീകൃത രാസവളങ്ങളും ഇവിടെ ലഭിക്കും.

സ്വര്‍ണപ്പണയ വായ്പ, കുടുംബശ്രീ അംഗങ്ങള്‍ക്കു പ്രത്യേക വായ്പാപദ്ധതികള്‍, വസ്തു ഈടിമേലുളള വായ്പ, ചെറുകിട വ്യാപാരികള്‍ക്കുള്ള ബിസിനസ് വായ്പ, കര്‍ഷകര്‍ക്കു കിസാന്‍ ക്രെഡിറ്റ് വായ്പ, വനിതശ്രീ വായ്പാപദ്ധതി, കുടുംബശ്രീ ലിങ്കേജ് വായ്പ, ഭവന വായ്പ എന്നിവ ബാങ്കിനു കീഴില്‍ നല്‍കിവരുന്നു.

ഇടപാടുകള്‍ക്ക്
നവീന സംവിധാനം

നന്മണ്ട റൂറല്‍ ബാങ്കിന്റെ സോഫ്റ്റ്‌വെയര്‍ പൂര്‍ണമായും ക്ലൗഡ് സംവിധാനത്തിലേക്കു മാറിയത് എല്ലാ രേഖകളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നു. മൊബൈല്‍ ബാങ്കിംഗ് ഇടപാടുകാര്‍ക്കു മൊബൈല്‍ ഫോണുപയോഗിച്ച് ബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്നതിനുളള മൊബൈല്‍ ആപ്പും ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. ഇതുവഴി ഫണ്ട് ട്രാന്‍സ്ഫര്‍ ഉള്‍പ്പടെയുളള ബാങ്കിംഗ് ഇടപാടുകള്‍ മൊബൈല്‍ ഫോണുപയോഗിച്ച് നടത്താം. അക്കൗണ്ട് സ്‌റ്റേറ്റ്മെന്റ്, ഫോണ്‍ റീചാര്‍ജ്, യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കല്‍ എന്നീ സൗകര്യങ്ങളും ഈ മൊബൈല്‍ ആപ്പില്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്. നന്മണ്ടയിലെ പ്രധാന ഓഫീസിലും ഏഴ് ശാഖകളിലും പൂര്‍ണമായും ക്ലൗഡ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടപാടുകാര്‍ക്കു ബാങ്കിന്റെ ഏതു ശാഖയില്‍ നിന്നും എല്ലാതരത്തിലുളള ഇടപാടുകളും നടത്താം. ഷെഡ്യൂള്‍ഡ് ബാങ്കുകളും ദേശസാല്‍കൃത ബാങ്കുകളും ഉള്‍പ്പടെ മറ്റ് ഏതു ബാങ്കില്‍ നിന്നും ഈ ബാങ്കിലെ ഇടപാടുകാരുടെ അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കാനും തിരിച്ച് പുറത്തേക്ക് ഏതു ബാങ്കിലേക്കും നെഫ്റ്റ്, ആര്‍.ടി.ജി.എസ്. ആയി പണം ട്രാന്‍സ്ഫര്‍ ചെയ്യാനുമുളള സൗകര്യം ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കിയിട്ടുണ്ട്.

41 സ്ഥിരം ജീവനക്കാരാണു ബാങ്കിലുളളത്. ഹെഡ് ഓഫീസിലും നരിക്കുനി ശാഖയിലും ചീക്കിലോട്, ബാലുശ്ശേരി മുക്ക് ശാഖകളിലും ലോക്കര്‍ സൗകര്യം നിലവിലുണ്ട്. ഹെഡ് ഓഫീസിനോടു ചേര്‍ന്നു നിര്‍മിച്ച ബാങ്ക് മാള്‍ കെട്ടിടത്തില്‍ എം.ടി.എം. സ്ഥാപിച്ചിട്ടുണ്ട്. നന്മണ്ടയില്‍ മെയിന്‍ ഓഫീസിനു പുറമേ സായാഹ്നശാഖയുമുണ്ട്. കുട്ടമ്പൂര്‍, നരിക്കുനി, നരിക്കുനി സായാഹ്നശാഖ, ബാലുശ്ശേരി മുക്ക്, ചീക്കിലോട് എന്നിവയാണു മറ്റു ശാഖകള്‍.

ടി.കെ. രാജേന്ദ്രന്‍ മാസ്റ്റര്‍ ചെയര്‍മാനായുള്ള ഭരണസമിതിയില്‍ കെ.കെ. മുഹമ്മദാണു വൈസ് ചെയര്‍മാന്‍. പി.ഐ. വാസുദേവന്‍, ഭാസ്‌കരന്‍ കോട്ടക്കല്‍, പി. സുധാകരന്‍, പി. അബ്ദുള്‍ ജമീല്‍, കെ.പി. രാജന്‍, കെ.പി. സന്തോഷ് കുമാര്‍, കെ.സി. രജിലേഷ്, പി.പി. ഫാസില്‍ ലാല്‍, സിന്ധു രാജീവ്, ബി. സബിത, എ.പി. പ്രഭാവതി എന്നിവരാണു മറ്റംഗങ്ങള്‍. സി.കെ.ഹാഷിമാണു ജനറല്‍ മാനേജര്‍.

                                                                    (മൂന്നാംവഴി സഹകരണമാസിക നവംബര്‍ ലക്കം – 2023)

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!