കോവിഡ് -19 നിർബന്ധ പിരിവ് അംഗീകരിക്കാനാവില്ലെന്ന് എംപ്ലോയീസ് ഓർഗനൈസേഷൻ

adminmoonam

കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ഒരു മാസത്തെ ശമ്പളം നിർബന്ധമായി പിടിച്ചെടുക്കാനുള്ള നീക്കത്തിൽ നിന്നും പിൻമാറണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ ) സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു . സഹകരണ ജീവനക്കാരിൽ 90 ശതമാനവും പൊതുപ്രവർത്തകരാണ്. സാമൂഹ്യ – രാഷ്ട്രീയ – സന്നദ്ധ സംഘടനകളുടെ കോവിഡ് – 19 സമാശ്വാസ പദ്ധതികളിൽ പ്രാദേശികമായി സാമ്പത്തികമായും അല്ലാതെയും സഹകരണ ജീവനക്കാരും പങ്കാളികളാണ് . ഇതൊന്നും സർക്കാർ നൽകുന്ന നിർദ്ദേശങ്ങളുടെയോ ഉത്തരവുകളുടെയോ അടിസ്ഥാനത്തിലല്ല . പൊതു പ്രവർത്തകരെന്ന നിലയിലുള്ള സാമൂഹ്യബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് സ്വമേധയാ നേതൃത്വം നൽകുന്നതും പങ്കാളികളാകുന്നതും.മറ്റുള്ള ജീവനക്കാരെ പോലെ ലോക്ക് ഡൗൺ കാലയളവിൽ സഹകരണ ജീവനക്കാർ വീട്ടിൽ ഇരിക്കുകയല്ല . സർക്കാർ നിശ്ചയിച്ച ക്രമീകരണങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് അവശ്യസർവീസ് എന്ന നിലയിൽ ഈ പ്രതിസന്ധിഘട്ടത്തിലും കൃത്യമായി ജോലിക്ക് എത്തുന്നുമുണ്ട് . പൊതുഗതാഗത സംവിധാനമില്ലാത്തതിനാൽ പലരും ടാക്സി വിളിച്ചാണ് ജോലിക്ക് ഹാജരാകുന്നത് . മാത്രമല്ല മറ്റു കുടുംബാംഗങ്ങളിൽ പലരുടെയും ജോലിയും ബിസിനസ്സും മററും മുടങ്ങിയ സാഹചര്യത്തിൽ പൂർണ്ണമായും കുടുംബം പോറ്റേണ്ട ഉത്തരവാദിത്വവും ഇന്ന് സഹകരണ ജീവനക്കാർക്കുണ്ട്. ജീവനക്കാരുടെ സാമ്പത്തിക സാഹചര്യം എല്ലാവരുടെതും ഒരു പോലെയുമല്ല . ഈ മഹാമാരിയെ ചെറുക്കാനുള്ള സർക്കാരിൻറെ പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി ഭാഗവാക്കാവാൻ സഹകരണ ജീവനക്കാരും സന്നദ്ധരാണ് . എന്നാൽ നിർബന്ധ പിരിവ് അടിച്ചേല്പിക്കുന്നതിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ല . ജീവനക്കാർക്ക് അവരവരുടെ സാമ്പത്തികസ്ഥിതിക്കനുസൃതമായി സംഭാവന നൽകാനുള്ള അസരം ഒരുക്കണം. അതിന് സമ്മത പത്രം നൽകാനുള്ള ക്രമീകരണവും ഏർപ്പെടുത്തണമെന്ന് സംസ്ഥാന പ്രസിഡൻറ് പി. ഉബൈദുള്ള എം.എൽ.എയും ജനറൽ സെക്രട്ടറി എ.കെ. മുഹമ്മദലിയും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!