കേരളത്തില്‍ 70 സഹകരണ സംഭരണശാലകള്‍ തുടങ്ങാന്‍ സഹായം നല്‍കാമെന്ന് കേന്ദ്രം

moonamvazhi

കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് കീഴില്‍ സംഭരണ ശാലകള്‍ സ്ഥാപിക്കാനുള്ള കേന്ദ്രപദ്ധതിയില്‍ കേരളത്തിന് കൂടുതല്‍ ഓഫര്‍. സംസ്ഥാനത്ത് ഒരു കാര്‍ഷിക വായ്പ സഹകരണ സംഘത്തിനെ മാത്രമാണ് നേരത്തെ ഈ പദ്ധതിക്കായി തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍, ഒരു ജില്ലയില്‍ അഞ്ച് സംഭരണശാലകള്‍ വീതം സ്ഥാപിക്കാന്‍ സാമ്പത്തിക സഹായം നല്‍കാമെന്നാണ് കേന്ദ്രസഹകരണ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്. ഇതനുസരിച്ച് 70 സംഭരണശാലകള്‍ക്ക് കേരളത്തില്‍ അനുമതി ലഭിക്കും. രാജ്യത്താകെ രണ്ടുലക്ഷം ഗോഡൗണുകള്‍ സഹകരണ മേഖലയില്‍ സ്ഥാപിക്കാനാണ് കേന്ദ്രം പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

നാഷണല്‍ കോഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (എന്‍.സി.ഡി.സി.) യാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി. പൈലറ്റ് പ്രൊജക്ട് നടപ്പാക്കുന്നതിനാണ് കേരളത്തില്‍ ഒരു സംഘത്തെ നേരത്തെ തിരഞ്ഞെടുത്തത്. പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര സര്‍വീസ് സഹകരണ ബാങ്കിനെയാണ് ഇതിനായി സംസ്ഥാനം തിരഞ്ഞെടുത്തത്. ഇത് കേന്ദ്രത്തിന് കൈമാറുകയും ചെയ്തു. ഇതിന് ശേഷമാണ് പദ്ധതി നടപ്പാക്കുന്നതിന് ഒരുജില്ലയില്‍ അഞ്ച് സംഘങ്ങളെ വീതം തിരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. കേന്ദ്രം നിശ്ചയിച്ച മാനദണ്ഡം പാലിക്കാന്‍ കഴിയുന്ന കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളെ ഓരോ ജില്ലയില്‍നിന്നും നിര്‍ദ്ദേശിക്കാന്‍ സഹകരണ വകുപ്പ് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍മാരോ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഗോഡൗണികള്‍ സ്ഥാപിക്കുന്നതിന് 2.25 കോടിരൂപയാണ് ഓരോ പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്കും കേന്ദ്രസഹകരണ മന്ത്രാലയം നല്‍കുന്നത്. സബ്‌സിഡി, വായ്പ എന്നിവയായാണ് ഈ തുക അനുവദിക്കുക. കൃഷി, വ്യവസായം, ഭക്ഷ്യ-പൊതുവിതരണം എന്നിങ്ങനെ മൂന്ന് മന്ത്രാലയങ്ങള്‍ക്ക് കീഴിലിലെ എട്ട് പദ്ധതികളാണ് ഇതിനായി സംയോജിപ്പിച്ചിട്ടുള്ളത്. ഒരുലക്ഷം കോടിരൂപയാണ് ഇതിനായി കേന്ദ്രസഹകരണ മന്ത്രാലയം കണക്കാക്കിയിട്ടുള്ളത്. സഹകരണ മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യസംഭരണശാല ശൃംഖല രാജ്യത്ത് തീര്‍ക്കുകയാണ് ലക്ഷ്യം. 2150 ലക്ഷം ടെണ്‍ സംഭരണശേഷി സഹകരണ മേഖലയിലുണ്ടാക്കാന്‍ ഇതിലൂടെ കഴിയും.

ഓരോ ബ്ലോക്കിലും 2000 ടണ്‍ സംഭരണ ശേഷിയുള്ള ഗോഡൗണുകളാണ് നിര്‍മ്മിക്കേണ്ടത്. 20 ഏക്കര്‍ സ്ഥലം സ്വന്തമായുള്ള പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് ഈ പദ്ധതിക്ക് അപേക്ഷിക്കാം. സംഘങ്ങള്‍ ലാഭത്തിലായിരിക്കണമെന്ന വ്യവസ്ഥയുണ്ട്. സ്വന്തമായി ഭൂമിയില്ലാത്ത സംഘങ്ങള്‍ക്ക് ദീര്‍ഘകാല കരാര്‍ അടിസ്ഥാനത്തില്‍ ഭൂമി കണ്ടെത്താനായാലും ഗോഡൗണ്‍ പദ്ധതിയുടെ ഭാഗമാകാമെന്ന ഭേദഗതി വരുത്തിയിട്ടുണ്ട്. തമിഴ്‌നാടാണ് ഇത്തരമൊരു നിര്‍ദ്ദേശം കേന്ദ്രത്തിന് മുമ്പില്‍വെച്ചത്. അത് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. രണ്ടുസഹകരണസംഘങ്ങള്‍ സംയോജിച്ചാണ് തമിഴ്‌നാട്ടില്‍ പദ്ധതിക്ക് അപേക്ഷിച്ചത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!