കേന്ദ്രത്തിന്റെ മോഡല്‍ ബൈലോ അംഗീകരിച്ചില്ലെങ്കില്‍ തിരിച്ചടിയാകുമോ; വിശദീകരിക്കാതെ സര്‍ക്കാര്‍

moonamvazhi

കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മോഡല്‍ ബൈലോ കേരളത്തില്‍ നടപ്പാക്കിയിട്ടില്ലെങ്കില്‍ നേരിടുന്ന പ്രശ്‌നമെന്താണെന്ന് വിശദീകരിക്കാതെ സര്‍ക്കാര്‍. മോഡല്‍ ബൈലോ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ എന്ത് അഭിപ്രായമാണ് കേന്ദ്രസര്‍ക്കാരിന് നല്‍കിയത് എന്ന കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടില്ല. നിയമസഭയില്‍ ഇത് സബന്ധിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് സംസ്ഥാനത്തിന്റെ നിലപാടില്‍ അവ്യക്തതയുള്ളത്.

കേന്ദ്രം പുതിയ സഹകരണ മന്ത്രാലയം രൂപീകരിച്ചതിന് ശേഷം രാജ്യത്തെ സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനുള്ള പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നതെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മോഡല്‍ ബൈലോയില്‍ സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ലഭ്യമാക്കുന്നതിനായി 2022 ജുലായ് 7ന് നബാര്‍ഡ് കത്ത് നല്‍കിയിരുന്നു. ബൈലോയില്‍ ഉള്‍പ്പെട്ട വിഷയങ്ങളെയും വ്യവസ്ഥകളെയും സംബന്ധിച്ച് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചിട്ടുണ്ട്.

മോഡല്‍ ബൈലോ സംബന്ധിച്ച് കേരളം കേന്ദ്രത്തിന് നല്‍കിയ കത്തിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.ബാബു(തൃപ്പൂണിത്തുറ) എന്നിവരുടെ ആവശ്യം. എന്നാല്‍, കത്തിലെ വിശദാംശങ്ങള്‍ എന്താണെന്ന് മന്ത്രി വെളിപ്പെടുത്തിയിട്ടില്ല. മോഡല്‍ ബൈലോ അംഗീകരിക്കാത്ത ഏക സംസ്ഥാനമാണ് കേരളം. മോഡല്‍ ബൈലോയില്‍ സംസ്ഥാനങ്ങളുടെ സാഹചര്യത്തിന് അനുസരിച്ച് മാറ്റം കൊണ്ടുവരാമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ബേദഗതികളോടെ അംഗീകരിക്കാമെന്നാണ് തമിഴ്‌നാട് സ്വീകരിച്ച നിലപാട്. ഈ ഭേദഗതി നിശ്ചയിക്കുന്നതിന് തമിഴ്‌നാട് ഒരു സമിതിയെ നിയോഗിച്ചകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നും നിയമസഭാചോദ്യത്തിലുണ്ട്. ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നാണ് മന്ത്രി നല്‍കിയ മറുപടി.

സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ നിയന്ത്രിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് സഹകരണ മന്ത്രി വ്യക്തമാക്കി. കോമണ്‍ സോഫ്റ്റ് വെയര്‍ പദ്ധതി, ഏകീകൃത ബൈലോ, സഹകരണ ഡേറ്റ ബേസ് എന്നീ പദ്ധതികളിലൂടെ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടല്‍ നടത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. അതിനുള്ള മേല്‍ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി മറുപടി നല്‍കി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!