കാര്‍ഷിക സംരംഭങ്ങള്‍ തുടങ്ങുന്നതിന് സഹകരണ സംഘങ്ങള്‍ കൃഷിവകുപ്പും വഴിയും സഹായം  

moonamvazhi

വിളവെടുപ്പിന് ശേഷം കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൃഷിവകുപ്പ് സഹകരണ സംഘങ്ങളുടെ സഹായം തേടുന്നു. കാര്‍ഷിക അനുബന്ധ സംരംഭങ്ങള്‍ക്ക് സഹകരണ സംഘങ്ങള്‍ക്ക് കൂടി സാമ്പത്തിക സഹായം അനുവദിക്കാനാണ് തീരുമാനം. കാര്‍ഷിക വിളകളുടെ സംഭരണം, വിപണനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയാണ് പദ്ധതി തയ്യാറാക്കേണ്ടത്.

സംരംഭങ്ങള്‍ തുടങ്ങാന്‍ വായ്പാധിഷ്ഠിതസഹായമാണ് ലഭിക്കുക. വ്യക്തികള്‍, സഹകരണസംഘങ്ങള്‍, കര്‍ഷകക്കൂട്ടായ്മകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, രജിസ്‌ട്രേഡ് സംഘങ്ങള്‍, ഗ്രാമപ്പഞ്ചായത്തുകള്‍, ട്രസ്റ്റുകള്‍, വനിതാ കര്‍ഷകസംഘങ്ങള്‍, സ്വയംസഹായ സംഘങ്ങള്‍ തുടങ്ങിയവയ്ക്കാണ് സഹായം ലഭിക്കുക. പായ്ക്ക്ഹൗസുകള്‍ക്കായി രണ്ടുലക്ഷം രൂപവരെ സഹായം ലഭിക്കും. കണ്‍വെയര്‍ ബെല്‍റ്റ്, ഗ്രേഡിങ്, തരംതിരിക്കല്‍, കഴുകല്‍, ഉണക്കല്‍ യന്ത്രങ്ങളടങ്ങിയ സംയോജിത പായ്ക്ക് ഹൗസുകള്‍ക്കായി 17.5 ലക്ഷം രൂപയുടെ സഹായമാണ് ലഭിക്കുക.

പാലക്കാട് ജില്ലയില്‍ തക്കാളി സംഭരണത്തിന് സഹകരണവകുപ്പ് നടപടി സ്വീകരിച്ചിരുന്നു. ഇത് കര്‍ഷകരെ ഏറെ സഹായിച്ചിട്ടുണ്ട്. എന്നാല്‍, സംഭരിച്ച തക്കാളി സൂക്ഷിച്ചുവെക്കുന്നതിനും വിപണി സാധ്യത കണ്ടെത്തി വില ഉറപ്പാക്കുന്നതിനും കഴിയാത്ത സ്ഥിതിയുണ്ട്. ഇത് പരിഹരിക്കാനാണ് ശ്രമം. പമ്പ്ഹൗസുകള്‍, ശീതീകരണ മുറികള്‍, റീഫര്‍വാനുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിന് സഹകരണ സംഘങ്ങള്‍ക്ക് മുന്നിട്ടിറങ്ങാം. ഹോര്‍ട്ടികള്‍ച്ചര്‍ മിഷനാണ് ഇതിന്റെ മേല്‍നോട്ട ചുമതല. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഹകരണ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കും.

മറ്റുസാമ്പത്തികസഹായങ്ങള്‍: പ്രീകൂളിങ് യൂണിറ്റുകള്‍-8.5 ലക്ഷം രൂപ, ശീതീകരണ മുറി-5.5 ലക്ഷം രൂപ, ടൈപ്പ് വണ്‍ കോള്‍ഡ് സ്റ്റോറേജ്-2,800 രൂപ, റീഫര്‍വാന്‍-9.1 ലക്ഷം രൂപ, റൈപ്പനിങ് ചേംബര്‍-35,000 രൂപ, പ്രൈമറി മൊബൈല്‍ പ്രോസസിങ് യൂണിറ്റ്-10 ലക്ഷം രൂപ, പ്രിസര്‍വേഷന്‍ യൂണിറ്റ്-ഒരുലക്ഷം രൂപ.

Leave a Reply

Your email address will not be published.

Latest News