ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ പുതിയ ഉത്പാദന – വിപണന സംസ്കാരത്തിന് വഴിയൊരുക്കാൻ സഹകരണ സംഘങ്ങൾക്കു കഴിയും.

adminmoonam

ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ പുതിയ ഉത്പാദന – വിപണന സംസ്കാരത്തിന് വഴിയൊരുക്കാൻ സഹകരണസംഘങ്ങൾക്ക് സാധിക്കും.ജനങ്ങളുടെ നിക്ഷേപവും, സഹകാരികളുടെ നേതൃത്വവും, ജീവനക്കാരുടെ കൂട്ടായ്മയും ഒന്നിപ്പിക്കാൻ ആയാൽ കേരളത്തിലെ ഓരോ പഞ്ചായത്തിലും മികച്ച സഹകരണ ആശയങ്ങൾ നടപ്പാക്കാൻ സാധിക്കും. കേരളത്തിൻറെ അതിജീവനം സഹകരണ പ്രസ്ഥാനത്തിലൂടെ ഡോക്ടർ എം. രാമനുണ്ണിയുടെ ലേഖനം-17.

കർഷകർ ധാരാളമായി താമസിക്കുന്ന ഒരു പ്രദേശം. ഇത് നഗരഹൃദയത്തിൽ നിന്നും കേവലം എട്ടോ പത്തോ കിലോമീറ്റർ മാത്രം ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത് . സമീപത്തായി ഒരു മെഡിക്കൽ കോളേജ് ആശുപത്രിയും, കേന്ദ്രീയ വിദ്യാലയവും, പ്രധാനപ്പെട്ട ഷോപ്പിംഗ് മാളും .

സ്വാഭാവികമായും കൃഷിഭൂമി വിറ്റ് പണം വാങ്ങി, ഏതെങ്കിലും ഫ്ലാറ്റുകളിലോ, നഗരത്തിൽ തന്നെയോ. ചേക്കാറാൻ ഏറെ സാധ്യതയുള്ള പ്രദേശം . ഈ പ്രദേശത്തെ ചുറ്റിവരിഞ്ഞു കൊണ്ടാണ്, വർഷത്തിൽ ആറുമാസം വെള്ളം കയറിക്കിടക്കുന്ന നെൽപ്പാടങ്ങൾ . ഇതിനെയാണ് തൃശ്ശൂരിലെ കോൾനിലങ്ങൾ എന്ന് വിളിക്കുന്നത് . ഈ കോൾ നിലങ്ങളിൽ കൃഷിയിറക്കുന്നവരിൽ തദ്ദേശീയരും, മറ്റു പ്രദേശത്തുനിന്ന് കൃഷിക്കായി വരുന്നവരുമുണ്ട്. ഇത്തരം ഒരു പ്രദേശത്ത് കർഷകരെ കാർഷികവൃത്തിയിൽ തന്നെ നിലനിർത്തുകയെന്നത് ഏറെ ശ്രമകരമായ പ്രവൃത്തിയാണ് . അവിടെ 250 ലേറെ കർഷകർ എല്ലാവർഷവും കൃത്യമായി നേന്ത്രവാഴ കൃഷി ചെയ്യുന്നു. ചങ്ങാലിക്കോടൻ എന്നറിയപ്പെടുന്ന ഒരു ഇനം വളരെ ഫലപ്രദമായി ഈ പ്രദേശത്ത് കൃഷി ചെയ്യുന്നുണ്ട് . ഇതോടൊപ്പം തന്നെ പാളയംകോടൻ, കുന്നൻ, രസകദളി തുടങ്ങി ഒട്ടനവധി നാടൻ വാഴകളും കൃഷി ചെയ്യുന്നു.

മറ്റൊരു കൂട്ടം കർഷകർ തങ്ങളുടെ തൊടികളിൽ പോത്തിനെ വളർത്തുന്നു. ഇതുകൂടാതെ ആട്, മൂരി എന്നിവയെയും വളർത്തുന്നവർ ഉണ്ട്. സമീപത്തുള്ള നെൽവയലുകളിൽ നെല്ലും മീനും പദ്ധതിയുടെ ഭാഗമായി മീൻ വളർത്തലും സ്വാഭാവികമായിത്തന്നെ നടക്കുന്നു. ഇതോടൊപ്പം മറ്റു പ്രദേശങ്ങളിൽ നിന്നും നല്ല ഇനം മത്സ്യങ്ങളും ഇവിടെ കൊണ്ടുവന്നു വിൽക്കുന്നു . മിക്കവാറും വീടുകളിൽ തെങ്ങ് കൃഷി ചെയ്യുന്നത് ഇവിടെ സർവസാധാരണമാണ് . ഇവിടെ നിന്നും ലഭിക്കുന്ന തേങ്ങ ആട്ടി നല്ല വെളിച്ചെണ്ണ ഉണ്ടാക്കുന്നു.ഇതുപോലെ ഓരോ വീടുകളിലും ഭക്ഷ്യവിഭവങ്ങൾ ഉണ്ടാക്കുന്ന കുടുംബശ്രീ യൂണിറ്റുകളും ധാരാളമായുണ്ട് . കേരളത്തിലെ ഏതൊരു ഗ്രാമ പ്രദേശത്തെയും പോലെ തന്നെയാണ് ഈ പ്രദേശവും . ഇവിടെ ഉത്പാദകരായ കർഷകരുണ്ട് , കർഷകത്തൊഴിലാളികൾ ഉണ്ട്, ചെറുകിട വ്യാപാരികൾ ഉണ്ട് , ഉപഭോക്താക്കൾ ഉണ്ട് . ഇവരിൽ സർക്കാർ ഉദ്യോഗസ്ഥരും , വിദേശ മലയാളിയും, സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും, സ്വകാര്യ സംരംഭങ്ങൾ നടത്തുന്നവരുമുണ്ട്. ഇത്തരം സാഹചര്യങ്ങൾ ലഭ്യമല്ലാത്ത ഏതെങ്കിലും ഒരു പ്രദേശത്തെ കുറിച്ച് കേരളത്തിൽ നമുക്ക് ചിന്തിക്കാൻ കഴിയുമോ? അഥവാ കേരളത്തിൻറെ ഒരു പരിച്ഛേദമാണ് ഈ പഞ്ചായത്ത് . ഇവിടെ സഹകരണ സ്ഥാപനങ്ങൾ ഉണ്ട്, ബാങ്കുകൾ ഉണ്ട്, മറ്റെല്ലാ പൊതു സ്ഥാപനങ്ങളും ഉണ്ട് .

സമീപകാലത്തായി നബാർഡ്ൻറെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട തൃശ്ശൂർ പാഡി പ്രൊഡ്യൂസർ കമ്പനി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ്. കമ്പനിയുടെ ആസ്ഥാനം അടാട്ട് പഞ്ചായത്തിലെ മുതുവറയാണ് നേരത്തെ സൂചിപ്പിച്ച വിവിധ വിഭാഗം കർഷകർക്ക്, തങ്ങളുടെ ഉൽപന്നങ്ങൾ വിൽക്കുന്നതിന് ആവശ്യമായ ഒരു സൂപ്പർ മാർക്കറ്റ് ഇവിടെ സജ്ജീകരിച്ചിട്ടുണ്ട് . ഈ സൂപ്പർമാർക്കറ്റിനോട് ചേർന്ന് നാളികേരം കൊപ്ര ആക്കുന്നതിനും, കൊപ്ര വെളിച്ചെണ്ണ ആക്കുന്നതിനും, സൗകര്യങ്ങളുണ്ട് . ഈ വെളിച്ചെണ്ണ നിങ്ങൾക്ക് വീട്ടിൽ നിന്ന് കൊണ്ടുവരുന്ന കുപ്പികളിലും, പാത്രങ്ങളിലും വാങ്ങാവുന്നതാണ്. അതല്ലെങ്കിൽ സീൽ ചെയ്ത കുപ്പികളിൽ വിൽപ്പനക്ക് ലഭ്യമാണ്. ഇതുപോലെതന്നെ എള്ള് ആട്ടി എടുക്കുന്ന നല്ലെണ്ണയും ഇവിടെ ലഭിക്കുന്നു .

ഒരു കാലഘട്ടത്തിൽ കേരളത്തിൽ വ്യാപകമായി കൃഷി ചെയ്തിരുന്ന, കൊക്കോ ഇന്ന് കർഷകർ വെട്ടി കളഞ്ഞിരിക്കുന്നു. എന്നാൽ കൊക്കോയിൽ നിന്നും നമ്മുടെ കൺമുമ്പിൽ വച്ച്, വിവിധയിനം ചോക്കലേറ്റുകൾ ഉണ്ടാക്കി വിൽക്കുന്ന സംരംഭകനും ഇവിടെത്തന്നെയുണ്ട്. തവിടിന്റെ അംശം ഉള്ള ഗോതമ്പ് പൊടി ഉപയോഗിച്ച് ഉണ്ടാക്കുന്ന ബ്രെഡ്കളും ഇവിടെ ലഭ്യമാണ്. ബ്രഡ്, ബൺ,മിഠായികൾ, ബിസ്ക്കറ്റുകൾ എന്നിവയെല്ലാം ഇവിടെ നമ്മുടെ കൺമുമ്പിൽ തന്നെ ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്നു.

മറ്റൊരു ഭാഗത്ത് പോത്ത്, മൂരി എന്നിവയെ അറുത്ത മാംസം വിൽക്കുന്നു . ഇവിടെ തന്നെ മത്സ്യവും ലഭ്യമാണ്. ഇതിനോട് ചേർന്നുള്ള പച്ചക്കറി സ്റ്റാളിൽ, ആ പ്രദേശത്ത് കർഷകർ ഉൽപാദിപ്പിച്ച വിവിധയിനം പച്ചകറികളും , പഴവർഗങ്ങളും വിൽക്കുന്നു. വില്പനയ്ക്കായി ഒരുക്കിയ സ്റ്റാളിൽ നിൽക്കുന്നത് കർഷകരുടെ കുടുംബാംഗങ്ങൾ തന്നെയാണ് . ഇതോടൊപ്പം തന്നെ 30 രൂപയ്ക്ക് ഊണ് നൽകുന്ന കുടുംബശ്രീ കാൻറീൻ ഇവിടെത്തന്നെ സജ്ജീകരിച്ചിട്ടുണ്ട് .

വലിയ ഒരു സൂപ്പർ മാർക്കറ്റ് ഇതിൻറെ കേന്ദ്രസ്ഥാനത്ത് സ്ഥിതിചെയ്യുന്നു. ഇതോടൊപ്പം തന്നെ നഴ്സറി ചെടികളും, ഫലവൃക്ഷതൈകളും ഇവിടെ ലഭ്യമാണ്. ഈ നഴ്സറി നടത്തുന്നതും കർഷകർ തന്നെയാണ്. ഇത്തരത്തിൽ ഒരു കേന്ദ്രം സജ്ജീകരിക്കുന്നതിന് ആവശ്യമായ സ്ഥലം നൽകിയതും മറ്റൊരു കർഷകനാണ്. അദ്ദേഹം പ്രൊഡ്യൂസർ കമ്പനിയുടെ ഭാഗമാണ് . സാങ്കേതികവിദ്യ ഏറ്റവും ഫലപ്രദമായി പ്രയോഗിച്ചു സാധാരണക്കാർക്കുപോലും ചിട്ടപ്പെടുത്താൻ കഴിയുന്ന വിധത്തിൽ ശീതീകരണ( Cool chamber) സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട് . ഏഴു ദിവസം വരെ പച്ചക്കറികളും, പഴവർഗങ്ങളും കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഈ സംവിധാനം സഹായിക്കുന്നു. നെല്ലിക്ക, കാന്താരി മുളക്, മഞ്ഞൾ പൊടി എന്നിവ ചതച്ച് ഉണ്ടാക്കുന്ന നെല്ലിക്ക ജ്യൂസ് ഇവിടെ ലഭ്യമാണ്. തൃശ്ശൂർ പാഡി പ്രൊഡ്യൂസേഴ്സ് കമ്പനി നടത്തുന്ന ഈ സംരംഭം ആരംഭിച്ചിട്ട് കേവലം 8 മാസം മാത്രമേ ആയിട്ടുള്ളൂ. ഇതിനകം ഒട്ടനവധി സന്ദർശകർ, ഉപഭോക്താക്കൾ എന്നിവർ സ്ഥാപനത്തിൻറെ സേവനങ്ങൾ പ്രയോജനപ്പെടുത്തി കഴിഞ്ഞു.

ഇത്തരം സംരംഭങ്ങൾ ഓരോ പഞ്ചായത്തിലും ആരംഭിക്കുന്നതിന് അവിടുത്തെ സഹകരണസംഘത്തിന് മുൻകൈയെടുക്കാൻ കഴിയില്ലേ? സമീപത്തുള്ള ജനങ്ങളുടെ നിക്ഷേപവും, സഹകാരികളുടെ നേതൃത്വവും, ജീവനക്കാരുടെ കൂട്ടായ്മയും ഒന്നിപ്പിക്കാൻ ആയാൽ കേരളത്തിലെ ഓരോ പഞ്ചായത്തിലും ഇത്തരത്തിലുള്ള കേന്ദ്രങ്ങൾക്ക് സാധ്യതയുണ്ട്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളും, നഗരപ്രദേശങ്ങളുമായി ചേർന്നുകിടക്കുന്നു. ഗ്രാമത്തെയും നഗരത്തെയും തരംതിരിക്കാൻ കഴിയാത്തവിധം ഗ്രാഗരങ്ങളാണ് ഓരോ പ്രദേശങ്ങളും. ഉത്പാദകരായ കർഷകരും, അധ്വാനികളായ കർഷകത്തൊഴിലാളികളും , ഉപഭോക്താക്കളായ സർക്കാർ ഉദ്യോഗസ്ഥരും, ഇടത്തരക്കാരും, വിദേശ മലയാളികളും, ചെറുകിട കർഷകരും ലഭ്യമല്ലാത്ത ഒരു പ്രദേശവും നമ്മുടെ സംസ്ഥാനത്ത് കാണില്ല. ഇവരെ കൂട്ടിയിണക്കുന്ന സഹകരണ സ്ഥാപനങ്ങൾക്ക് തൃശ്ശൂർ പാഡി പ്രൊഡ്യൂസേഴ്സ് കമ്പനി ആരംഭിച്ച ഇത്തരം മാതൃകകൾ നമ്മുടെ ഓരോ ഗ്രാമങ്ങളിലും രൂപപ്പെടുത്താൻ ആവും.

ഇത്തരത്തിലുള്ള ഇടപെടൽ കൊണ്ട് വിപണി ഉറപ്പാക്കാനും, ഗുണമേന്മ ഉറപ്പാക്കാനും, തൊഴിൽ ലഭ്യമാക്കാനും, കഴിയുന്നതാണ്. ഈ നിലയിലുള്ള പരിശ്രമങ്ങൾ വരും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ പുതിയ ഉത്പാദന – വിപണന സംസ്കാരത്തിന് വഴിയൊരുക്കുമെന്ന് ഉറപ്പാണ്.
ഡോ .എം .രാമനുണ്ണി 9388555988

Leave a Reply

Your email address will not be published.

Latest News
error: Content is protected !!