ഉത്തരവ് തിരുത്തി; പെന്‍ഷന്‍ ബോര്‍ഡില്‍നിന്ന് പെന്‍ഷന്‍ സംഘടനാപ്രതിനിധികള്‍ പുറത്ത് 

moonamvazhi

സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡില്‍ പെന്‍ഷന്‍ സംഘടനാപ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് സര്‍ക്കാര്‍ തന്നെ തിരുത്തി. സംഘടനപ്രതിനിധി എന്നതിന് പകരം സഹകരണ പെന്‍ഷന്‍കാരുടെ പ്രതിനിധി എന്നാക്കിയാണ് ഉത്തരവ് മാറ്റിയിറക്കിയത്. പെന്‍ഷന്‍ ബോര്‍ഡില്‍ പെന്‍ഷന്‍കാരുടെ സംഘടനകളെ പ്രനിനിധീകരിക്കുന്ന ഒരാളെ ഉള്‍പ്പെടുത്തണമെന്ന ഏറെക്കാലമായി ഉന്നയിക്കുന്ന വിഷയമായിരുന്നു. ഹൈക്കോടതിയിലും ഇക്കാര്യം ആവശ്യപ്പെട്ടതാണ്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ‘പെന്‍ഷന്‍ സംഘടനാപ്രതിനിധി’യെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി 2023 മെയ് 31ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

പെന്‍ഷന്‍ പരിഷ്‌കരണവുമായി ബന്ധപ്പെട്ട പരാതിയിലാണ് ബോര്‍ഡില്‍ പ്രാതിനിധ്യവേണമെന്ന ആവശ്യം പെന്‍ഷന്‍ സംഘടനകള്‍ ഉന്നയിച്ചത്. ഇതിനെ ബോര്‍ഡ് ശക്തമായി എതിര്‍ത്തു. പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ തീരുമാനിക്കുന്ന സമിതിയില്‍ അവര്‍തന്നെ അംഗങ്ങളായാല്‍ അത് ബോര്‍ഡിന്റെ നിലനില്‍പ് അപകടത്തിലാക്കുമെന്നായിരുന്നു എതിര്‍ക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടിയത്. മാത്രവുമല്ല, സഹകരണ ജീവനക്കാരുടെ സംഘടനകളുടെ പ്രതിനിധികള്‍ ബോര്‍ഡിലുണ്ട്. ഇവരെല്ലാം ഭാവിയില്‍ പെന്‍ഷന്‍കാരായി മാറാനുള്ളതിനാല്‍ പെന്‍ഷകാരുടെ താല്‍പര്യം അവരുടെ പ്രാതിനിധ്യം ഇല്ലെങ്കിലും ബോര്‍ഡില്‍ സംരക്ഷിക്കപ്പെടുമെന്നായിരുന്നു വാദിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശം അനുസരിച്ച് സഹകരണ വകുപ്പ് നടത്തിയ ഹിയിറങ്ങിലാണ് ഇക്കാര്യങ്ങളെല്ലാം ഉന്നയിക്കപ്പെട്ടത്. ഇതെല്ലാം പരിശോധിച്ചാണ് പെന്‍ഷന്‍ സംഘടനാപ്രതിനിധികളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

സംഘടനാപ്രതിനിധികളാകുമ്പോള്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താനിടയുണ്ടെന്നതിനാല്‍ ഈ ഉത്തരവില്‍ ഇപ്പോള്‍ മാറ്റംവരുത്തിയെന്നാണ് ആക്ഷേപം. അതിനാല്‍, പെന്‍ഷന്‍കാരുടെ പ്രതിനിധിയാക്കി. ഇതിലേക്ക് ആരെവേണമെങ്കിലും നോമിനേറ്റ് ചെയ്യാന്‍ അധികാരമുണ്ടാകും. അവര്‍ സംഘടനയുടെ ഭാഗമല്ലെങ്കിലും പ്രശ്‌നമില്ല. ഇതാണ് ഉത്തരവ് തിരുത്തിയതിലൂടെ പെന്‍ഷന്‍ ബോര്‍ഡിനും സര്‍ക്കാരിനുമുള്ള നേട്ടം.

കേരളബാങ്ക് ജീവനക്കാരുടെയും മാനേജ്‌മെന്റിന്റെയും പ്രതിനിധികളായി രണ്ടുപേരെ പെന്‍ഷന്‍ ബോര്‍ഡ് ഭരണസമിതിയിലേക്ക് സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. കേരളബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.എസ്. ശ്യാംകുമാറിനെയാണ് ജീവനക്കാരുടെ പ്രതിനിധിയായി നിയമിച്ചത്. കേരളബാങ്ക് മാനേജ്‌മെന്റ് പ്രതിനിധിയായി ഡയറക്ടര്‍ സാബു എബ്രഹാമിനെയും നിയമിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!