സംഘങ്ങളുടെ ആസ്തിശോഷണത്തെ പേടിക്കണം

moonamvazhi

സഹകരണസംഘങ്ങളുടെ സാമ്പത്തികാരോഗ്യം ഏറെ ഗൗരവത്തോടെ പഠിക്കേണ്ടതും വിലയിരുത്തേണ്ടതുമായ ഘട്ടമാണിത്. പ്രത്യേകിച്ച് പ്രാഥമികമേഖലയില്‍. ഒട്ടേറെ പ്രാഥമിക സഹകരണ ബാങ്കുകളും സംഘങ്ങളും നിക്ഷേപം തിരിച്ചുകൊടുക്കാനാവാത്ത സ്ഥിതിയിലാണ്. സാമ്പത്തികക്രമക്കേടുകളുടെയും തട്ടിപ്പിന്റെയും പേരിലല്ല ഭൂരിഭാഗം സംഘങ്ങളും ഈ പ്രതിസന്ധി നേരിടുന്നത്. സംഘങ്ങളുടെ ആസ്തിയില്‍ ശോഷണം സംഭവിക്കുന്നതാണു കാരണം. സംസ്ഥാനത്തെ അഞ്ഞൂറിലധികം സഹകരണ ബാങ്കുകള്‍ നെഗറ്റീവ് നെറ്റ്‌വര്‍ത്തിലാണെന്നതു സംഭവത്തിന്റെ ഗൗരവം എത്രത്തോളം ഭീതിദമാണെന്നു വെളിവാക്കുന്നുണ്ട്. ഒരു സഹകരണസംഘത്തിന്റെ ഓഹരിയും ലാഭത്തില്‍നിന്ന് നീക്കിവെച്ച കരുതലും ആ സംഘം തിരിച്ചുനല്‍കേണ്ട മൂല്യത്തേക്കാള്‍ കുറവാകുന്നതാണു നെഗറ്റീവ് നെറ്റ്‌വര്‍ത്ത്. ഇതിനെ കേവലം ഏതെങ്കിലും സഹകരണസംഘത്തിന്റെ പോരായ്മയായി മാത്രം കണക്കാക്കാനാവില്ല. ആസ്തിശോഷണമെന്നതു പ്രവര്‍ത്തനത്തിലെ വീഴ്ചയ്ക്കൊപ്പം സഹകരണ സാമ്പത്തികമേഖലയില്‍ സാമൂഹികസാഹചര്യം മാറുന്നുവെന്നുകൂടി കാണിക്കുന്നു.

സഹകരണമേഖലയില്‍ കുടിശ്ശിക കൂടുന്ന പ്രവണത ഏറിവരികയാണ്. നല്‍കിയ വായ്പയില്‍ 40 ശതമാനത്തോളം കുടിശ്ശികയായി നില്‍ക്കുന്ന സംഘങ്ങള്‍ ഏറെയുണ്ട്. കുടിശ്ശിക പിരിച്ചെടുക്കാനായി നടപ്പാക്കുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഗുണകരമാണെങ്കിലും മാസങ്ങളോളം നീളുന്ന ഈ പദ്ധതി അതിനേക്കാളേറെ ദോഷമാവുകയും ചെയ്യും. വായ്പ തിരിച്ചടയ്ക്കാത്തവര്‍ക്ക് ആനുകൂല്യം നല്‍കുന്ന ഒരു പദ്ധതിയായി ഇതു മാറുന്നുണ്ട്. തിരിച്ചടവില്‍നിന്ന് ഇടപാടുകാരെ പിന്തിരിപ്പിക്കുന്ന പ്രവണത ഇതുണ്ടാക്കുന്നുണ്ടോയെന്നും സംശയിക്കണം. റിക്കവറി നടപടികള്‍ കാര്യക്ഷമമാകുന്നില്ല. വായ്പ കുടിശ്ശികയായിക്കഴിഞ്ഞാണു റിക്കവറിക്കുള്ള നടപടിയിലേക്കു സഹകരണസംഘങ്ങളും ബാങ്കുകളും കടക്കുന്നത്. വാണിജ്യ ബാങ്കുകള്‍ കുടിശ്ശികയാകുന്നതിനു മുമ്പുതന്നെ ഇതിനുള്ള ഒരുക്കം തുടങ്ങും. മാത്രവുമല്ല, സഹകരണ ബാങ്കുകളിലെ റിക്കവറി നടപടികള്‍ക്കു സഹകരണവകുപ്പില്‍നിന്നുള്ള പിന്തുണയും കുറവാണ്. സംഘങ്ങള്‍ നടത്തുന്ന ചിട്ടികളിലും തവണകള്‍ മുടങ്ങുന്ന പ്രവണത കൂടുന്നുണ്ട്. ഇങ്ങനെ തവണ മുടക്കിയവര്‍ക്കും വീതപ്പലിശ നല്‍കുന്ന രീതിയും സഹകരണസംഘങ്ങളിലുണ്ട്. പിരിഞ്ഞുകിട്ടാത്ത പലിശ വരുമാനമായി കണക്കാക്കി ലാഭവിഭജനം നടത്തുന്ന രീതിയും സംഘങ്ങളിലുണ്ട്. ഇത്തരത്തില്‍ കിട്ടാത്ത പലിശ വരുമാനമായി കാണിക്കുമ്പോള്‍ അതിനു തുല്യമായ തുക കരുതല്‍ വെക്കണം. സംഘങ്ങളെ ലാഭത്തിലാക്കാന്‍വേണ്ടി ആ കരുതല്‍ ഇളവ് ചെയ്തുകൊടുക്കുന്ന രീതിയാണു സമീപകാലത്തു സ്വീകരിച്ചത്. ഇതു താല്‍ക്കാലികമായി നേട്ടമുണ്ടാക്കുമെങ്കിലും സംഘങ്ങളുടെ സാമ്പത്തികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന അവസ്ഥയിലേക്കു കൊണ്ടുചെന്നെത്തിക്കും. ഇക്കാരണങ്ങളെല്ലാം സംഘങ്ങളില്‍ ആസ്തിശോഷണത്തിനു വഴിവെക്കുന്നതാണ്.

ഭാവിയില്‍ സഹകരണമേഖലയുടെ നട്ടെല്ലുതന്നെ പൊട്ടിപ്പോകുന്ന ഈ പ്രവണത പഠിച്ച് തിരുത്താന്‍ ശ്രമമുണ്ടാകണം. അതുണ്ടാകുന്നില്ലെന്നതു ഖേദകരമാണെന്നു മാത്രമല്ല, പേടിപ്പിക്കുന്ന അവസ്ഥകൂടിയാണ്. പുതിയ ക്ലാസിഫിക്കേഷന്‍ വ്യവസ്ഥയുടെ കരടു നിര്‍ദേശമനുസരിച്ച്, ക്ലാസ് വണ്‍ സൂപ്പര്‍ഗ്രേഡ് ബാങ്കിനു ലാഭമോ നഷ്ടമോ ഇല്ലാതെ പ്രവര്‍ത്തിക്കണമെങ്കില്‍ അതിലെ ജീവനക്കാര്‍ക്ക് ആളോഹരി 300 ലക്ഷം രൂപയുടെ പ്രതിമാസ വായ്പയുണ്ടാക്കാനാവണം. ഈ വായ്പയ്ക്കു നിക്ഷേപത്തിനു നല്‍കുന്ന വായ്പയേക്കാള്‍ 3.25 ശതമാനം അധികംപലിശ നേടാനുമാവണം. ഈ വായ്പ കുടിശ്ശികയില്ലാതെ പിരിഞ്ഞുകിട്ടുകയും വേണം. പല സംഘങ്ങള്‍ക്കും ഇതു സാധ്യമാവില്ല. ഇതിനു പുറമെയാണു സര്‍ക്കാരില്‍നിന്നു ലഭിക്കേണ്ട ഫണ്ടുകളുടെ കുടിശ്ശിക. 6000 കോടി രൂപയോളം ഇപ്പോള്‍ സഹകരണസംഘങ്ങള്‍ക്കു വിവിധ കണക്കുകളിലായി സര്‍ക്കാര്‍ നല്‍കാനുണ്ട്. ഇതെല്ലാം സഹകരണമേഖലയെ അപകടത്തിലേക്കു നയിക്കുമെന്ന സൂചന പ്രകടമായിത്തുടങ്ങിയിരിക്കുന്നു. പഠിക്കാനും തിരുത്താനും കാലോചിതമായി ഇടപെട്ട് വരുമാനം കൂട്ടാനും ശോഷണം തടയാനും സംഘങ്ങള്‍ക്കു കഴിയണം. അതിനുള്ള അറിവ് നേടാന്‍ ഭരണസമിതിയംഗങ്ങളും ജീവനക്കാരും മനസ്സുവെക്കണം.

– എഡിറ്റര്‍

(മൂന്നാംവഴി എഡിറ്റോറിയൽ ജൂൺ ലക്കം 2024)